പതിവായി ക്ഷീണം അനുഭവപ്പെടുന്നുവെങ്കിൽ, നഖങ്ങൾ പൊട്ടുന്നുണ്ടെങ്കിൽ, ഭക്ഷണേതര വസ്തുക്കളോട് ആഗ്രഹമുണ്ടെങ്കിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്.
”ഇരുമ്പിന്റെ കുറവ് ഉണ്ടെങ്കിൽ ക്ഷീണം, മുടികൊഴിച്ചിൽ, പൊട്ടുന്ന നഖങ്ങൾ, കൂടാതെ ചോക്ക്, അസംസ്‌കൃത അരി, സോപ്പ് തുടങ്ങിയ ഭക്ഷണേതര വസ്തുക്കളോട് ആസക്തി പോലും അനുഭവപ്പെടും,” ന്യൂട്രീഷ്യനിസ്റ്റ് സിമ്രുൺ ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള കാരണങ്ങളും അവർ പറഞ്ഞിട്ടുണ്ട്.
- ഭക്ഷണത്തോടൊപ്പം കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക. ഇതിൽ ചായ, കാപ്പി, ഗ്രീൻ ടീ അല്ലെങ്കിൽ കഫീൻ ഉള്ള എന്തും ഉൾപ്പെടുന്നു. കഫീൻ, ടാന്നിൻസ്, പോളിഫെനോൾ എന്നിവ ഇരുമ്പ് ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു.
- സസ്യാഹാരികൾക്ക് ഇരുമ്പിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അവർ പറഞ്ഞു. ഇരുമ്പ് നന്നായി ആഗിരണം ചെയ്യുന്നതിന് ഭക്ഷണത്തിനും കഫീൻ അടങ്ങിയ പാനീയങ്ങൾക്കും ഇടയിൽ ഒരു മണിക്കൂർ ഇടവേള വേണമെന്നും അവർ പറഞ്ഞു. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം ചായയോ കാപ്പിയോ കുടിക്കാം.
- ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിൽ വിറ്റാമിൻ സി ചേർക്കുന്നില്ല. ഭക്ഷണത്തിൽ വിറ്റാമിൻ സി ചേർക്കുന്നത് ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
- ദഹന സമയത്ത് ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ. ദഹന സംബന്ധമായ തകരാറുകൾ, സീലിയാക് രോഗം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.
ഈ കാരണങ്ങൾക്ക് പുറമേ, ഇരുമ്പിന്റെ കുറവിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഇല്ലാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി. “ഗർഭിണികളോ, ആർത്തവ സമയത്ത് അമിത രക്തസ്രാവമോ ഉള്ള സ്ത്രീകൾ, കുട്ടികൾ, സസ്യാഹാരികൾ/വീഗൻ എന്നിവരിൽ ഇരുമ്പിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്,” അവർ പറഞ്ഞു.
വെജിറ്റേറിയൻ/വീഗൻ ആണെങ്കിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ അല്ലെങ്കിൽ സപ്ലിമെന്റോ കഴിക്കണമെന്ന് അവർ നിർദേശിച്ചു. “നിങ്ങൾക്ക് ഇരുമ്പിന്റെ കുറവുണ്ടെങ്കിൽ കഫീൻ കുറയ്ക്കുക. കൂടാതെ, ഒരു വർഷം വരെ ഓരോ 6 മാസം കൂടുമ്പോൾ ഇരുമ്പിന്റെ അളവ് പരിശോധിക്കുക,” അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.