വാഴയില ഇല്ലാതെ മലയാളികൾക്ക് സദ്യയില്ല. വാഴയിലയിൽ വിളമ്പുന്ന സദ്യയുടെ മണവും രുചിയും ഒന്നു വേറെ തന്നെയാണ്. സദ്യ ആസ്വദിച്ച് കഴിക്കുമ്പോൾ എപ്പോഴെങ്കിലും വാഴയിലയിൽ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
ലോഹ പാത്രങ്ങൾ ഉണ്ടാകുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ വാഴയില ഉപയോഗിച്ച് തുടങ്ങിയതായി ‘ജേണൽ ഓഫ് എത്നിക് ഫുഡ്സി’ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. വാഴയിലയിൽ ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചും അതിൽ പറയുന്നുണ്ട്.
രോഗങ്ങളിൽനിന്നും സംരക്ഷിക്കുന്നു
വാഴയിലയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്ന ഒരു തരം ആന്റിഓക്സിഡന്റുകളാണിവ. ഇലയിൽ വിളമ്പുന്ന ഭക്ഷണം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന പോളിഫെനോളുകളെ ആഗിരണം ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ആന്റി ബാക്ടീരിയൽ
വാഴയിലകൾ ആന്റി ബാക്ടീരിയൽ ആണെന്നും ഭക്ഷണത്തിലുള്ള അണുക്കളെ നശിപ്പിക്കുമെന്നും പറയപ്പെടുന്നു.
കൂടുതൽ ശുചിത്വം
പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ അവയിൽ രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ വാഴയിലയിൽ സ്വാഭാവികമായി മെഴുക് പോലെയുള്ള ഒരു പദാർത്ഥം പൂശിയിരിക്കുന്നു. ഭക്ഷണം അതിന്റെ ഉപരിതലത്തിൽ പറ്റിപിടിച്ചിരിക്കുന്നത് ഇത് തടയുന്നു. അതിനാൽ, ഇലകൾ കഴുകുന്നത് എളുപ്പമാണ് (വെറും വെള്ളത്തിൽ കഴുകിയാൽ മതിയാകും). പുനരുപയോഗത്തിന് കൂടുതൽ ശുചിത്വമാണ്.
ഈ ആരോഗ്യ ഗുണങ്ങൾ കൂടാതെ, വാഴയിലയെ ജനപ്രിയമാക്കുന്ന മറ്റു ഗുണങ്ങളുമുണ്ട്. ഒന്ന്, ലോഹവും ഗ്ലാസ് പ്ലേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ലാഭകരമാണ്. രണ്ടാമതായി, വാഴയിലകൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാണ്, പ്രത്യേകിച്ച് പേപ്പർ പ്ലേറ്റുകളുമായും ഡിസ്പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റുകളുമായും താരതമ്യപ്പെടുത്തുമ്പോൾ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.