ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ കുടിച്ചാണ് മിക്കവരുടെയും ഒരു ദിവസം തുടങ്ങുന്നത്. പലർക്കും അതൊരു വർഷങ്ങളായുള്ള ശീലമാണ്. എന്നാൽ ഈ ശീലം ശരീര ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചായ പലരുടെയും ഇഷ്ട പാനീയമാണ്. എന്നാൽ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നത് വയറിനെ അസ്വസ്ഥമാക്കാം. ദഹനപ്രക്രിയയെ മോശമായി ബാധിക്കാമെന്ന് ന്യൂട്രസി ലൈഫ്സ്റ്റൈലിന്റെ സിഇഒയും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ.രോഹിണി പാട്ടീൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനു മുൻപ് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
രാവിലെ ചായ കുടിക്കുമ്പോൾ വായിൽ നിന്നുള്ള ബാക്ടീരിയയെ കുടലിലേക്ക് എത്തിക്കും. ഇത് ഉപാപചയപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ദഹനക്കേടും നെഞ്ചെരിച്ചിലും ഉണ്ടാക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. കഫീന്‍ ഒരു ഡൈയൂററ്റിക് സ്വഭാവമുള്ളതിനാൽ നിർജലീകരണത്തിന് കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. കരിഷ്മ ഷാ അഭിപ്രായപ്പെട്ടു. രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ സഹായകരമാകുമെന്ന് അവർ നിർദേശിച്ചു.
”ചായയുടെയും കാപ്പിയുടെയും പിഎച്ച് മൂല്യം യഥാക്രമം 4 ഉം 5 ഉം ആണ്, അതിനാൽ അവ അസിഡിറ്റിക്ക് കാരണമാകും. മാത്രമല്ല, ദീർഘനാൾ വെറും വയറ്റിൽ ഇവ കുടിക്കുന്നത് നെഞ്ചെരിച്ചിലോ അൾസറോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇവ കുടിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആസിഡ് ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കും,” ഡോ.ഗരിമ ഗോയൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ.രുചിക ജെയിനും ഇക്കാര്യം സമ്മതിച്ചു. രാത്രി ഉറങ്ങുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന നിര്‍ജലീകരണം കാരണം രാവിലെ എഴുന്നേറ്റ ഉടൻ ആദ്യം തന്നെ വെള്ളം കുടിക്കണമെന്ന് അവർ പറഞ്ഞു. അതിരാവിലെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം വർധിക്കുകയും നെഞ്ചെരിച്ചിൽ, അസിഡിറ്റി, തലവേദന എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. കുടൽ വൃത്തിയാക്കുന്നതിലൂടെ മലബന്ധം മൂലം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുമെന്നും അവർ പറഞ്ഞു.