രാവിലെ ക്ലോക്കിന്റെ അലാറം കേട്ടായിരിക്കും പലരും ഉറക്കമുണരുന്നത്. എന്നാൽ, ഉന്മേഷത്തോടെ ഉണരുന്നതിനു പകരം നിങ്ങൾക്ക് ദേഷ്യമായിരിക്കും തോന്നുക. മതിയായ ഉറക്കം കിട്ടിയില്ലെന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടാകുന്നു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ശരീരത്തിന് ഭാരം അനുഭവപ്പെടുന്നു. ജനൽ ചില്ലുകൾക്കിടയിലൂടെ സൂര്യപ്രകാശം കാണുന്നുണ്ടെങ്കിലും നിങ്ങൾക്ക് നെഗറ്റീവ് ചിന്തകളുണ്ടാകുന്നു.
പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ടോ? ഉന്മേഷവും ഊർജസ്വലതയും തോന്നുന്നതിനുപകരം മോശം മാനസികാവസ്ഥയിൽ ഉണരാറുണ്ടോ? അതെ എന്നാണെങ്കിൽ, നിരവധി ഘടകങ്ങൾ അതിനു കാരണമായിരിക്കാം.
”ചില ആളുകൾ പലവിധ കാരണങ്ങൾ കൊണ്ട് രാവിലെ മോശം മാനസികാവസ്ഥയിൽ ഉറക്കമുണരാം. ഇത് മോശം ഉറക്കം, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ, അല്ലെങ്കിൽ സമ്മർദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ കൊണ്ടായിരിക്കാം. മോശം ഭക്ഷണക്രമം, ഉദാസീനത, അമിതമായ മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ചില ജീവിതശൈലി തിരഞ്ഞെടുപ്പുകൾ നിങ്ങൾ ഉണരുമ്പോഴുള്ള മാനസികാവസ്ഥയെ ബാധിക്കും,” ന്യൂഡൽഹിയിലെ പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ജെറിയാട്രിക് മെഡിസിൻ വകുപ്പിന്റെ മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.വിജയ് കുമാർ ഗുർജർ പറഞ്ഞു.
രാവിലെ മോശം മാനസികാവസ്ഥയിൽ ഉണരുന്നത് ചില ഉറക്ക തകരാറുകളുടെ ലക്ഷണമാകാമെന്ന് വിദഗ്ധൻ പറഞ്ഞു. ”ഉറക്കം തൂങ്ങുക, പകൽ സമയത്ത് അമിത ക്ഷീണം, ദീർഘകാല ക്ഷീണം, രാത്രിയിൽ പലതവണ ഉറക്കമുണരുക, കൂർക്കം വലിക്കൽ ഇവയൊക്കെ ചില ലക്ഷണങ്ങളാണ്. പകൽ സമയത്തെ ക്ഷീണം, ഏകാഗ്രതയില്ലായ്മ, പെട്ടെന്ന് ദേഷ്യം വരിക ഇവയും മറ്റു ഉറക്ക തകരാറുകളുടെ ലക്ഷണങ്ങളാണ്. നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരു ഡോക്ടറോട് ഉറപ്പായും സംസാരിക്കണം,” അദ്ദേഹം പറഞ്ഞു.
ഒരാൾ മിക്കവാറും ദിവസങ്ങളിൽ മോശം മാനസികാവസ്ഥയിലാണ് ഉറക്കമുണരുന്നതെങ്കിൽ, അതവരുടെ ജീവിതശൈലി ശീലങ്ങൾ കാരണമാകാം. ഈ സാഹചര്യത്തിൽ മെഡിക്കൽ സഹായം തേടേണ്ടത് അത്യാവശ്യമാണെന്ന് ജയ്പൂരിലെ നാരായണ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പൾമോണോളജി കൺസൾട്ടന്റ് ഡോ.ശിവാനി സ്വാമി പറഞ്ഞു. ”ക്ഷീണം, ഉത്കണ്ഠ, സമ്മർദം, ജീവിതശൈലി ശീലങ്ങൾ (അമിത മദ്യപാനം, പുകയില ഉപഭോഗം, കഫീൻ) എന്നിവയാകാം മോശം മാനസികാവസ്ഥയ്ക്ക് കാരണം. ഹോർമോൺ അസന്തുലിതാവസ്ഥ, വിട്ടുമാറാത്ത വേദന എന്നിവയും ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിക്കും. ഒരു വ്യക്തിക്ക് നെഗറ്റീവ് ചിന്തകളോ നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നതും മോശം മാനസികാവസ്ഥയിൽ ഉറക്കമുണരുന്നതിന് കാരണമാകും.”
വ്യക്തിത്വ സവിശേഷതകളും ശാരീരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നങ്ങളും പോലുള്ള കാരണങ്ങളാൽ ചില ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് നെഗറ്റീവ് മാനസികാവസ്ഥയിൽ ഉണരാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ഗുരുഗ്രാമിലെ സൈക്യാട്രി ആൻഡ് ക്ലിനിക്കൽ സൈക്കോളജി നാരായണ സൂപ്പർസ്പെസിലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ.രാഹുൽ റായ് കക്കർ അഭിപ്രായപ്പെട്ടു.
എല്ലാ ദിവസവും സന്തോഷത്തോടെയും ഉന്മേഷത്തോടെയും ഉണരാൻ ചിലപ്പോൾ കഴിഞ്ഞേക്കില്ല. ജീവിത സാഹചര്യങ്ങളും ബാഹ്യ ഘടകങ്ങളും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നുണ്ട്. ഡോ.കക്കറിന്റെ അഭിപ്രായത്തിൽ നിങ്ങൾ പരിശീലിക്കേണ്ട ശീലങ്ങൾ ഇവയാണ്.
- സ്ഥിരമായ ഉറക്ക ദിനചര്യ പിന്തുടരുക
- ഉറങ്ങാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക
- യോഗ, പ്രാണായാമം, ധ്യാനം പോലെ മനസിനെ ശാന്തമാക്കുന്ന കാര്യങ്ങൾ പരിശീലിക്കുക
- ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്ക്രീൻ സമയം കുറയ്ക്കുക
- നല്ല ഉറക്കത്തിന് അമിതമായി ഭക്ഷണം കഴിക്കുക, മദ്യപാനം, കഫീൻ ഉപയോഗം എന്നിവ ഒഴിവാക്കുക
- ദിവസവും വ്യായാമം ചെയ്യുക
- പകൽ സമയത്തെ ഉറക്കം ഒഴിവാക്കുക