മൈഗ്രേനിനെക്കുറിച്ച് നിരവധി അനുമാനങ്ങളും സംശയങ്ങളും നിലവിലുണ്ട്. സാധാരണയായി തലയുടെ ഒരു വശത്ത് അനുഭവപ്പെടുന്ന കഠിനമായ വേദനയാണ് മൈഗ്രേൻ. അതിന് നിരവധി ട്രിഗറുകളുണ്ട്. ഇത് പലപ്പോഴും ആശയക്കുഴപ്പത്തിനും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനും ഇടയാകുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ
2019ലെ മൈഗ്രേൻ അറ്റാക്ക് ഓൺസെറ്റിന്റെ സർക്കാഡിയൻ വ്യതിയാനത്തെ ഉദ്ധരിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. റിവ്യൂ ഓഫ് ക്ലിനിക്കൽ സ്റ്റഡീസ്, മൈഗ്രെയ്ൻ സർക്കാഡിയൻ റിഥവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പഠനത്തിൽനിന്നാണ് ഇത് ഉദ്ധരിച്ചത്.
സർക്കാഡിയൻ റിഥം, ശരീരത്തിന്റെ സ്വാഭാവിക ഉണർവ്, ഉറക്ക ചക്രം എന്നിവ നിലനിർത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന ഹോർമോണാണ് മെലറ്റോണിൻ എന്ന് പഠനത്തെ വിശേഷിപ്പിച്ചുകൊണ്ട് ഡോ. സുധീർ എഴുതി.
ഒരു ചിട്ടയായ അവലോകനത്തിലും മെറ്റാ അനാലിസിസിലും, മൈഗ്രെയ്ൻ ആക്രമണങ്ങൾ 11 PM-7 AM വരെ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കൂടാതെ, മിക്ക മൈഗ്രെയ്ൻ ആക്രമണങ്ങളും രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയത്താണ് സംഭവിക്കുന്നതെന്ന് ട്വീറ്റിൽ പറയുന്നു.
“മൈഗ്രെയ്ൻ രോഗികൾക്കിടയിൽ തലവേദനയുടെ ആവൃത്തി കുറയ്ക്കുന്നതിനും മെലറ്റോണിൻ സപ്ലിമെന്റുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണ്. എന്നിരുന്നാലും, തലവേദനയുടെ ആവൃത്തി കുറയ്ക്കുന്നതിൽ മെലറ്റോണിൻ സപ്ലിമെന്റുകളുടെ ഫലപ്രാപ്തി വ്യക്തിഗത രോഗികൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, മൈഗ്രെയ്ൻ രോഗികളിൽ ക്ലിനിക്കൽ ഉപയോഗത്തിനായി ശുപാർശ ചെയ്യുന്നതിനുമുമ്പ് ഉയർന്ന നിലവാരമുള്ള ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങളുടെ ഫലങ്ങൾക്കായി കാത്തിരിക്കേണ്ടതുണ്ടെന്ന്,” ഡോ. സുധീർ പറഞ്ഞു.
ലളിതമായി പറഞ്ഞാൽ, സർക്കാഡിയൻ റിഥം ഒരു സ്വാഭാവികവും ആന്തരികവുമായ പ്രക്രിയയാണ്. അത് ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുകയും ഏകദേശം 24 മണിക്കൂറിൽ അത് ആവർത്തിക്കുകയും ചെയ്യുന്നു. “ഉറക്കം, ഹോർമോൺ ഉൽപ്പാദനം, ശരീര താപനില, ഉപാപചയം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു ബയോളജിക്കൽ ക്ലോക്കാണിത്,” മുംബൈയിലെ നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ.പ്രദ്യുമ്ന ഓക്ക് പറഞ്ഞു.
ഉറക്കക്കുറവോ മൂന്ന് മണിക്കൂറിൽ താഴെയുള്ള ഉറക്കമോ വാസ്തവത്തിൽ മൈഗ്രെയ്ൻ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ശ്രദ്ധിക്കപ്പെട്ടു, മീരാ റോഡിലെ വോക്ക്ഹാർഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ ന്യൂറോളജിസ്റ്റ് പവൻ പൈ പറഞ്ഞു. “മിക്ക മൈഗ്രെയിനുകളും 30 മിനിറ്റ് മുതൽ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കും. ഇത് ദൈനംദിന ജീവിതത്തെ വളരെ എളുപ്പം ബാധിക്കുന്നു. രാവിലെയുള്ള തലവേദന വളരെ സാധാരണമാണ്. നിർജ്ജലീകരണം അല്ലെങ്കിൽ ഉറക്കക്കുറവ് പോലെയുള്ള ട്രിഗറുകളാകാം ഇതിന് കാരണം,” ഡോ. പവൻ പറഞ്ഞു.
എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ മൈഗ്രെയ്നും ലക്ഷണങ്ങളില്ലാതെ പ്രത്യക്ഷപ്പെടാമെന്ന് റൂബി ഹാൾ ക്ലിനിക്കിലെ ന്യൂറോ ഫിസിഷ്യൻ ഡോ.സന്തോഷ് സോന്റക്കെ പറഞ്ഞു. “ഒരു ജനിതക രോഗമെന്ന നിലയിൽ, ഉറക്കക്കുറവ്, ഭക്ഷണത്തിന്റെ അഭാവം, സമ്മർദ്ദം, സൂര്യപ്രകാശം തുടങ്ങിയ പാരിസ്ഥിതിക ട്രിഗറുകൾ ഇതിന് ഉണ്ട്. എന്നാൽ യാതൊരു ട്രിഗറുകളും കൂടാതെ, ഇത്തരത്തിലുള്ള തലവേദനകൾ ഉണ്ടാകാം, ”ഡോ.സന്തോഷ് പറഞ്ഞു.
ഉറക്ക തകരാറുകളോ ക്രമരഹിതമായ ഉറക്ക രീതികളോ ഉള്ള വ്യക്തികൾക്ക് സർക്കാഡിയൻ താളം തകരാറിലായേക്കാം. ഇത് മറ്റു സമയങ്ങളിൽ മൈഗ്രെയിന്റെ സാധ്യത കൂട്ടുന്നു, ഡോ.പ്രദ്യുമ്ന പറഞ്ഞു. “നിയന്ത്രിത ഉറക്കം-ഉണർവ് സൈക്കിളും സ്ഥിരമായ ഉറക്കസമയ ദിനചര്യയും മൈഗ്രേൻ കുറയുന്നതിന് കാരണമാകും.”
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ മൈഗ്രെയ്നിന് ഏറ്റവും ഉയർന്ന നിരക്കും, നവംബർ മുതൽ മാർച്ച് വരെ മൈഗ്രെയ്ൻ ആവൃത്തി കുറവുമാണെന്നാണ് പഠനത്തിലെ മറ്റൊരു നിരീക്ഷണം.
“ഒപിഡിയിലെ പതിവ് പരിശോധനക്കൾക്കിടയിലും ഇത് രോഗികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ-ജൂലൈ മാസങ്ങൾ വേനൽക്കാലത്തോട് അടുത്താണ്. നവംബർ-മാർച്ച് മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ചൂട് കൂടുതലാണ്. വേനൽക്കാലത്ത് വർദ്ധിച്ചുവരുന്ന ചൂട് സീസണിൽ മൈഗ്രെയ്ൻ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു,” ഡോ. സുധീർ പറഞ്ഞു.
ചില വ്യക്തികൾക്ക് വർഷത്തിലെ പ്രത്യേക സമയങ്ങളിൽ മൈഗ്രെയ്ൻ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഡോ.പ്രദ്യുമ്ന പറയുന്നു. “വർദ്ധിച്ച ചൂട്, ഈർപ്പം, പകൽ സമയം തുടങ്ങിയ ഘടകങ്ങൾ ചിലരിൽ ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകും, ”ഡോ പ്രദ്യുമ്ന പറഞ്ഞു.
ഡോ ഓക്ക് പറയുന്നതനുസരിച്ച്, തണുത്ത താപനിലയും കുറഞ്ഞ പകൽ സമയവും കാരണം ശീതകാലം ചിലർക്ക് മൈഗ്രെയിനുകൾ കുറയ്ക്കും. “എന്നിരുന്നാലും, വ്യക്തിഗത അനുഭവങ്ങൾ വ്യത്യസ്തമാണെന്നും മൈഗ്രെയ്ൻ ട്രിഗറുകൾ ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്,” ഡോ ഓക്ക് പറഞ്ഞു.
എന്ത് ചെയ്യാൻ കഴിയും?
മൈഗ്രേൻ ഉണ്ടാകുമ്പോൾ ഡോക്ടറെ സമീപിക്കുകയും ശരിയായ ചികിത്സ സ്വീകരിക്കുകയും ചെയ്യുക, ഡോ പവൻ പറയുന്നു.“സ്വന്തമായി മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക. ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ മാത്രം പാലിക്കുക. സമ്മർദ്ദവും മദ്യവും ഒഴിവാക്കുകയും സമീകൃതാഹാരം കഴിക്കുകയും ജലാംശം നിലനിർത്തുകയും രാത്രിയിൽ നല്ല ഉറക്കം നേടാൻ ശ്രമിക്കുകയും ചെയ്യുക, ”ഡോ പവൻ പറഞ്ഞു.
മൈഗ്രേൻ ഉള്ളവർ ആരോഗ്യകരമായ ജീവിത ശൈലികൾ സ്വീകരിക്കണമെന്നും ഡോ പൈ പങ്കുവെച്ചു. “മൈഗ്രേൻ ആക്രമണങ്ങളുടെ എണ്ണം കുറയുമെന്നും നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കഴിയുമെന്നും നിങ്ങൾ കാണും,” ഡോ പൈ കൂട്ടിച്ചേർത്തു.