ചായയോ കാപ്പിയോ കുടിച്ച് ഒരു ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇവയ്ക്കു പകരം മികച്ചൊരു ഓപ്ഷൻ പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ. ചായയ്ക്കും കാപ്പിക്കും പകരം വാഴപ്പഴമോ, കുതിർത്ത ബദാമോ, കുതിർത്ത ഉണക്ക മുന്തിരിയോ കഴിച്ച് ദിവസം തുടങ്ങണമെന്നാണ് അവർ പറഞ്ഞിരിക്കുന്നത്.
”ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ്, വയറു വീർക്കൽ എന്നിവ നേരിടുന്നവരോ, ഊർജം കുറവാണെങ്കിലോ, ഭക്ഷണത്തിന് ശേഷം ആസക്തി ഉണ്ടെങ്കിലോ, മലബന്ധം ഉണ്ടെങ്കിലോ, വാഴപ്പഴം കഴിച്ച് ദിവസം ആരംഭിക്കുക. വാഴപ്പഴം ഇഷ്ടമല്ലാത്തവർ പ്രാദേശികമായി ലഭിക്കുന്ന സീസണൽ പഴങ്ങൾ കഴിക്കുക,” അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
എന്തുകൊണ്ട് വാഴപ്പഴം കഴിക്കണമെന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്. ദഹനപ്രശ്നങ്ങൾ ഉള്ളവർക്കും അല്ലെങ്കിൽ പഞ്ചസാര ആസക്തിയുള്ളവർക്കും ഭക്ഷണത്തിന് ശേഷം വാഴപ്പഴം മികച്ചതാണ്. ഏത് ഇനം വാഴപ്പഴവും ആകാമെന്ന് അവർ പറഞ്ഞു. മറ്റൊരു ഓപ്ഷൻ കുതിർത്ത ഉണക്ക മുന്തിരിയാണ്. ദിവസവും രാവിലെ 6-7 കറുത്ത കുതിർത്ത ഉണക്ക മുന്തിരി കഴിക്കാൻ അവർ നിർദേശിച്ചു.
മൂന്നാമത്തെ ഓപ്ഷൻ കുതിർത്ത ബദാമാണ്. 4-5 കുതിർത്ത ബദാം തൊലി നീക്കം ചെയ്ത് രാവിലെ കഴിക്കുക. ഇൻസുലിൻ പ്രതിരോധത്തിനും പ്രമേഹം, പിസിഒഡി അല്ലെങ്കിൽ മോശം ഉറക്ക നിലവാരമുള്ളവർക്കും ഇത് മികച്ചതാണ്.
രാവിലെ പിന്തുടരണമെന്ന് ദിവേകർ നിർദേശിക്കുന്ന മറ്റു ചില കാര്യങ്ങൾ
- ഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് കഴിഞ്ഞ് ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കുന്നത് കുഴപ്പമില്ല.
- ഒരു ഗ്ലാസ് (മാത്രം) പ്ലെയിൻ വെള്ളം കുടിക്കുക, എന്നിട്ട് ഭക്ഷണം കഴിക്കുക.
- ഭക്ഷണത്തിന് ശേഷം 15-20 മിനിറ്റിനുള്ളിൽ വർക്ക്ഔട്ട് / യോഗ മുതലായവ ചെയ്യാം.
- വർക്ക്ഔട്ട് ചെയ്യുന്നില്ലെങ്കിൽ, എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കാം.
- ഉണക്കമുന്തിരിക്കൊപ്പം കുതിർത്ത വെള്ളവും കുടിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.