ശൈത്യകാലമെത്തിയതോടെ ജലദോഷം പിടിച്ചേക്കുമെന്ന് ഭയന്ന് പലരും തണുത്ത വെളളം, ഐസ്ക്രീം എന്നിവയെല്ലാം ഉപേക്ഷിക്കുകയാണ് പതിവ്. ചിലരാകട്ടെ ചില പഴവർഗങ്ങൾ തന്നെ വേണ്ടെന്നു വയ്ക്കാറുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ഫലമാണ് ജലദോഷം പിടികൂടുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല.
ഈ സീസണിൽ ഒഴിച്ചു കൂടാനാവാത്തൊരു പഴവർഗമാണ് ഓറഞ്ച്. എന്നാൽ ഇപ്പോൾ ഓറഞ്ച് കഴിക്കാമോയെന്നു ചിലർക്കൊക്കെ സംശയമുണ്ട്. ഓറഞ്ചിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ശൈത്യകാല രോഗങ്ങളെ അകറ്റി നിർത്താൻ ഇത് സഹായിക്കുന്നു. അതുകൊണ്ടാണ് നല്ല ആരോഗ്യത്തിന് ഒരു ദിവസം കുറഞ്ഞത് ഒരു ഓറഞ്ചെങ്കിലും കഴിക്കണമെന്ന് പറയുന്നത്.
ഓറഞ്ചിന്റെ ഗുണങ്ങൾ
ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഓറഞ്ച്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പതിവായി ഓറഞ്ച് കഴിക്കുക. ഇതിലൂടെ ഒന്നോ രണ്ടോ കിലോ വളരെ എളുപ്പത്തിൽ കുറയ്ക്കാനാവും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പ് ശമിപ്പിക്കുകയും അമിതഭക്ഷണം തടയുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഓറഞ്ചിലെ നാരുകൾ ദഹനവ്യവസ്ഥയ്ക്കും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ നല്ല ആരോഗ്യം നിലനിർത്താൻ നാരുകൾ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കുന്നു.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും പൊട്ടാസ്യം രക്തസമ്മർദത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി കൂട്ടും. കാൽസ്യത്താൽ സമ്പന്നമായ ഓറഞ്ച് എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിൻ സി ശരീരത്തിലെ വെളുത്ത കോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തിലെ കഫം പുറന്തള്ളുന്നു, അതേസമയം വിറ്റാമിൻ സി കഫം വർധിക്കുന്നത് തടയുന്നു. അതിനാൽ, ഓറഞ്ച് പതിവായി കഴിക്കുന്നത് വൈറൽ അണുബാധയെ അകറ്റിനിർത്തും. വിറ്റാമിൻ സിയുടെ ഗുണങ്ങൾ നിങ്ങൾക്ക് വേണമെങ്കിൽ ദിവസവും ഓറഞ്ച് കഴിക്കുക.
ഓറഞ്ച് പതിവായി കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ വരാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കും.