scorecardresearch
Latest News

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, കൊളസ്ട്രോൾ കുറയ്ക്കുന്നു; വാൽനട്ട് മികച്ച നട്‌സ് ആകുന്നത് എന്തുകൊണ്ട്?

വാൽനട്ട് അസാധാരണമായ പോഷകഗുണങ്ങളുള്ളതാണ്. മറ്റേതൊരു സാധാരണ നട്സിനെക്കാളും ഉയർന്ന ആന്റിഓക്‌സിഡന്റ് പ്രവർത്തനവും ആരോഗ്യകരമായ ഒമേഗ -3 കൊഴുപ്പുകളും ഇവയിലുണ്ട്

walnut, health, ie malayalam

മൊത്തത്തിലുള്ള ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയം, തലച്ചോറ്, കുടൽ എന്നിവയ്ക്കുള്ള സൂപ്പർ ഫുഡാണ് നട്സ്. ഇതിൽതന്നെ വാൽനട്ട് ഏറ്റവും മികച്ച രോഗ പ്രതിരോധ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ, വാൽനട്ടിൽ ധാരാളം പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് പൂരിത കൊഴുപ്പുകളേക്കാൾ ആരോഗ്യകരമാണ്.

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിവുള്ള മറ്റ് ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്. ആന്റി-ഇൻഫ്ലമേറ്ററി ആയ ആൽഫ-ലിനോലെനിക്, ലിനോലെയിക് ആസിഡുകൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ലിപിഡുകളെ നിയന്ത്രിക്കുന്നതിനൊപ്പം അവ രക്തക്കുഴലുകളുടെ പാളി ആരോഗ്യകരമായി നിലനിർത്തുന്നു.

വാൽനട്ടിന്റെ കാർഡിയോ പ്രൊട്ടക്റ്റീവ് ഇഫക്റ്റുകൾ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ആഴ്ചയിൽ നാല് തവണയിൽ കൂടുതൽ നട്‌സ് കഴിക്കുന്നവർക്ക് കൊറോണറി ഹൃദ്രോഗ സാധ്യത 37 ശതമാനം വരെ കുറയുമെന്ന് ‘ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷൻ’ കണ്ടെത്തി. വാൽനട്ടിലെ നാരുകൾ നല്ല സംതൃപ്തി നൽകുകയും വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നതിന് ചില തെളിവുകൾ ഉണ്ട്. നമ്മുടെ കുടലിൽ വസിക്കുന്ന നല്ല സൂക്ഷ്മാണുക്കളുടെ കൂട്ടായ്മയായ ഗട്ട് മൈക്രോബയോട്ടയെ സമ്പുഷ്ടമാക്കുകയും പ്രോബയോട്ടിക് ബാക്ടീരിയകളെ വർധിപ്പിക്കുകയും ചെയ്യുന്നു.

”വാൽനട്ട് അസാധാരണമായ പോഷകഗുണങ്ങളുള്ളതാണ്. മറ്റേതൊരു സാധാരണ നട്സിനെക്കാളും ഉയർന്ന ആന്റിഓക്‌സിഡന്റ് പ്രവർത്തനവും ആരോഗ്യകരമായ ഒമേഗ -3 കൊഴുപ്പുകളും ഇവയിലുണ്ട്. ഈ സമ്പന്നമായ പോഷക പ്രൊഫൈൽ വീക്കം കുറയ്ക്കുക, മെച്ചപ്പെട്ട ഹൃദ്രോഗ സാധ്യത ഘടകങ്ങൾ തുടങ്ങി നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു. അവയുടെ നാരുകളും പോളിഫെനോളുകൾ ഉൾപ്പെടെയുള്ള സസ്യ സംയുക്തങ്ങളും കുടൽ മൈക്രോബയോട്ടയുമായി ഇടപഴകുകയും മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യുന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്,” ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഹെഡ് ദീപ്തി ഖതൂജ പറഞ്ഞു.

മോശം എൽഡിഎൽ കൊളസ്ട്രോൾ മൂലമുണ്ടാകുന്ന കേടുപാടുകൾ ഉൾപ്പെടെ നിങ്ങളുടെ ശരീരത്തിലെ ഓക്സിഡേറ്റീവ് നാശത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളിൽ നിന്നാണ് വാൽനട്ടിന്റെ പോഷകമൂല്യം വരുന്നത്. ”ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി വാൽനട്ട് ഉൾപ്പെടെയുള്ള നട്സ് ദിവസവും ഒരു ഔൺസ് (28 ഗ്രാം) കഴിക്കുന്നത് രക്തസമ്മർദ്ദം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പോളിഅൺസാച്ചുറേറ്റഡ് ഫാറ്റ്, പോളിഫെനോൾസ്, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെ വാൽനട്ടിലെ പോഷകങ്ങൾ തലച്ചോറിലെ ഓക്‌സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് മൃഗ, ടെസ്റ്റ് ട്യൂബ് പഠനങ്ങൾ കണ്ടെത്തി. പ്രായമായവരിൽ വാൽനട്ട് കഴിക്കുന്നത് കൂടുതൽ മാനസിക വഴക്കം, മികച്ച മെമ്മറി തുടങ്ങി മസ്തിഷ്ക പ്രവർത്തനവുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു,” അവർ പറഞ്ഞു.

വാൽനട്ടിലെ പോളിഫെനോളുകൾ സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസർ ഉൾപ്പെടെയുള്ള ചില കാൻസറുകളുടെ സാധ്യത കുറയ്ക്കും. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ മനുഷ്യരിലെ പഠനങ്ങൾ ആവശ്യമാണ്. പ്രമേഹ നിയന്ത്രണത്തിൽ വാൽനട്ടിന്റെ നേരിട്ടുള്ള പങ്കൊന്നും ഖതുജ കാണുന്നില്ല. ”വാൽനട്ട് ടൈപ്പ് 2 ഡയബറ്റിസിന്റെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ ഒരു കാരണം അവ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്നതാണെന്ന് നിരീക്ഷണ പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതഭാരം ഉയർന്ന ബ്ലഡ് ഷുഗറിന്റെയും പ്രമേഹത്തിന്റെയും സാധ്യത വർധിപ്പിക്കുന്നു,” അവർ വ്യക്തമാക്കി.

വാൽനട്ടിന് പകരം മറ്റ് ലഘുഭക്ഷണങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ഒമേഗ 3 യുടെ നല്ല സ്രോതസുകളായ ചണ വിത്തുകൾ കഴിക്കാവുന്നതാണെന്ന് ഖതുജ പറഞ്ഞു. മൈക്രോ ന്യൂട്രിയന്റുകൾ മാത്രമല്ല, പ്രോട്ടീനുകളുടെ നല്ല സ്രോതസുകളും കൂടിയായ നട്സുകൾ ഒരു പിടി ദിവസവും കഴിക്കണമെന്ന് അവർ നിർദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why omega 3 makes walnuts the best nuts