ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ വീക്കം കുറയ്ക്കുന്നതുവരെ തുടങ്ങി എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുണ്ട് ബീറ്റ്റൂട്ടിന്. ഫോളേറ്റ്, വിറ്റാമിൻ ബി 9, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ്, കോപ്പർ, വിറ്റാമിൻ സി, സസ്യ സംയുക്തങ്ങൾ തുടങ്ങിയ അവശ്യ ധാതുക്കളും പോഷകങ്ങളും ബീറ്റ്റൂട്ടിൽ നിറഞ്ഞിരിക്കുന്നു. ബീറ്റ്റൂട്ടിൽ കലോറിയും കൊഴുപ്പും കുറവാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ പറഞ്ഞു.
ബീറ്റ്റൂട്ട് നാരുകളുടെ ഒരു നല്ല സ്രോതസ്സാണ്. ഇത് ദഹനാരോഗ്യത്തിന് ഗുണം ചെയ്യുകയും പല വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
”ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. ബീറ്റ്റൂട്ട് ആരോഗ്യകരമാണെങ്കിലും, കുറഞ്ഞ രക്തസമ്മർദമുള്ള രോഗികൾ അവ കഴിക്കുന്നത് ദോഷകരമാണ്, കാരണം ബീറ്റ്റൂട്ട് രക്തസമ്മർദം കൂടുതൽ
കുറയ്ക്കും. എന്നാൽ, ഉയർന്ന രക്തസമ്മർദമുള്ളവർക്ക് ഇത് നല്ലതാണ്. ബീറ്റ്റൂട്ടിൽ ഉയർന്ന നൈട്രേറ്റ് ഉള്ളടക്കം അടങ്ങിയിട്ടുണ്ട്. ഇത് ശിശുക്കളിൽ നൈട്രേറ്റ് വിഷബാധയ്ക്ക് കാരണമായേക്കാം, അതിനാൽ മൂന്ന് മാസമോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് ബീറ്റ്റൂട്ട് നൽകുന്നത് ഒഴിവാക്കണം,” അവർ പറഞ്ഞു.
ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് ജേണൽ ഓഫ് ഫിസിയോളജി-ഹാർട്ട് ആന്റ് സർക്കുലേറ്ററി ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച 2017 ലെ ഒരു പഠനം പറയുന്നു. ദോഷകരമായ വീക്കം തടയുന്നതിനും നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നൈട്രേറ്റ് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു മാർഗമാണ് ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് ഹൃദയാഘാതം തടയാൻ സഹായിക്കുമെന്ന് ഡോ.പ്രദീപ് മഹീന്ദ്രകർ പറഞ്ഞു.
ബീറ്റ്റൂട്ട് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ
രക്തസമ്മർദ്ദം കുറയ്ക്കുന്നു: ബീറ്റ്റൂട്ട് ജ്യൂസിലെ നൈട്രേറ്റ് സംയുക്തങ്ങൾ രക്തത്തിലെ നൈട്രിക് ഓക്സൈഡായി മാറുകയും രക്തക്കുഴലുകൾ വിശ്രമിക്കാനും സഹായിക്കുന്നു.
വ്യായാമ ശേഷി മെച്ചപ്പെടുത്തുന്നു: ബീറ്റ്റൂട്ട് ജ്യൂസ് പ്ലാസ്മ നൈട്രേറ്റ് അളവ് വർധിപ്പിക്കുകയും ശാരീരിക പ്രകടനം വർധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയ സംബന്ധമായ പ്രശ്നമുള്ളവരിൽ പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നു
ഡിമെൻഷ്യയുടെ പുരോഗതി മന്ദഗതിയിലാക്കുന്നു: നൈട്രേറ്റുകൾ പ്രായമായവരുടെ തലച്ചോറിലെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും.
ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു: ബീറ്റ്റൂട്ട് ജ്യൂസിൽ കലോറി കുറവാണ്, ഫലത്തിൽ കൊഴുപ്പില്ല.
കാൻസർ തടയാം: ബീറ്റ്റൂട്ടുകൾക്ക് നിറം ലഭിക്കുന്നത് വെള്ളത്തിൽ ലയിക്കുന്ന ആന്റിഓക്‌സിഡന്റായ ബീറ്റലൈനുകളിൽ നിന്നാണ്.
പൊട്ടാസ്യത്തിന്റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടം: ബീറ്റ്റൂട്ട് പൊട്ടാസ്യത്തിന്റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടമാണ്, ഇത് ഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു.
കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു: ബീറ്റൈൻ എന്ന ആന്റിഓക്‌സിഡന്റ് കരളിലെ ഫാറ്റി ഡിപ്പോസിറ്റുകളെ തടയാനോ കുറയ്ക്കാനോ സഹായിക്കുന്നു. കരളിനെ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനും ബീറ്റൈൻ സഹായിച്ചേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.