തൈറോയ്ഡ് രോഗബാധിതർക്ക് അവരുടെ ഭക്ഷണക്രമത്തെക്കുറിച്ച് ചില ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ചുള്ള സംശയം പലരും പങ്കുവയ്ക്കാറുണ്ട്. കാബേജ്, കോളിഫ്ലവർ, ഗോതമ്പ് പോലുള്ള ഭക്ഷണങ്ങൾ അവർ ഒഴിവാക്കാറുണ്ട്. ഇതിന്റെ ആവശ്യമുണ്ടോ?.
തൈറോയ്ഡ് തകരാറുകൾ ഏത് പ്രായത്തിലും വരാം. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. നഗര ജനസംഖ്യയുടെ 10-19 ശതമാനം പേർക്ക് തൈറോയ്ഡ് സംബന്ധമായ തകരാറുകളുണ്ടെന്നാണ് ഇന്ത്യൻ പഠനങ്ങൾ സൂചിപ്പിക്കുന്നത്. തൈറോയ്ഡ് തകരാറുകൾ ജീവിതശൈലി വൈകല്യങ്ങളല്ലെന്നും തൈറോയ്ഡ് രോഗത്തിന് പ്രത്യേക ഭക്ഷണക്രമം ശുപാർശ ചെയ്തിട്ടില്ലെന്നും ഡോ.അബ്രിഷ് മിട്ടൽ പറഞ്ഞു.
അയഡിൻ
തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനത്തിന് അവശ്യ ഘടകമാണ് അയഡിൻ. ഹൈപ്പോതൈറോയിഡിസത്തിന് ലെവോതൈറോക്സിൻ നിർദേശിച്ചിട്ടുണ്ടെങ്കിൽ, അധിക അയഡിൻ സപ്ലിമെന്റേഷൻ ആവശ്യമില്ല. അതേസമയം, സാധാരണ അയോഡൈസ്ഡ് ഉപ്പ് കഴിക്കുന്നത് നല്ലതാണ്. ഹൈപ്പർതൈറോയിഡിസം ഉണ്ടെങ്കിൽ, അധിക അയഡിൻ ശുപാർശ ചെയ്യുന്നില്ല, അതിനാൽ അധിക ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുക.
സെലിനിയം
തൈറോയ്ഡ് ഗ്രന്ഥിയിലെ ആന്റിഓക്‌സിഡന്റായി പ്രവർത്തിച്ച് തൈറോയ്ഡ് ഹോർമോൺ സമന്വയം സുഗമമാക്കുകയും ചെയ്യുന്ന ഒരു പ്രധാന ഘടകമാണ് സെലിനിയം. ചില പഠനങ്ങളിൽ സെലിനിയം സപ്ലിമെന്റേഷൻ തൈറോയ്ഡ് ആന്റിബോഡികൾ കുറയ്ക്കുന്നതായി കാണിക്കുന്നു. എന്നാൽ തൈറോയ്ഡ് രോഗത്തിന്റെ ചികിത്സയിലോ പ്രതിരോധത്തിലോ അതിന്റെ പങ്കിനുള്ള തെളിവുകൾ കുറവാണ്. ചിക്കൻ, ട്യൂണ, പനീർ, കൂൺ, സ്പിനച് എന്നിവയിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. പാലിലും തൈരിലും ഇത് കാണാവുന്നതാണ്. നിങ്ങൾക്ക് ഒരു സാധാരണ സമീകൃതാഹാരം ഉണ്ടെങ്കിൽ, സെലിനിയത്തിന്റെ കൗണ്ടർ സപ്ലിമെന്റേഷൻ ആവശ്യമില്ല.
പാൽ
തൈറോയ്ഡ് രോഗികൾ പാലോ പാലുൽപ്പന്നങ്ങളോ ഉപേക്ഷിക്കേണ്ടതില്ല. പാൽ ഇതരമാർഗങ്ങളിൽ പൊതുവെ അയഡിന്റെ അളവ് കുറവാണ്. ഇവ പതിവായി കഴിക്കുകയാണെങ്കിൽ, സമീകൃതാഹാരം കഴിക്കുകയോ അല്ലെങ്കിൽ മതിയായ മൈക്രോ ന്യൂട്രിയന്റ് പോഷകാഹാരം ഉറപ്പാക്കാൻ സപ്ലിമെന്റുകൾ കഴിക്കുകയോ ചെയ്യുക.
ക്രൂസിഫറസ് പച്ചക്കറികൾ
കാബേജ്, ബ്രൊക്കോളി, ബ്രസൽസ് സ്പ്രൗട്സ്, കോളിഫ്ലവർ (ക്രൂസിഫറസ് പച്ചക്കറികൾ) എന്നിവ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകുകയോ അത് വർധിപ്പിക്കുകയോ ചെയ്യുന്നില്ല. അവയിൽ ഗോയിട്രോജൻ ഉണ്ട് (തൈറോയ്ഡ് ഗ്രന്ഥിയുടെ വലിപ്പം കൂട്ടുന്ന പദാർത്ഥങ്ങൾ), എന്നാൽ ഈ പദാർത്ഥങ്ങൾ സാധാരണയായി പാചകം ചെയ്യുമ്പോൾ നഷ്ടപ്പെടും. ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ ഈ പച്ചക്കറികൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ല.
ഗ്ലൂട്ടൻ
ഗ്ലൂറ്റൻ (ഗോതമ്പ്, ബാർലി) ഹൈപ്പോതൈറോയിഡ് രോഗികൾ ഒഴിവാക്കണം എന്നത് ഒരു തെറ്റിദ്ധാരണയാണ്. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് തകരാറുകൾ സീലിയാക് രോഗവുമായി ബന്ധപ്പെട്ടിരിക്കാമെങ്കിലും ഗ്ലൂറ്റൻ തൈറോയ്ഡ് രോഗത്തെ വഷളാക്കുന്നില്ല. ഗ്ലൂറ്റൻ സഹിഷ്ണുതയുള്ളവർക്കും സീലിയാക് ഡിസീസ്/ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി ഇല്ലാത്തവർക്കും ഇത് സുരക്ഷിതമായി കഴിക്കാവുന്നതാണ്.
ഹൈപ്പോതൈറോയിഡിസം ഉള്ളവർ എന്തൊക്കെ ഒഴിവാക്കണം?
ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ, തൈറോക്സിൻ ഗുളികകൾ കഴിച്ചതിന് ശേഷം ഏകദേശം നാലോ ആറോ മണിക്കൂർ സോയ പ്രോട്ടീൻ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ, മരുന്നുകൾ കഴിക്കുന്നവർ, പ്രത്യേകിച്ച് കാൽസ്യം അല്ലെങ്കിൽ ഇരുമ്പ്, അവയും തൈറോക്സിൻ കഴിച്ച് കുറഞ്ഞത് നാല് മണിക്കൂർ കഴിഞ്ഞ് കഴിക്കണം. നേരത്തെ കഴിച്ചാൽ, തൈറോക്സിൻ ആഗിരണത്തെ തടസപ്പെടുത്തും.
ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ അയഡിൻ, സെലിനിയം അല്ലെങ്കിൽ സിങ്ക് പോലുള്ള തൈറോയ്ഡ് മരുന്നുകൾ കഴിക്കരുത്. പഞ്ചസാരയും പൂരിത കൊഴുപ്പും അടങ്ങിയ ഭക്ഷണവും ഒഴിവാക്കുക. തൈറോക്‌സിൻ ഗുളിക രാവിലെ വെറും വയറ്റിൽ കഴിക്കുക. അടുത്ത 45 മിനിറ്റിനുള്ളിൽ ഒന്നും കഴിക്കരുത്.