അഡ്വിൽ അല്ലെങ്കിൽ മോട്രിൻ (ibuprofen) പോലുള്ള സാധാരണ വേദനയ്ക്കുള്ള മരുന്നുകൾ കഴിക്കുന്നത് പ്രമേഹരോഗികളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമോ?. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഹൃദയസംബന്ധമായ തകരാറുമായി ബന്ധപ്പെട്ട് ആദ്യമായി ആശുപത്രിയിൽ പ്രവേശിക്കുന്നവരിൽ നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ (NSAIDs) ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം പറയുന്നു. ഇതിന് കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികളിൽ ഹൃദ്രോഗ സാധ്യത കണ്ടെത്തിയില്ലെങ്കിൽപ്പോലും ഇക്കാര്യം പിന്തുടരുന്നത് നല്ലതായിരിക്കുമെന്ന് അവർ നിർദേശിച്ചു.
പ്രമേഹ രോഗികൾ അഡ്വിൽ പോലുള്ള വേദനസംഹാരികൾ കഴിക്കുമ്പോൾ വളരെ ജാഗ്രത പാലിക്കണമെന്നും ഈ മരുന്നുകൾ കൊറോണറി രോഗാവസ്ഥയുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ന്യൂഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്‌സിലെ എൻഡോക്രൈനോളജിയിലെ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.ഛാവി അഗർവാൾ പറഞ്ഞു.
ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണോ?
ടൈപ്പ് 2 പ്രമേഹമുള്ള എല്ലാ രോഗികൾക്കും കൊറോണറി ആർട്ടറി രോഗം മുതൽ ഹൃദയസ്തംഭനം വരെയുള്ള ഏതെങ്കിലും തരത്തിലുള്ള ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
അഡ്വിൽ അല്ലെങ്കിൽ മോട്രിൻ പോലുള്ള പോലുള്ള സാധാരണ വേദന മരുന്നുകൾ കഴിക്കുന്നത് ഈ അപകടസാധ്യത വർധിപ്പിക്കുന്നത് എങ്ങനെയാണ്?
പ്രമേഹരോഗികൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത പ്രമേഹമില്ലാത്ത ഒരാളെക്കാൾ പത്തിരട്ടി കൂടുതലാണ്. പ്രമേഹ രോഗികൾ അഡ്വിൽ പോലുള്ള വേദന സംഹാരികളായ മരുന്നുകൾ കഴിക്കുമ്പോൾ വളരെ ജാഗ്രത പാലിക്കണം. ഇബുപ്രോഫെൻ പോലുള്ള മരുന്നുകൾ കഴിക്കുന്നത് പ്രമേഹരോഗികളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതൽ വർധിപ്പിക്കും.
ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ ഇബുപ്രോഫെൻ പോലുള്ള മരുന്നുകൾ കഴിക്കുന്നതിനു മുൻപ് അവരുടെ ഡോക്ടർമാരുമായി സംസാരിക്കേണ്ടത് എന്തുകൊണ്ട്, പ്രത്യേകിച്ചും അവർ പ്രായമായവരാണെങ്കിൽ അല്ലെങ്കിൽ അവരുടെ പ്രമേഹം നിയന്ത്രണത്തിലല്ലെങ്കിൽ?
ശരീരത്തിലെ എൻസൈമിനെ (COX2) തടഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എഐഡിഎസ് എന്ന മരുന്നുകളുടെ ഒരു വിഭാഗത്തിൽ പെട്ടതാണ് ഇബുപ്രോഫെൻ. ഈ എൻസൈമിന്റെ തടസം ഹൃദയാഘാതം ഉണ്ടാകാനുള്ള ഉയർന്ന സാധ്യതകളിലേക്ക് നയിക്കുന്നു. ഹൃദയ തകരാറുകൾക്കു പുറമേ, ഈ എൻഎസ്എഐഡിഎസുകൾ നെഫ്രോടോക്സിക് ആയതിനാൽ വൃക്കകളുടെ പ്രവർത്തനത്തെ കൂടുതൽ വഷളാക്കും. പ്രമേഹരോഗികൾ വിട്ടുമാറാത്ത വൃക്കരോഗത്തിന് വിധേയരായതിനാൽ, ഈ മരുന്നിന്റെ ദീർഘകാല ഉപയോഗം കൂടുതൽ ഹാനികരമാക്കിയേക്കാം.
ഏത് പ്രായത്തിലുള്ളവരാണ് ഈ ഗുളികകൾ കഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്?
എല്ലാ പ്രമേഹരോഗികളും, പ്രത്യേകിച്ച് ദീർഘകാലമായി രോഗമുള്ളവരും പ്രമേഹം നിയന്ത്രണത്തിലല്ലാത്തവരും ഈ മരുന്നുകൾ കഴിക്കുന്നതിനു മുൻപ് അവരുടെ എൻഡോക്രൈനോളജിസ്റ്റുമായി ബന്ധപ്പെടണം.
ഈ മരുന്നുകൾക്ക് പകരം കഴിക്കാവുന്നത് എന്തായിരിക്കാം?
എൻഎസ്എഐഡിഎസുകൾക്ക് പൊതുവേ പകരമായി ലഭ്യമായിട്ടുല്ളത് പാരസെറ്റമോളുകളാണ്. വേദന മാറ്റുന്നതിൽ അത്ര ഫലപ്രദമല്ലെങ്കിലും ഇതിന് കാർഡിയോടോക്സിക്, നെഫ്രോടോക്സിക് പാർശ്വഫലങ്ങൾ ഇല്ല.
പ്രമേഹരോഗികളല്ലാത്തവർ സ്ഥിരമായി ഈ ഗുളികകൾ കഴിച്ചാലുള്ള ഫലമെന്താണ്?
പ്രമേഹരോഗികളല്ലാത്ത രോഗികൾ പോലും എൻഎസ്എഐഡിഎസുകളുടെ ദീർഘകാല ഉപയോഗം ഒഴിവാക്കണം. ഹൃദയത്തിലും വൃക്കയിലും തകരാറുകൾ ഉണ്ടാക്കുന്നതിനു പുറമേ ഇവ ആമാശയത്തിലെ അൾസർ രൂപീകരണത്തിനും കാരണമാകും. അതിനാൽ, പ്രമേഹരോഗികളും അല്ലാത്തവരും ഈ വിഭാഗത്തിലുള്ള മരുന്നുകളുടെ ദീർഘകാല ഉപയോഗം ഒഴിവാക്കണം.