സ്ത്രീകളുടെ യോനിയുടെ പുറം ഭാഗമായ വൾവയിൽ ലാബിയ മജോറ, ലാബിയ മൈനോറ, ക്ലിറ്റോറിസ്, കൂടാതെ യോനിയിലേക്കുള്ള പ്രവേശന സ്ഥലം എന്നിവ ഉൾപ്പെടുന്നു. വിവിധ കാരണങ്ങളാൽ, പല സ്ത്രീകൾക്കും അവരുടെ യോനിയുടെ പുറം ഭാഗത്ത് അസ്വസ്ഥത, കുത്തുന്ന വേദന, പുകച്ചിൽ തുടങ്ങിയവ അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ ഇത് വളരെ അസ്വാസ്ഥ്യമുണ്ടാക്കിയേക്കാം, “ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതോ അല്ലെങ്കിൽ ഇരിക്കുന്നതോ പോലും അസഹനീയമായേക്കാം” ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റട്രീഷനുമായ ഡോ.ജാഗൃതി വർഷ്നി പറഞ്ഞു.
ഈ ലക്ഷണങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
ഈ ലക്ഷണങ്ങൾ വൾവോഡിനിയ എന്ന രോഗാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. വൾവയിൽ മൂന്ന് മാസം വരെ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വേദനയാണ് വൾവോഡിനിയ. “പല കാരണങ്ങൾകൊണ്ട് വൾവോഡിനിയ ഉണ്ടാകാം. സാധാരണയായി പരിക്കുകൾ, യോനിയിലെ അണുബാധ, അലർജികൾ, സെൻസിറ്റീവ് ചർമ്മം, പേശികളുടെ രോഗാവസ്ഥ, ലിഗമെന്റുകൾ, ഗർഭപാത്രം അല്ലെങ്കിൽ മറ്റ് ജനനേന്ദ്രിയ അവയവങ്ങളുടെ ബലഹീനത എന്നിവ ഇതിൽ ഉൾപ്പെടുന്നവെന്ന്,” ഡോ.വർഷ്നി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
പല തരത്തിൽ വേദന ഉണ്ടാകാം. സ്പർശം മൂലം, ലൈംഗികബന്ധം, ആർത്തവ കപ്പുകളോ ടാംപണുകളോ ഉപയോഗിക്കുമ്പോൾ, കൂടുതൽ നേരം ഇരിക്കുക, വാജിനിസ്മസ് (യോനിയിലെ പേശികളുടെ വലിച്ചിൽ), ആർത്തവം, മൂത്രമൊഴിക്കുക എന്നിവ ചെയ്യുമ്പോൾ വേദന അനുഭവപ്പെടാം.
വൾവോഡിനിയയുടെ പ്രധാന ലക്ഷണങ്ങൾ:
വേദന
കുത്തൽ
പുകച്ചിൽ
ചൊറിച്ചിൽ
വേദനാജനകമായ ലൈംഗികബന്ധം (ഡിസ്പാറൂനിയ)
വീക്കം
വൾവോഡിനിയയുമായി ബന്ധപ്പെട്ട വേദന ഇടയ്ക്കിടെയോ സ്ഥിരമായോ ഉണ്ടാകാം. മാത്രമല്ല, ഇത് വൾവയുടെ മുഴുവൻ ഭാഗത്തും (വൾവാർ ഏരിയ) അല്ലെങ്കിൽ ഒരു പ്രത്യേക ഭാഗത്ത് മാത്രമായും അനുഭവപ്പെടാം.
ചികിത്സ
രോഗലക്ഷണങ്ങളിൽനിന്നു മോചനം നേടുക എന്നതാണ് വൾവോഡിനിയ ചികിത്സയുടെ പ്രധാന ലക്ഷ്യം.
- ട്രൈസൈക്ലിക് ആന്റീഡിപ്രസന്റുകൾ, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ആൻറികൺവൾസന്റ് പോലുള്ള മരുന്നുകൾക്ക് വിട്ടുമാറാത്ത വേദന കുറയ്ക്കാൻ കഴിയും. ആന്റിഹിസ്റ്റാമൈനുകൾ ചൊറിച്ചിൽ കുറയ്ക്കും.
- ബയോഫീഡ്ബാക്ക് തെറാപ്പി വഴി പെൽവിക് പേശികളിൽ അയവ് വരുത്തി വേദന കുറയ്ക്കാൻ സഹായിക്കും.
- ലിഡോകൈൻ ഓയിന്‍റ്മെന്‍റ് ഉപയോഗിക്കുന്നത് അസ്വസ്ഥത കുറയ്ക്കും.
- ദീർഘകാല വേദനയുള്ള, മറ്റു ചികിത്സകളിൽ ഫലം ലഭിക്കാത്ത സ്ത്രീകൾക്ക് ലോക്കൽ നെർവ് ബ്ലോക്ക് കുത്തിവയ്പ്പുകൾ ഉപയോഗിക്കാം.
- പെൽവിക് ഫ്ലോർ തെറാപ്പിയിലൂടെ പെൽവിസ് പേശികളിൽ അയവ് വരുത്തി രോഗലക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
- വേദന ബാധിച്ച ചർമ്മവും ടിഷ്യുവും നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയിലൂടെ വേദന ഒഴിവാക്കാം.
മറ്റു മാർഗങ്ങളായ കോൾഡ് കംപ്രഷൻ (തണുത്തവെള്ളത്തിൽ മുക്കിയ തുണിയുടെയോ, ഐസ് പാക്കുകളുടെയോ ഉപയോഗം), ചൂടുവെള്ളത്തിലുള്ള കുളി, ലൂബ്രിക്കന്റുകളുടെ ഉപയോഗം എന്നിവ താൽക്കാലികമായി വേദന ഒഴിവാക്കും. അയഞ്ഞ വസ്ത്രങ്ങളും കോട്ടന്‍ അടിവസ്ത്രങ്ങളും ധരിക്കുക.
യോനി വൃത്തിയാക്കാനായി സുഗന്ധമുള്ള ശുചിത്വ ഉൽപ്പന്നങ്ങൾ (വൾവ ജെല്ലുകൾ) ഉപയോഗിക്കുന്നത് ഒഴിവാക്കുക, എന്നിങ്ങനെയുള്ള ജീവിതശൈലി മാറ്റങ്ങൾ വരുത്താമെന്ന്, ഡോ.വർഷ്നി നിർദ്ദേശിച്ചു. “നിങ്ങൾക്ക് വൾവോഡിനിയ ഉണ്ടെങ്കിൽ, ലജ്ജ കാരണം ചികിത്സ തേടാതിരിക്കരുത്. നിങ്ങളുടെ ഡോക്ടർക്ക് വേദനയുടെ കാരണം കൃത്യമായി തിരിച്ചറിയാനും അതിനനുസരിച്ച് ചികിത്സിക്കാനും കഴിയും, ” ഡോ.വർഷ്നി പറഞ്ഞു.