scorecardresearch

മിഠായികൾക്കുപകരം ഉണക്ക മുന്തിരി കഴിക്കൂ, ഈ 4 ആരോഗ്യ ഗുണങ്ങൾ നേടൂ

ഉണക്കമുന്തിരിയിൽ നാരുകൾ കൂടുതലായതിനാൽ, മലബന്ധം, അസിഡിറ്റി, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ തടയാനും നിയന്ത്രിക്കാനും അവയ്ക്ക് കഴിയും

raisins, health, ie malayalam

ഡ്രൈ ഫ്രൂട്ടുകളിൽ ഏറ്റവും മധുരവും രുചികരവുമായ ഒന്നാണ് ഉണക്ക മുന്തിരി. ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം പോഷക ഗുണങ്ങൾ ലഭിക്കുന്നു. അതുകൊണ്ടാണ് പലരും പഞ്ചസാരയ്‌ക്ക് പകരം ഉണക്കമുന്തിരി ഉപയോഗിക്കുന്നത്. ഉണക്ക മുന്തിരി സാലഡുകളിൽ ചേർത്തോ മധുര പലഹാരങ്ങളിൽ ചേർത്തോ കഴിച്ചാലും ഗുണങ്ങൾ ലഭിക്കും.

ഉണക്കമുന്തിരിയിൽ ഉയർന്ന അളവിൽ പഞ്ചസാരയും കൊഴുപ്പുമുണ്ട്. അതിനാൽ എല്ലായ്പ്പോഴും അവ മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ശിവിക ഗാന്ധി ആനന്ദ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ഉണക്കമുന്തിരി വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയാൽ സമൃദ്ധമാണ്, ഇവ രണ്ടും രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു. അണുബാധകളും വൈറസുകളും പിടിപെടുന്നതിൽ നിന്ന് ഒരാളെ സംരക്ഷിക്കുന്നു.

ഉറക്കം മെച്ചപ്പെടുത്തുന്നു

ഉണക്കമുന്തിരിയിൽ മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നവരോ വളരെ കുറച്ച് സമയം മാത്രം ഉറക്കം കിട്ടുന്നവരോ ആണെങ്കിൽ, ഉറങ്ങുന്നതിനു മുൻപ് ഒരു പിടി ഉണക്കമുന്തിരി കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിച്ചേക്കാം.

ദഹനത്തിന് സഹായിക്കുന്നു

ഉണക്കമുന്തിരിയിൽ നാരുകൾ കൂടുതലായതിനാൽ, മലബന്ധം, അസിഡിറ്റി, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ തടയാനും നിയന്ത്രിക്കാനും അവയ്ക്ക് കഴിയും.

നല്ല അളവിൽ പൊട്ടാസ്യം നൽകുന്നു

ഉണക്കമുന്തിരി പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. നമ്മുടെ ശരീരത്തിലെ ഉപ്പിന്റെ അളവ് സന്തുലിതമാക്കുന്ന ഒരു പോഷകമാണിത്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ഇവയ്ക്കു പുറമേ മറ്റു ചില ആരോഗ്യ ഗുണങ്ങളും ഉണക്ക മുന്തിരിക്കുണ്ട്. ഉണക്കമുന്തിരിയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉണ്ട്. ഇത് ഊർജ നില വർധിപ്പിക്കും. എന്നാൽ, നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ, ഉണക്കമുന്തിരി കഴിക്കുന്നതിന് മുമ്പ് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പിറ്റേ ദിവസം രാവിലെ കഴിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why raisins are a better sweetener than sugar

Best of Express