ഫിറ്റ്നസ് യാത്രയിൽ ശരീര ഭാരം കുറയ്ക്കാനായി പലവിധ ഡയറ്റുകളും പാനീയങ്ങളും പലരും പരീക്ഷിച്ചു നോക്കാറുണ്ട്. അതിൽ പ്രധാനമാണ് ഗ്രീൻ ടീ. ശരീര ഭാരം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കുമെന്ന വിശ്വാസം പൊതുവെ നിലനിൽക്കുന്നുണ്ട്. അതു മാത്രമല്ല, ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടം ഉൾപ്പെടെയുള്ള മറ്റ് നിരവധി ആരോഗ്യ ഗുണങ്ങൾക്കും ഇത് പ്രശസ്തമാണ്. എന്നാൽ, അധിക ശരീര ഭാരം കുറയ്ക്കാൻ ഗ്രീ ടീ ശരിക്കും സഹായിക്കുമോ?. ന്യൂട്രീഷ്യനിസ്റ്റും ഡയറ്റ് വിദഗ്ധയുമായ ഗരിമ ഗോയൽ ഇതിനുള്ള മറുപടി നൽകും.
”ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് പറയപ്പെടുന്നു. ശരീരത്തിലെ ഊർജം പുറത്തുവിടാനും കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഇത് സഹായിക്കുന്നുവെന്നാണ് ഇതിനർത്ഥം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന രണ്ട് സജീവ ഘടകങ്ങളായ കഫീൻ, കാറ്റെച്ചിൻ എന്നിവയാണ് ഇതിന് കാരണമാകുന്നത്. കൊഴുപ്പ് സമാഹരിക്കാനും അധിക കൊഴുപ്പ് ഇല്ലാതാക്കാനും അവ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു,” അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ കാരണമാകുമെന്ന് സിദ്ധാന്തങ്ങൾ നിർദേശിക്കുമ്പോൾ, തെളിവുകൾ ക്ലിനിക്കലി പ്രാധാന്യമുള്ളതല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. ഗ്രീൻ ടീയെക്കുറിച്ചുള്ള മിക്ക അവകാശവാദങ്ങളും വ്യക്തമായ ഫലങ്ങളൊന്നുമില്ലാതെ സൈദ്ധാന്തികമാണ്. വിവിധ ഇടങ്ങളിൽ ഗ്രീൻ ടീ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നുള്ള നിരവധി ഉപദേശങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ പെട്ടെന്നുള്ള മാറ്റം പൊതുവെ സാധ്യമല്ലെന്നത് ശ്രദ്ധിക്കുക, പ്രത്യേകിച്ച് ഒരു പ്രത്യേക തരം ചായ കുടിക്കുന്നതിലൂടെ,” അവർ വിശദീകരിച്ചു. ശരീര തരം അനുസരിച്ചുള്ള ആരോഗ്യകരമായ ഡയറ്റിലൂടെ ശരീര ഭാരം കുറയ്ക്കാൻ സാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഗ്രീൻ കുടിക്കുന്നതുകൊണ്ട് ഗുണമുണ്ടോ?
”ഒരു പരിധി വരെ, അതെ എന്നു പറയാം. ഗ്രീൻ ടീയിൽ പോളിഫെനോൾ, കഫീൻ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്, അവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ഫ്രീ റാഡിക്കൽ പ്രതിപ്രവർത്തനങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും. ഫ്രീ റാഡിക്കൽ പ്രതിപ്രവർത്തനങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് തടയുന്നതിലൂടെ പല വിട്ടുമാറാത്ത വൈകല്യങ്ങളെയും അകറ്റി നിർത്താം. പക്ഷേ, ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഓർമിക്കുക,” അവർ പറഞ്ഞു.
എത്ര അളവ് കുടിക്കാം?
ഗ്രീൻ ടീ കുടിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും പ്രതിദിനം ഒന്നോ രണ്ടോ കപ്പ് മതിയാകുമെന്ന് അവർ പറഞ്ഞു. ഭക്ഷണവും ഗ്രീൻ ടീയും തമ്മിലുള്ള അകലം നിലനിർത്താനും അവർ നിർദേശിച്ചു, കാരണം ഗ്രീൻ ടീയിലെ (അല്ലെങ്കിൽ ഏതെങ്കിലും ചായ) സംയുക്തങ്ങൾ ഭക്ഷണത്തിൽ നിന്ന് ചില പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടഞ്ഞേക്കാം. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഗ്രീൻ ടീ ഫലം നൽകിയേക്കില്ല. പക്ഷേ, ഇത് ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഒരു ബോണസ് മാർഗമാണ്,” അവർ പറഞ്ഞു.