scorecardresearch

മഞ്ഞുകാലത്ത് ബിപി കൂടുമോ? ശ്രദ്ധിക്കേണ്ടത് ആരൊക്കെ?

ഇത് ഹൃദ്രോഗികൾക്കും ബിപി രോഗികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്

ഇത് ഹൃദ്രോഗികൾക്കും ബിപി രോഗികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
blood pressure

Source: Freepik

ശൈത്യകാലം എത്തുന്നതോടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഠിനമായ ചൂടും നിർജലീകരണവുമാണ് രക്തസമ്മർദം കൂട്ടുന്നതെന്ന് പൊതുവെ കരുതാറുണ്ടെങ്കിലും, മഞ്ഞുകാലത്തും ബിപി വലിയ തോതിൽ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ വ്യക്തമാക്കുന്നത്.

Advertisment

മഞ്ഞുകാലത്ത് രക്തസമ്മർദത്തിൽ 5 മുതൽ 10 mmHg വരെ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഹൃദ്രോഗികൾക്കും ബിപി രോഗികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ശൈത്യകാലത്തെ ചെറിയ മാറ്റങ്ങൾ പോലും ഹൃദയാരോഗ്യത്തെ ബാധിക്കാമെന്നതിനാൽ ശരിയായ മുൻകരുതലുകൾ എടുക്കുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

Also Read: പച്ച, ചുവപ്പ് അതോ കറുപ്പ്? ഏത് മുന്തിരിയാണ് കൂടുതൽ പോഷകസമൃദ്ധം?

മഞ്ഞുകാലത്ത് ബിപി കൂടുന്നതിന്റെ പ്രധാന കാരണങ്ങൾ

രക്തക്കുഴലുകളുടെ സങ്കോചം: തണുപ്പിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനായി രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് രക്തം ഒഴുകുന്നതിനുള്ള തടസം വർധിപ്പിക്കുകയും ഹൃദയത്തിന് കൂടുതൽ സമ്മർദത്തോടെ രക്തം പമ്പ് ചെയ്യേണ്ടി വരികയും ചെയ്യുന്നു. ഇത് നേരിട്ട് രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു.

സ്ട്രെസ് ഹോർമോണുകൾ: തണുപ്പിനെ പ്രതിരോധിക്കാൻ ശരീരം അഡ്രിനാലിൻ, നോർഅഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇവ ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകളെ കൂടുതൽ മുറുക്കുകയും ചെയ്യുന്നു.

വ്യായാമക്കുറവ്: തണുപ്പുകാലത്ത് വ്യായാമം ചെയ്യുന്നതിൽ പലരും വിമുഖത കാണിക്കാറുണ്ട്. ശാരീരിക അധ്വാനം കുറയുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ബിപി നിയന്ത്രണാതീതമാകാൻ ഇടയാക്കുകയും ചെയ്യും.

Also Read: ഗ്യാസിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ഭക്ഷണരീതിയിലെ മാറ്റങ്ങൾ: മഞ്ഞുകാലത്തെ ആഘോഷങ്ങളും ഭക്ഷണരീതിയും ബിപിയെ സ്വാധീനിക്കുന്നു. ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾ ശരീരത്തിൽ ജലാംശം തങ്ങിനിൽക്കാൻ കാരണമാവുകയും ബിപി ഉയർത്തുകയും ചെയ്യുന്നു.

വൈറ്റമിൻ ഡിയുടെ കുറവ്: മഞ്ഞുകാലത്ത് സൂര്യപ്രകാശം കുറവായതിനാൽ ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദനം കുറയുന്നു. വൈറ്റമിൻ ഡിയുടെ കുറവ് രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

കൂടുതൽ ജാഗ്രത പാലിക്കേണ്ടവർ ആരെല്ലാം?

  • മുതിർന്ന പൗരന്മാർ
  • നിലവിൽ ഉയർന്ന രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ
  • പ്രമേഹ രോഗികൾ, വൃക്കരോഗമുള്ളവർ

Also Read: യുവാക്കളിലെ പെട്ടെന്നുള്ള മരണ കാരണം ഹൃദ്രോഗം; കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് എയിംസ് പഠനം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബിപി പരിശോധിക്കുക: ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും ബിപി പരിശോധിക്കുന്നത് നല്ലതാണ്. രാവിലെയാണ് ബിപി കൂടാൻ കൂടുതൽ സാധ്യതയുള്ളത്.

ശരീരം ചൂടാക്കി നിർത്തുക: തണുപ്പിൽ നിന്നും സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾ ധരിക്കുക. കൈകളും പാദങ്ങളും തലയും മൂടിവെക്കാൻ ശ്രദ്ധിക്കുക.

വ്യായാമം മുടക്കരുത്: പുറത്ത് പോകാൻ ബുദ്ധിമുട്ടാണെങ്കിൽ വീടിനുള്ളിൽ തന്നെ യോഗയോ ലളിതമായ വ്യായാമങ്ങളോ ചെയ്യുക.

ഭക്ഷണനിയന്ത്രണം: ഉപ്പിന്റെ അളവ് കുറയ്ക്കുക. വീട്ടിൽ പാകം ചെയ്ത പോഷകഗുണമുള്ള ഭക്ഷണങ്ങൾ ശീലമാക്കുക.

മരുന്ന് മുടക്കരുത്: ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകളിൽ മാറ്റം വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യരുത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വൻകുടൽ കാൻസർ തടയാം, കരളിനും ഉത്തമം; ഈ 'ഒറ്റ' ഭക്ഷണം മാത്രം മതി

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: