അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്തതാണ് പച്ചമുളക്. ഭക്ഷണത്തിൽ എരിവ് കിട്ടാനായാണ് പച്ചമുളക് ഉപയോഗിക്കുന്നതെങ്കിലും ആരോഗ്യത്തിനും വളരെ നല്ലതാണിത്. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പച്ചമുളക് വളരെ ആരോഗ്യകരമാണ്. മുളകിൽ കാപ്സെയ്‌സിൻ അടങ്ങിയിട്ടുണ്ട്. ചിലർ പച്ചമുളക് വെറുതെ കഴിക്കാറുണ്ട്. അത് ഇഷ്ടമില്ലാത്തവർക്ക് പച്ചമുളക് വറുത്തെടുത്ത് സലാഡുകൾക്കൊപ്പം സൈഡ് ഡിഷായും കഴിക്കാം.

അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ ഒരാളുടെ ഡയറ്റിൽ പച്ചമുളക് ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഓറഞ്ചിനേക്കാൾ ആറിരട്ടി വിറ്റാമിൻ സി നൽകുന്ന പച്ചമുളക് പോഷകാഹാരത്തിന്റെ സമൃദ്ധമായ ഉറവിടമാണെന്ന് നിങ്ങൾക്കറിയാമോ?. വിറ്റാമിൻ എ, ബി 2, ബി 6, നിയാസിൻ, ഫൊലേറ്റ് എന്നിവയും നൽകുന്നു. ഇവയെല്ലാം ശരീരത്തിന് പ്രധാനമാണ്, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നിങ്ങളുടെ ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ

1. നിറയെ നാരുകൾ അടങ്ങിയതിനാൽ പച്ചമുളക് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് പ്രധാനമാണ്.

2. വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ സമൃദ്ധമായ ഉറവിടമായതിനാൽ പച്ചമുളക് ചർമത്തിന് തിളക്കം നൽകുന്നു.

3. പച്ചമുളകിൽ ഉയർന്ന അളവിൽ വെളളവും കലോറിയും അടങ്ങിയിട്ടുണ്ട്. ഇതു ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു.

4. ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ, എൻഡോർഫിൻസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പച്ചമുളക്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

5.പച്ചമുളക് പതിവായി കഴിക്കുന്നത് ഇൻസുലിൻ അളവ് നിയന്ത്രിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനം ചെയ്യാൻ സഹായിക്കുന്നു.

6. പച്ചമുളക് പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

7. പച്ചമുളകിലെ കാപ്സെയ്‌സിൻ ജലദോഷം, സൈനസ് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

8. പച്ചമുളക് അയണിന്റെ സ്വാഭാവിക ഉറവിടമാണ്. അയൺ കുറവുളളവർ പച്ചമുളക് കഴിക്കുന്നത് ഇത് കൂട്ടാൻ സഹായിക്കും.

9. പച്ചമുളകിൽ വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥിക്ഷതമുണ്ടാകാനുളള സാധ്യത കുറയ്ക്കാനും പരുക്കേൽക്കുമ്പോൾ അപകടകരമായ രക്തസ്രാവം കുറയ്ക്കാനും സഹായിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook