മതിയായ ഉറക്കം എല്ലാവർക്കും ആവശ്യമാണ്. രാത്രിയിൽ ഒരാൾ 7-8 മണിക്കൂർ ഉറങ്ങണം. എന്നാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ മികച്ച ഉറക്കം ആവശ്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. ഉറക്ക സമയം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച 2014-ലെ ഒരു പഠനത്തെ ഉദ്ധരിച്ച്, സ്പ്രിംഗ്ഫിറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നിതിൻ ഗുപ്ത പറഞ്ഞു.
പുരുഷന്മാരെക്കാൾ സ്ത്രീകളിൽ ഇൻസോമിനിയ, റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം എന്നിവയ്ക്ക് 40 ശതമാനം കൂടുതൽ സാധ്യതയുണ്ടെന്നും സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഗാഢമായ ഉറക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് എത്ര മണിക്കൂർ ഉറക്കം വേണം?
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആവശ്യമായ ഉറക്കത്തിന്റെ കൃത്യമായ അളവ് കാണിക്കുന്ന ഒരു പഠനവും ഇല്ലെങ്കിലും, നല്ല ആരോഗ്യത്തിന് ഓരോ വ്യക്തിക്കും പ്രതിദിനം ശരാശരി 7-8 മണിക്കൂർ ആവശ്യമാണെന്നും ഗുപ്ത പറഞ്ഞു. ”നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ, യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ എന്നിവയുടെ ജേണലായ പിഎംസിയിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ 11-13 മിനിറ്റ് കൂടുതൽ ഉറക്കം വേണം,” അദ്ദേഹം വ്യക്തമാക്കി.
നല്ല ഉറക്കത്തിനുള്ള ചില ടിപ്സുകൾ
- എല്ലാ ദിവസവും രാത്രി ഒരേ സമയത്ത് കിടക്കുകയും രാവിലെ ഒരേ സമയത്ത് ഉറക്കം ഉണരുകയും ചെയ്യുക
- ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിനു മുൻപായി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക
- മനസിന് ശാന്തതയേകുന്ന കാര്യങ്ങൾ ചെയ്യുക. ഉറങ്ങുന്നതിനു മുൻപായി കുളിക്കുക. ഇത് ശരീരത്തിനും മനസിനും കുളിർമയേകും. പുസ്തകം വായിക്കുക, ധ്യാനം എന്നിവയും ചെയ്യാവുന്നതാണ്.
- ഉറങ്ങുന്നതിനു മുൻപായി ചെറിയ വ്യായാമങ്ങൾ ചെയ്യുക. ദിവസേന ഇത് ചെയ്യുന്നത് നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉറക്കക്കുറവിന് പരിഹാരം കാണാൻ പറ്റുന്ന യോഗാസനങ്ങൾ; യോഗ പരിശീലക പറയുന്നത് ഇതാണ്