നാവിലും ചുണ്ടുകളിലും തൊണ്ടയിലും ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ ചില ആളുകൾ പൈനാപ്പിൾ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാൽ വളരെ എളുപ്പമായൊരു വഴിയിലൂടെ ഇത് പരിഹരിക്കാം. അതിലൂടെ പോഷകങ്ങളും രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും അടങ്ങിയ പൈനാപ്പിളിന്റെ അസംഖ്യം ഗുണങ്ങൾ ആസ്വദിക്കാനാകും.
പൈനാപ്പിൾ ഒരാളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ വിവിധ കാരണങ്ങളെക്കുറിച്ച് ന്യൂയോർക്ക് ആസ്ഥാനമായുള്ള ലൈസൻസുള്ള അക്യുപങ്ചറിസ്റ്റ് ഡോ. ലില്ലി ചോയ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. ”പരമ്പരാഗത ചൈനീസ് മെഡിസിൻ അനുസരിച്ച്, പൈനാപ്പിൾ ആമാശയത്തിനും വൃക്കകൾക്കും മികച്ചതാണ്, കൂടാതെ ഊർജം നൽകുകയും ദാഹം ശമിപ്പിക്കുകയും ചെയ്യുന്നു. എനിക്ക് പൈനാപ്പിൾ ഇഷ്ടമാണ്, കാരണം അതിൽ ആരോഗ്യം വർധിപ്പിക്കുന്ന വിറ്റാമിനുകളായ സി, ബി6, മാംഗനീസ്, പൊട്ടാസ്യം, റൈബോഫ്ലേവിൻ, ഇരുമ്പ് എന്നിവയും അതിലേറെയും അടങ്ങിയിട്ടുണ്ട്,” അവർ പറഞ്ഞു.
ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൈനാപ്പിൾ വായിലും തൊണ്ടയിലും ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ പലരും ഈ പഴം ഒഴിവാക്കുന്നുവെന്ന് ഡോ.ചോയ് വ്യക്തമാക്കി. പ്രോട്ടീൻ ദഹിപ്പിക്കുന്ന എൻസൈമായ ബ്രോമെലൈനിന്റെ സാന്നിധ്യം മൂലമാണ് ഈ ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്നും ബ്രോമെലൈൻ എൻസൈമുകളെ നിർജീവമാക്കാൻ ഉപ്പ് സഹായിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ, ചെറിയ അളവിൽ ഉപ്പ് ചേർക്കുന്നത് പഴം കൂടുതൽ രുചികരമാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഉപ്പ് എങ്ങനെ ചേർക്കാം?
പൈനാപ്പിൾ മുറിച്ച് 1-2 കപ്പ് വെള്ളത്തിൽ മുക്കിവയ്ക്കുക
1 ടേബിൾ സ്പൂൺ ഉപ്പ് ചേർക്കുക
ഏകദേശം ഒരു മിനിറ്റിനുശേഷം കഴിക്കുക
അമിനോ ആസിഡുകളുടെയും കൊളാജന്റെയും പ്രവർത്തനമാണ് അസംസ്കൃത പൈനാപ്പിൾ കഴിക്കുമ്പോൾ വായിലെ ചൊറിച്ചിലും പ്രകോപിപ്പിക്കലിനും കാരണമാകുന്നതെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ബാംഗ്ലൂരിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.പ്രിയങ്ക റോത്തഗി പറഞ്ഞു. പൈനാപ്പിൾ ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുകയോ 60 ഡിഗ്രി വരെ വേവിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്നത് അലർജിയുടെയും പാർശ്വഫലങ്ങളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.