കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ക്ഡൗണിലായതിനാല്‍ അധികമാളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയമാണ്. കഴുത്തും പുറംവേദനയുമൊക്കെ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ മണിക്കൂറുകളോളം ലാപ്ടോപ്പുമായ് കിടക്കയില്‍ ഇരിക്കും. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒരേ ഇരിപ്പ് തുടരുന്ന സാഹചര്യവുമുണ്ടാകും.

കിടക്കയില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായ് ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജോലി ചെയ്യുമ്പോള്‍ ശരീരം വളഞ്ഞിരിക്കുന്നത് നട്ടെല്ലിനെ പ്രതികൂലമായ് ബാധിക്കും. “പുസ്തകം വായിക്കുമ്പോഴോ ലാപ്ടോപ്പ് ഉപയോഗിച്ച് ജോലി ചെയ്യുമ്പോഴോ കിടക്കയില്‍ ഇരിക്കുന്നതിനെ ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാറില്ല. കിടക്കയില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിനാവശ്യമായ സപ്പോര്‍ട്ട് കിട്ടുന്നില്ല. ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ വളഞ്ഞിരിക്കുന്നത് നട്ടെല്ലിന് ദോഷം ചെയ്യും. തുടക്കത്തില്‍ പേശി വേദന, പുറംവേദന, കാലുവേദന എന്നിങ്ങനെയൊക്കെ അനുഭവപ്പെടുകയും പിന്നീടും ഇതേ രീതിയില്‍ തന്നെ ഇരുന്ന് ജോലി തുടരുന്നത് ഡിസ്ക്കിനെ ബാധിക്കുകയും സ്ഥിതി ഗുരുതരമാവുകയും ചെയ്യും.” കല്യാണിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ സ്പൈന്‍ സര്‍ജനായ ഡോ.കെ.എസ്.രാഘവേന്ദ്ര ഇന്ത്യന്‍എക്സ്പ്രസിനോട് പറഞ്ഞു.

നട്ടെല്ലിലെ ഡിസ്ക്കിന്‍റെ ഉള്ളിലുള്ള മൃദുവായ ഭാഗം അതിനെ പൊതിഞ്ഞ് നില്‍ക്കുന്ന കട്ടിയുളള ഭാഗത്തിലുണ്ടാകുന്ന വിള്ളലിലൂടെ പുറത്തേക്ക് വരുമ്പോഴാണ് ഡിസ്ക്ക് തെന്നുന്ന അവസ്ഥയുണ്ടാകുന്നത്. ഈ അവസ്ഥ ശരീരത്തില്‍ മരവിപ്പും വേദനയുമുണ്ടാക്കും.

ഉറക്കത്തിനും തടസ്സമുണ്ടാകും

കിടക്കയിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉറക്കത്തിനുളള സമയവും ജോലി ചെയ്യുന്നതിനുളള സമയവും വേര്‍തിരിച്ചെടുക്കാനാവാതെ വരും. “ഒരു പ്രത്യേക പ്രവര്‍ത്തിയുമായ് മസ്തിഷ്കം ഒരു സ്ഥലത്തെ ബന്ധപ്പെടുത്തിയിട്ടുണ്ടാവും. കിടക്കയില്‍ ഇരുന്ന് ജോലി ചെയ്യുകയും ഉറങ്ങുകയും ചെയ്യുമ്പോള്‍ മസ്തിഷ്ക്കത്തിനുണ്ടാകുന്ന ആശയക്കുഴപ്പം ഉറക്കത്തിന്‍റെ ആഴത്തെ പ്രതികൂലമായ് ബാധിക്കും” യുകെയിലുള്ള മെട്രോ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സൈക്കോളജിസ്റ്റായ ഷാര്‍ലെറ്റ് ആര്‍മിറ്റേഗ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ജോലി ചെയ്യുന്നതിന് വീട്ടില്‍ ഒരു സ്ഥലം കണ്ടെത്തുക. അതൊരു ഡസ്ക്കാണെങ്കില്‍ അത്രയും നല്ലത്. അതുപോലെ തന്നെ കിടക്ക ഉറങ്ങാന്‍ മാത്രമായ് മാറ്റിവയ്ക്കുക.

Read Also: ടവലുകൾ അണുവിമുക്തമാക്കുന്നതിനുളള ടിപ്‌സുകള്‍

കൂടാതെ കഴുത്തിനും തോളിനും വേദനയുള്ള രോഗികള്‍ പൊതുവെ ഉറക്കക്കുറവുള്ളവരാണ്. പേശികള്‍ക്ക് വിശ്രമിക്കാനും ആവശ്യാനുസരണം വികസിക്കാനും സങ്കോചിക്കാനും അവസരം ലഭിക്കാതെ വന്നാല്‍ അതും ഉറക്കക്കുറവിന് കാരണമാകുമെന്ന് ഡോ.രാഘവേന്ദ്ര പറയുന്നു.

കിടക്കയിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍‌

കിടക്കയിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യമാണെങ്കില്‍, ഡോക്ടര്‍ നിര്‍ദേശിച്ചത് പോലെ നിവര്‍ന്നിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഡോ.രാഘവേന്ദ്ര നല്‍കുന്ന നിര്‍ദേശങ്ങളിങ്ങനെയാണ്, “ശരീരത്തിന് വേണ്ട കൃത്യമായ സപ്പോര്‍ട്ട് കൊടുക്കുക. കഴുത്ത് വളയാതെയിരിക്കാന്‍ ലാപ്ടോപ് തലയ്ക്ക് സമാന്തരമായ് വയ്ക്കുക. കഴുത്തും തലയും നട്ടെല്ലും ഒരേ നേര്‍രേഖയില്‍ വരുന്നതാണ് ശരിയായ ഇരിപ്പ്. കാലുകള്‍ നേരെ വച്ച് മുട്ട് ചെറുതായ് മാത്രം മടക്കി ഇരിക്കുക. ഒരേ സ്ഥിതിയില്‍ ദീര്‍ഘനേരം ഇരിക്കരുത്. ഇടയ്ക്കിടയ്ക്ക് ഇരിക്കുന്നതിന്‍റെ രീതി മാറ്റുക. ഇടയ്ക്ക് എഴുന്നേറ്റ് ഒരു അഞ്ചു മിനിറ്റെങ്കിലും നടക്കാന്‍ ശ്രമിക്കുക, അതുപോലെ തന്നെ കൈയ്യും കാലുമൊക്കെ ഒന്ന് നിവര്‍ത്തിയതിന് ശേഷം വീണ്ടും ജോലി തുടരുക. രാവിലെയും വൈകിട്ടും 30 മിനിറ്റെങ്കിലും ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും ഏറെ ഗുണം ചെയ്യും.”

Read in English: Work from home: Why you should avoid sitting on the bed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook