ചുറ്റുമുള്ള ശബ്ദകോലാഹങ്ങൾക്കിടയിൽ ഇഷ്ട സംഗീതം ആസ്വദിക്കാൻ കഴിയാത്തവർക്ക് ഏറെ സഹായകമാണ് ഇയർബഡുകൾ. യാത്രയ്ക്കിടയിലും തനിച്ചാകുന്ന സമയത്തും മനസിനെ ശാന്തമാക്കാൻ ഇവ ഏറെ പ്രയോജനപ്പെടാറുണ്ട്. നിങ്ങൾ എവിടെയായാലും നിങ്ങൾക്ക് ചുറ്റും എന്ത് നടന്നാലും നിങ്ങളുടെ ലോകത്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട സംഗീതമോ സിനിമയോ ഇയർബഡുകൾ ഉപയോഗിച്ച് ആസ്വദിക്കാം.
എന്നാൽ, അവ ചെവികൾക്ക് സുരക്ഷിതമാണോ?. ഇയർബഡുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന് തന്റെ രോഗികളോട് നിർദേശിക്കാറുണ്ടെന്ന് പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോ.അങ്കുഷ് സയൽ പറഞ്ഞു. സംഗീതം കേൾക്കുന്നതിനോ കോളുകൾ വിളിക്കുന്നതിനോ ഉള്ള സൗകര്യപ്രദമായ മാർഗമാണെങ്കിലും അവയുടെ അമിതമായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഉയർന്ന ശബ്ദത്തിൽ നിശ്ചിത കാലത്തേക്ക് സംഗീതം കേൾക്കുന്നത് ചെവിക്ക് തകരാർ ഉണ്ടാക്കുകയും കേൾവി പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇയർബഡുകൾക്ക് ചുറ്റുമുള്ള ശബ്ദങ്ങളെ തടയാൻ കഴിയുമെന്നും ഡ്രൈവ് ചെയ്യുമ്പോഴോ റോഡ് മുറിച്ചുകടക്കുമ്പോഴോ അവ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഡോ.സയാൽ പറഞ്ഞു. മറ്റുള്ളവരുമായി ഇയർബഡുകൾ പങ്കിടുന്നത് അണുബാധ ഉണ്ടാക്കും. അതിനാൽ അവ വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.
ഇയർബഡുകൾ പൊതുവെ സുരക്ഷിതമാണെങ്കിലും അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചില അപകടസാധ്യതകൾ ഉണ്ടെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സ്ഥാപക ഡയറക്ടർ ഡോ.ശുചിൻ ബജാജ് പറഞ്ഞു. ”അവ ഉയർന്ന ശബ്ദത്തിൽ ദീർഘനേരം ഉപയോഗിക്കുകയാണെങ്കിൽ കേൾവി തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ചെവി അണുബാധയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും, പ്രത്യേകിച്ചും അവ മറ്റുള്ളവരുമായി പങ്കിടുകയോ വൃത്തിയായി സൂക്ഷിക്കുകയോ ചെയ്തില്ലെങ്കിൽ. ചില ആളുകളിൽ ദീർഘനേരം ഇയർബഡുകൾ ധരിക്കുന്നത് അസ്വസ്ഥതയോ ചൊറിച്ചിലോ ഉണ്ടാക്കാം,” അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇയർബഡുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വിദഗ്ധൻ വിശദീകരിച്ചിട്ടുണ്ട്.
ചെയ്യേണ്ടത്
- പരമാവധി വോളിയത്തിന്റെ 60 ശതമാനം കേൾക്കുക.ഒരു ദിവസം 60 മിനിറ്റിൽ കൂടരുത്.
- ചെവിക്കുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാനും കേൾവി തകരാറുകൾ ഉണ്ടാകാതിരിക്കാനും ഇടയ്ക്കിടെ ഇടവേളകൾ എടുത്ത് ചെവികൾക്ക് വിശ്രമം നൽകുക.
- ഉപയോഗത്തിന് ശേഷം ഇയർബഡുകൾ വൃത്തിയാക്കുക. അണുബാധകൾ പടരാതിരിക്കാൻ അവ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക.
- ചെവിയിൽ സുഖകരമായി ഒതുങ്ങുന്ന ഇയർബഡുകൾ ഉപയോഗിക്കുക.
- ശബ്‌ദമുള്ള ചുറ്റുപാടുകളിൽ ഉയർന്ന ശബ്‌ദത്തിന്റെ ആവശ്യകത കുറയ്ക്കാൻ നോയിസ് കാൻസലിങ് ഇയർബഡുകൾ ഉപയോഗിക്കുക.
ചെയ്യാൻ പാടില്ലാത്തത്
- ദീർഘനേരം ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾക്കാതിരിക്കുക
- ഡ്രൈവ് ചെയ്യുമ്പോഴോ റോഡ് മുറിച്ചു കടക്കുമ്പോഴോ ഇയർബഡുകൾ ഉപയോഗിക്കരുത്
- മറ്റുള്ളവരുമായി ഇയർബഡുകൾ പങ്കിടരുത്