ഭക്ഷണ കഴിച്ചശേഷം കിടക്കുന്നതും ഇരിക്കുന്നതും സ്വാഭാവികമായ കാര്യമാണ്. എന്നാൽ, നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ അല്ല വിശ്രമിക്കേണ്ടതെന്നും കുറച്ചു സമയത്തിനുശേഷമാണെന്നും പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നിധി.എസ്. ”ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയത്തേക്ക് നമ്മൾ ഇരിക്കരുത്. തീർച്ചയായും, അത്താഴത്തിനും ഇത് ബാധകമാണ്,” അവർ പറഞ്ഞു. എന്നാൽ എന്തുകൊണ്ട് അങ്ങനെ?.
നിധി പറയുന്നതനുസരിച്ച് ഭക്ഷണം കഴിച്ച ഉടൻ ഈ 3 കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ല.
- ഭക്ഷണത്തിനുശേഷം ഇരിക്കുക
ഭക്ഷണത്തിനു ശേഷം ദഹന അവയവങ്ങളിലെ രക്തത്തിന്റെ അളവ് വർധിക്കുന്നു. ഇതിന് മിതമായ ശരീര ചലനം ആവശ്യമാണ്. അതിലൂടെ അവയവങ്ങളിലേക്ക് ശരിയായ അളവിൽ രക്തം ഒഴുകുന്നു. ഇരിക്കുന്നത് ചലനശേഷി കുറയ്ക്കുകയും ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു.
- ഉറക്കം
ഉറക്കം ദഹനനാളത്തിന്റെ ചലനത്തെ മന്ദഗതിയിലാക്കുന്നു, ഭക്ഷണം എളുപ്പത്തിൽ ദഹിക്കാതെ ദഹനക്കേടിന് കാരണമാകുന്നു.
- ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുക
ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നത് ആമാശയത്തിൽ ഭക്ഷണം അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നു, പ്രത്യേകിച്ച് ദഹനക്കേടും ദുർബലമായ ശരീരഘടനയുമുള്ള ആളുകൾക്ക്. ഗ്യാസ്ട്രിക് ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാക്കുന്നു.
എന്താണ് ചെയ്യേണ്ടത്?
നിൽക്കുക/നടക്കുക: ഭക്ഷണത്തിന് ശേഷം നിൽക്കുന്നത് ഒരു നല്ല തിരഞ്ഞെടുപ്പാണ്. കലോറി ഇല്ലാതാക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുന്നതാണ് മറ്റൊരു നേട്ടം.
ചെയ്യാവുന്ന ചില കാര്യങ്ങൾ
- അടുക്കള വേഗം വൃത്തിയാക്കുക
- ഒരു ചെറിയ നടത്തം
- നടന്നുകൊണ്ട് ഇഷ്ടമുള്ളവരുമായി ഫോണിൽ സംസാരിക്കുക
- നടന്നുകൊണ്ടോ നിന്നുകൊണ്ടോ സോഷ്യൽ മീഡിയയിലെ ഇഷ്ടപ്പെട്ട റീലുകൾ ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യാം
- ഭക്ഷണത്തിനുശേഷം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന സുഹൃത്തുക്കളെ ടാഗ് ചെയ്യാം
ഭക്ഷണത്തിനു ശേഷമുള്ള നടത്തത്തിന്റെ ദൈർഘ്യം, തീവ്രത, സമയം എന്നിവ ഒരു വ്യക്തി പരിഗണിക്കണമെന്ന് മെഡിക്കൽന്യൂസ്ടുഡേ ഡോട് കോം പറയുന്നു. ഭക്ഷണത്തിന് ശേഷമുള്ള ചെറിയ നടത്തത്തിന് വിവിധ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് വെബ്സൈറ്റ് പറയുന്നു. എന്നാൽ, കഠിനമായ വ്യായാമം ശുപാർശ ചെയ്യുന്നില്ല. ഒരു വ്യക്തി ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ വായിൽ ദഹനപ്രക്രിയ ആരംഭിക്കുകയും പിന്നീട് മണിക്കൂറുകളോളം തുടരുകയും ചെയ്യും. തീവ്രവും കഠിനവുമായ വ്യായാമം ദഹനപ്രശ്നത്തിന് കാരണമാകുമെന്ന് വെബ്സൈറ്റിൽ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.