പപ്പായയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് മിക്ക ആളുകൾക്കും അറിയാം. വ്രതാനുഷ്ഠാന കാലമായതിനാൽ, ആരോഗ്യത്തിന് അനുയോജ്യമായ വിഭവങ്ങൾ ഉപയോഗിച്ച് നോമ്പ് തുറക്കുന്നതിനെക്കുറിച്ച് എപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ട്. അതിനു ഏറ്റവും യോജിച്ച ഒന്നാണ് പപ്പായ.
കാരണം, ശരീരത്തിന്റെ പ്രവർത്തനങ്ങളെയും 12 മണിക്കൂറിന്റെ ഇടവേളയ്ക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനാൽ നിങ്ങളുടെ ഉപാപചയ പ്രവർത്തനത്തെയും പപ്പായ ഉണർത്തുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പാപ്പൈൻ എന്ന എൻസൈം ഭക്ഷണത്തെ വേഗത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ ശരീരത്തിന് വേഗത്തിൽ ഭക്ഷണം ആഗിരണം ചെയ്യാൻ കഴിയും. നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ പ്രോട്ടീൻ വിഘടിക്കുന്നതും വേഗത്തിലാക്കുന്നു. ഇവ ദഹിക്കാതിരുന്ന് ശരീരത്തിന് പതിവായി ആവശ്യമായ അമിനോ ആസിഡുകളായി വിഘടിക്കുന്നില്ലെങ്കിൽ, ഇത് ദഹനവുമായി ബന്ധപ്പെട്ട ഒന്നിലധികം പ്രശ്നങ്ങൾ ഉണ്ടാക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
ട്രോപ്പിക്കൽ പഴമെന്ന നിലയിൽ, നാരുകളാൽ സമ്പന്നമാണ്. ഇത് വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ നൽകുന്നു. ഇവയെല്ലാം ശരീരത്തിന്റെ ഊർജ്ജം വേഗത്തിൽ വർധിപ്പിക്കുന്നു. കുറഞ്ഞ കലോറി കാരണം പപ്പായ കഴിച്ചതിനുശേഷം വയർ നിറച്ച് കഴിച്ചതായി അനുഭവപ്പെടില്ല. അതേസമയം, നാരുകളാൽ സമ്പന്നമായതിനാൽ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നതിൽനിന്നു തടയാനും സാധിക്കുന്നു. കൂടാതെ, പഴത്തിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് നിങ്ങളുടെ ദഹനം പ്രവർത്തനക്ഷമമാക്കുന്നു. വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ, ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കും. കൈമോ പപ്പൈൻ എന്ന അതിന്റെ മറ്റൊരു എൻസൈം മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫോളിക് ആസിഡും ഇരുമ്പും വിളർച്ചയും ക്ഷീണവും അകറ്റി നിർത്തും. ഇത് വിറ്റാമിൻ എയാൽ സമ്പന്നമായതിനാൽ ശ്വാസകോശത്തിന്റെ വീക്കത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
ഏറ്റവും പ്രധാനമായി പ്രമേഹരോഗികൾക്കും പപ്പായ വളരെ നല്ലതാണ്. പപ്പായയിൽ മിതമായ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബർ ഉള്ളടക്കവുമുള്ളതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദീഭവിപ്പിക്കുകയും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.ആറാഴ്ച പപ്പായ കഴിച്ച പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗണ്യമായ കുറവുണ്ടായതായി ‘ജേണൽ ഓഫ് മെഡിസിനൽ ഫുഡ്’ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തി. പ്രമേഹരോഗികളായ എലികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പപ്പായ ഇലയുടെ സത്ത് സഹായിക്കുമെന്ന് ‘ജേണൽ ഓഫ് എത്‌നോഫാർമക്കോളജി’യിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ കണ്ടെത്തി.
ഹൃദയാരോഗ്യത്തിനും നല്ലത്
പപ്പായയിലെ ഫോളേറ്റ് രക്തപ്രവാഹത്തിലെ ഹോമോസിസ്റ്റീന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിന്റെ ഉയർന്ന അളവ് രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതിനെ തടയുന്നു. പൊട്ടാസ്യത്തിനു രക്തയോട്ടം സുഗമമാക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കഴിയും.
നിങ്ങളുടെ ഭക്ഷണത്തിൽ പപ്പായ എങ്ങനെ ഉൾപ്പെടുത്താം?
ലഘുഭക്ഷണത്തിന് പകരം നിങ്ങൾക്ക് ഇത് കഴിക്കാം, ഇത് സലാഡുകളിൽ ചേർക്കാം അല്ലെങ്കിൽ സ്മൂത്തികളിൽ ചേർക്കാനും സാധിക്കും. കുക്കുമ്പർ, തക്കാളി, ഉള്ളി എന്നിവ ചേർത്ത് സാലഡ് ഉണ്ടാക്കാനും പപ്പായ ഉപയോഗിക്കാം. പപ്പായയും പാലും തേനും ചേർത്ത് ടേസ്റ്റി സ്മൂത്തി ഉണ്ടാക്കാം. പപ്പായ ക്യൂബുകൾ ചാട്ട് മസാലയും നാരങ്ങാനീരും ചേർത്ത് രുചികരമായ ലഘുഭക്ഷണവും ഉണ്ടാക്കാം.
ആരൊക്കെയാണ് പപ്പായ ഒഴിവാക്കേണ്ടത്?
നോമ്പ് തുറക്കാൻ പപ്പായ കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമെങ്കിലും, അത് എല്ലാവർക്കും അനുയോജ്യമാകണം എന്നില്ല. പഴത്തിൽ നാരുകൾ ധാരാളമായതിനാൽ, ദഹനപ്രശ്നങ്ങളായ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) അല്ലെങ്കിൽ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (ഐബിഡി) ഉള്ളവർ ഇത് ഒഴിവാക്കണം. ഇത് വയറിളക്കത്തിനു കാരണമാകാം. പപ്പൈൻ ഗർഭാശയ സങ്കോചത്തിന് കാരണമാവുകയും നേരത്തെയുള്ള പ്രസവത്തിനോ ഗർഭം അലസലിനോ കാരണമാകുമെന്നതിനാൽ ഗർഭിണികളും പപ്പായ ഒഴിവാക്കണം.
എന്താണ് പപ്പായയ്ക്ക് പകരമുള്ളത്?
തണ്ണിമത്തൻ, മസ്ക്മെലൺ തുടങ്ങിയ പഴങ്ങളിലും ജലാംശം കൂടുതലാണ്. ഇത് നോമ്പിന്റെ നീണ്ട മണിക്കൂറുകളിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന വിറ്റാമിൻ സി പോലുള്ള അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യവും ഇതിലുണ്ട്. കൂടാതെ, ഈ പഴങ്ങളിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ സാധ്യത കുറവാണ്. പുതിന നാരങ്ങ, പച്ചയായ മാമ്പഴ വെള്ളം എന്നിവ ഉൾപ്പെടുത്താനുള്ള ഉന്മേഷദായകവും ജലാംശം നൽകുന്നതുമായ ഓപ്ഷനുകളും ആകാം. പപ്പായ നമ്മുടെ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തേണ്ട തികച്ചും പവർ ഫ്രൂട്ട് ആയി മാറി. ഒരു ചെറിയ പപ്പായയിൽ 17 ഗ്രാം കാർബോഹൈഡ്രേറ്റിന് തുല്യമായ 3 ഗ്രാം നാരുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?
ലേഖനം തയാറാക്കിയത് ഉഷാകിരൺ സിസോദിയ