മറ്റു പച്ചക്കറികളപ്പോലെ നിരവധി പോഷകങ്ങൾ നിറഞ്ഞതാണ് കുമ്പളങ്ങ. രോഗങ്ങളെ അകറ്റി നിർത്താൻ കുമ്പളങ്ങ സഹായിക്കും. ഈ പച്ചക്കറിയുടെ 96 ശതമാനവും വെള്ളമാണ്. വൈറ്റമിൻ സി, ബി പോലുള്ള വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടം കൂടിയാണിത്.
”കുമ്പളങ്ങയ്ക്ക് പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുണ്ട്. ഇതിലെ ബയോ ആക്റ്റീവ് പോഷകങ്ങൾ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കും,” ന്യൂട്രീഷ്യനിസ്റ്റ് അൻഷു ദുവ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതി.
കുമ്പളങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
- ഇതൊരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും ആമാശയത്തിൽ നല്ല ബാക്ടീരിയകൾ ഉത്പാദിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ശരീരത്തിൽ നിന്ന് കൊഴുപ്പും പിത്തരസവും പുറന്തള്ളാൻ സഹായിക്കുന്നു. അതുവഴി കരൾ സംബന്ധമായ തകരാറുകൾ ചികിത്സിക്കാൻ സഹായിക്കുന്നു.
- ശരീരത്തിൽ അമിതമായ ചൂടുള്ള ആളുകൾക്ക് കുമ്പളങ്ങ ഗുണം ചെയ്യും.
- കുമ്പളങ്ങയിൽ നിറയെ നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം, വയർവീർക്കൽ, വയറുവേദന എന്നിവ തടയുന്നു.
- ഇതൊരു ആന്റാസിഡായി പ്രവർത്തിക്കുകയും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു.
- രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാൻ സഹായിക്കുന്നു.
ആരൊക്കെ കുമ്പളങ്ങ കഴിക്കരുത്?
കുമ്പളങ്ങയ്ക്ക് തണുപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ ജലദോഷം, ആസ്ത്മ, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളവർ ഇത് കഴിക്കുന്നത് ശ്രദ്ധിക്കണം. അത്തരക്കാർക്ക് എപ്പോഴും തേനോ കുരുമുളകോ ചേർത്ത് കുമ്പളങ്ങ ജ്യൂസ് കുടിക്കാം. അതിലൂടെ തണുപ്പ് ഒരു പരിധി വരെ കുറയ്ക്കാമെന്ന് അൻഷു പറഞ്ഞു. ”ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ആസ്ത്മ ഉള്ളവർ ഈ പച്ചക്കറി കഴിക്കുന്നത് ഒഴിവാക്കണം, പ്രത്യേകിച്ച് ജ്യൂസ് രൂപത്തിൽ,” ഡയറ്റീഷ്യൻ സ്വാതി ബത്വാൾ അഭിപ്രായപ്പെട്ടു.
കഴിക്കേണ്ട വിധം
എല്ലാത്തരം സലാഡുകളിലും സ്മൂത്തികളിലും ജ്യൂസുകളിലും കുമ്പളങ്ങ ഉൾപ്പെടുത്താം. പരമാവധി ഊർജം ലഭിക്കാനായി ജ്യൂസുകളോ സ്മൂത്തികളോ തുടങ്ങി ഏത് രൂപത്തിലും അസംസ്കൃതമായി കഴിക്കണമെന്ന് അൻഷു പറഞ്ഞു.