ശാരീരിക-മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോഴും ദന്താരോഗ്യത്തെ പലരും അവഗണിക്കുന്നു. ദന്താരോഗ്യത്തിന് ദിവസവും രാവിലെയും വൈകീട്ടും പല്ല് വൃത്തിയാക്കിയാൽ മാത്രം മതിയെന്നാണ് പലരും കരുതുന്നത്. അത് തെറ്റാണ്. ദിവസവും പല്ല് വൃത്തിയാക്കുന്നതുപോലെ പ്രധാനമാണ് നാവ് വൃത്തിയാക്കുന്നതും.
പല്ല് വൃത്തിയാക്കിയതിനുശേഷം യു ആകൃതിയിലുള്ള ടംഗ് ക്ലീനർ ഉപയോഗിച്ച് നാവ് വടിക്കണമെന്ന് ആയുർവേദ ഡോ.നിതിക കോഹ്ലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതി. നാവ് പതിവായി വൃത്തിയാക്കുന്നത് ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യാനും വായുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് അവർ പറഞ്ഞു.
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു ശുചീകരണ പ്രക്രിയയാണ് നാവ് വടിക്കലെന്ന് കർമ്മ ആയുർവേദ സ്ഥാപകൻ ഡോ.പുനീത് പറഞ്ഞു. നാവ് വൃത്തിയാക്കിയാലുള്ള ഗുണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നാവ് വൃത്തിയാക്കുന്നത് ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നാവും കുടൽ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ ആയുർവേദം വിവരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ”നാവിന്റെ വിവിധ ഭാഗങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നാവിൽ നല്ലതും ദോഷകരവുമായ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ബാക്ടീരിയയും ഭക്ഷണ അവശിഷ്ടങ്ങളും പാപ്പില്ലകൾക്കിടയിൽ അടിഞ്ഞു കൂടുന്നു. ഇവ കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ നിരന്തരമായ വായ്നാറ്റത്തിലേക്ക് നയിക്കുന്നു. വൃത്തിയുള്ള നാവ് രുചി നന്നായി തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും,” അദ്ദേഹം പറഞ്ഞു.
പല്ല് വൃത്തിയാക്കുന്നതുപോലെ, നാവ് വടിക്കുമ്പോഴും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ടെന്ന് ഡോ.പുനീത് വിശദീകരിച്ചു.
ചെയ്യേണ്ടവ
- ടംഗ് ക്ലീനർ ഉപയോഗിച്ച് നാവ് വൃത്തിയാക്കുക
- ദിവസവും രണ്ടുനേരം ചെയ്യുക. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി കിടക്കുന്നതിനു മുൻപായും.
- മിനുസമാർന്ന അരികുകളുള്ള നല്ല നിലവാരമുള്ള ടംഗ് ക്ലീനർ വാങ്ങുക.
- ടംഗ് ക്ലീനർ ഉപയോഗിച്ച് വളരെ പതിയെ നാവ് വടിക്കുക. ഇതിലൂടെ നാവിൽ മുറിവുകൾ ഉണ്ടാകില്ല.
ചെയ്യരുതാത്തവ
- നാവ് വൃത്തിയാക്കുമ്പോൾ ടംഗ് ക്ലീനറിൽ അമിതമായി ബലം പ്രയോഗിക്കരുത്. അങ്ങനെ ചെയ്യുന്നത് നാവിന്റെ സെൻസിറ്റീവ് ഉപരിതലത്തെ ദോഷകരമായി ബാധിക്കുകയും രുചി മുകുളങ്ങളെ നശിപ്പിക്കുകയും ചെയ്യും.
- വെളുത്ത പാടുകളോ അൾസറോ ശ്രദ്ധയിൽപ്പെട്ടാൽ നാവ് വടിക്കുന്നത് തുടരരുത്.
- നാവ് വൃത്തിയാക്കാൻ ടൂത്ത് ബ്രഷ് ഉപയോഗിക്കരുത്.