/indian-express-malayalam/media/media_files/uploads/2021/04/Covid-Vaccine-1.jpg)
കൊറോണ വൈറസിൽനിന്നും രക്ഷ നേടാൻ കോവിഡ് വാക്സിൻ രണ്ടും ഡോസുകളും സ്വീകരിക്കണമെന്നാണ് മെഡിക്കൽ വിദഗ്‌ധർ ശുപാർശ ചെയ്യുന്നത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, വാക്സിൻ രണ്ടാം ഡോസ് എടുത്താൽ മാത്രമേ ഒരാൾക്ക് പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചുവെന്നു കണക്കാക്കാനാകൂ.
വാക്‌സിനിലെ ആദ്യ ഡോസ് പൂർണ പ്രതിരോധശേഷി നൽകില്ല, മറിച്ച് കോവിഡ് -19 അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് രോഗപ്രതിരോധ ശേഷി ഒരുക്കുന്നുവെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
രണ്ടാമത്തെ ഡോസാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ധാരാളം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്. ഇത് മെമ്മറി സെല്ലുകളെ ഉത്തേജിപ്പിക്കുകയും ആന്റിബോഡികൾ വേഗത്തിൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് കോവിഡ് വാക്സിനിലെ രണ്ടാമത്തെ ഡോസ് വളരെ പ്രധാനമായിരിക്കുന്നത്.
Read More: ആദ്യ കുത്തിവയ്പിനു ശേഷം കോവിഡ് ബാധിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എപ്പോൾ?
കോവിഡിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് വാക്സിനേഷന്റെ രണ്ട് ഡോസുകളും നിർബന്ധമായും സ്വീകരിക്കണം. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തുകഴിഞ്ഞാലുളള നേട്ടങ്ങളെക്കുറിച്ചും സിഡിസി വിശദീകരിച്ചിട്ടുണ്ട്.
വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് മാസ്ക് ഇല്ലാതെ വാക്സിനേഷൻ ലഭിച്ച ഏത് പ്രായത്തിലുമുള്ള മറ്റ് ആളുകളുമായി സമ്പർക്കത്തിലേർപ്പെടാം. അവരുടെ വീടുകൾ സന്ദർശിക്കാം. പക്ഷേ, അപ്പോഴും വലിയ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ശുപാർശ ചെയ്യുന്നു.
വാക്സിൻ ഒരു വ്യക്തിയെ സ്വയം കോവിഡ്-19 ൽനിന്നും പരിരക്ഷിക്കുന്നതിനും അതുപോലെ തന്നെ ഏറ്റവും അടുത്തുളള കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവരിലേക്ക് രോഗം പകരാതെ പരിമിതപ്പെടുത്താനും വാക്സിൻ സ്വീകരിക്കുന്നതു വഴി സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.