രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, ശരീരഭാരം കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിനെ ഇവ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിനെക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ബ്രിഗാമ് ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഒരു കൂട്ടം ഗവേഷകർ.
ഒക്ടോബർ നാലിന് ‘സെൽ മെറ്റബോളിസം’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ഊർജ ഉപയോഗം, വിശപ്പ്, അഡിപ്പോജെനിസിസ് (കൊഴുപ്പ് രൂപീകരണം) എന്നിവയുമായി ബന്ധമുണ്ടെന്ന് പറയുന്നു. ബോഡി മാസ് ഇൻഡക്സ് അനുസരിച്ചു അമിതഭാരമുള്ള 16 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഓരോരുത്തർക്കും ഒരേപോലെയുള്ള ഭക്ഷണം രണ്ട് വ്യത്യസ്ത സമയങ്ങളിൽ നൽകി. ഒന്ന് വളരെ നേരത്തെയും രണ്ടാമത്തേത് ആദ്യത്തെ സമയം കഴിഞ്ഞു 250 മിനിറ്റ് വൈകിയും നൽകി.
വ്യത്യസ്ത സമയങ്ങളിൽ ഭക്ഷണം കഴിച്ചവരുടെ അഡിപ്പോസ് ടിഷ്യൂ ശേഖരിക്കുകയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഭക്ഷണ സമയവുമായുള്ള ബന്ധത്തെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു. വൈകി ഭക്ഷണം കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ സ്വാധീനിക്കുന്നെന്ന് പഠനം കണ്ടെത്തി. വിശപ്പിനെ നിയന്ത്രിക്കുന്ന ലിപ്റ്റിന്റെ അളവ് 24 മണിക്കൂറിനുള്ളിൽ കുറയുന്നതായി പഠനം പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് വിശപ്പിനുള്ള സാധ്യത ഇരട്ടിയാക്കുന്നു.
ഭക്ഷണം വൈകി കഴിക്കുന്നത് കലോറി നശിപ്പിച്ചു കളയുന്ന ശരീര പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. ഇത് അഡിപോജെനിസിസ് വർധിപ്പിക്കുന്നതിലൂടെയും ലിപ്പോളിസിസ് കുറയ്ക്കുന്നതിലൂടെയും അഡിപ്പോസ് ടിഷ്യൂ വിപുലീകരണത്തെ പ്രോത്സാഹിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ചെയുന്നു.
“മറ്റെല്ലാ ശീലങ്ങളും കൃത്യമായി പാലിച്ചിട്ടും വൈകി ഭക്ഷണം കഴിക്കുന്നത് എങ്ങനെ ബാധിക്കുവെന്നതിനെക്കുറിച്ചാണ് ഞങ്ങൾ പഠനം നടത്തിയത്?,” ഗവേഷക വിദ്യാർത്ഥി നിന വുജോവിക് പറഞ്ഞു. “നാല് മണിക്കൂർ വരെ വൈകി ഭക്ഷണം കഴിക്കുന്നത് വിശപ്പ് അനുഭവപ്പെടുന്നതിലും, ഊർജ വിഭജനത്തിലും, കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് പഠനം കണ്ടെത്തി,” ഗവേഷക പറഞ്ഞു.