നിങ്ങളുടെ ഹൃദയത്തെ പരിപാലിക്കുന്നതുപോലെ, കാൽവണ്ണയിലെ പേശികളുടെ ആരോഗ്യവും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എന്താണ് ഇവ തമ്മിലുള്ള ബന്ധം? വിദഗ്ധരുടെ അഭിപ്രായത്തിൽ, കാൽവണ്ണയിലെ പേശി താഴെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു. ഇതുകൊണ്ട് അവയെ പലപ്പോഴും ‘രണ്ടാം ഹൃദയം’ എന്നാണ് വിളിക്കുന്നത്.
സിരകളിലെ (വെയിൻ) ഡീഓക്‌സിജനേറ്റഡ് (അശുദ്ധമായ) രക്തം സ്വീകരിച്ച്, ഓക്‌സിജൻ വിതരണത്തിനായി ശരീരത്തിലുടനീളം ധമനികളുടെ (ശുദ്ധമായ) രക്തം പമ്പ് ചെയ്യുകയാണ് ഹൃദയം ചെയ്യുന്നത്. അതുപോലെ കാലുകളിൽ നിന്നു സിര രക്തം ഹൃദയത്തിലേക്ക് കൊണ്ടുവരുന്നതിൽ കാൽവണ്ണയിലെ പേശികൾ പ്രധാന പങ്ക് വഹിക്കുന്നു, നോയിഡയിലെ ശാരദ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. ശുഭേന്ദു മൊഹന്തി വിശദീകരിക്കുന്നു.
എന്നാൽ ഈ വാൽവുകൾ തകരാറിലാകുകയോ ദുർബലമാവുകയോ ചെയ്യുമ്പോൾ, ‘രണ്ടാമത്തെ ഹൃദയം’ അമിതമായി തളർന്നുപോകുന്നു. അത് വെരിക്കോസ് സിരകൾ, സ്പൈഡർ സിരകൾ, ക്രോണിക് വെനസ് അപര്യാപ്തത (സിവിഐ) പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു.
“ദീർഘനേര വിമാനയാത്രകളിലോ ഡ്രൈവിങ്ങിലോ കാൽവണ്ണയിലെ പേശി അനക്കാതെ വെയ്ക്കുന്നത് ക്ലോട്ട് ഉണ്ടാകുന്നതിനു കാരണമാകുന്നു. ഇതാണ് കാലുകളിലെ ഡീപ് വെയിൻ ത്രോംബോസിസിന്റെ കാരണം, ഇത് വളരെ അപകടകരമാണ്, ”ഡോ. ശുഭേന്ദു ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു.
കാൽവണ്ണയിലെ പേശികൾ ഒരു വെയിൻ പമ്പായി പ്രവർത്തിക്കുന്നു. ഇത് ചുരുങ്ങുകയും റിലാക്സ് ചെയ്യുകയും ചെയ്യുന്നു. ഗുരുത്വാകർഷണത്തിനെതിരായി ഇത് രക്തത്തെ മുകളിലേക്ക് പമ്പ് ചെയ്യാൻ സഹായിക്കുന്നു.
“ഈ സംവിധാനം സിരകളിലെ വൺ-വേ വാൽവുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. കാലുകളിൽ രക്തം അടിഞ്ഞുകൂടുന്നതും ഡിവിടി, വെരിക്കോസ് വെയിൻ പോലുള്ള അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നു,” നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഫിസിയോതെറാപ്പി, സ്പോർട്സ് മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, എച്ച്ഒഡി, പ്രൊഫസർ (ഡോ) അലി ഇറാനി പറയുന്നു.
പ്രശ്നബാധിത ഭാഗത്ത് വീക്കം, വിട്ടുമാറാത്ത കാല് വേദന, കാലിൽ ചുവപ്പ് അല്ലെങ്കിൽ നീലകലർന്ന നിറം, കാലിൽ വേദന, ക്ഷീണം എന്നിവ ഡിവിടിയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. അതുപോലെ, കട്ടപിടിക്കുന്നത് ഒഴിവാക്കാൻ ആക്ടീവായി തുടരേണ്ടതുണ്ട്. സമാനമായ രീതിയിൽ, ദ ആർട്ട് ഓഫ് ലിവിംഗ് യുഎസ്എ പേജ് കാൽവണ്ണയിലെ പേശികൾ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു റീൽ പങ്കിട്ടു.
“കാൽവണ്ണയിലെ പേശികളെ റിലാക്സ് ചെയ്യുമ്പോഴും കോൺട്രാക്റ്റ് ചെയ്യുമ്പോഴും അവ ആക്ടീവായിമാറുന്നു. അത് മെച്ചപ്പെട്ട രക്തചംക്രമണം, മികച്ച ഉറക്കം, ലിംഫറ്റിക് ഡ്രെയിനേജ്, കൂടാതെ മറ്റു ആരോഗ്യ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു,” പോസ്റ്റിൽ പറയുന്നു.
‘രണ്ടാം ഹൃദയം’ എങ്ങനെ ആക്ടീവാക്കാം?
താഴെ പറയുന്ന ആക്ടീവിറ്റികൾ വഴി കാൽവണ്ണയിലെ പേശികളെ സജീവമാക്കാം. എല്ലാം അഞ്ച് തവണ വീതം ചെയ്തു നോക്കുക.
ഒരു കോണിപ്പടിയുടെ അരികിൽ നിൽക്കുക (അവയിൽ പിടിച്ചുകൊണ്ട്) ഉപ്പൂറ്റി ഉയർത്തുക, പിന്നെ താഴ്ത്തുക
പിന്നെ കാലുകൾ പുറത്തേക്ക് തിരിക്കുക, ഉപ്പൂറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.
ഇനി കാലുകൾ മറുവശത്തേക്ക്, അകത്തേക്ക് തിരിക്കുക.
ഉപ്പൂറ്റി ഉയർത്തുകയും തിരിക്കുകയും ചെയ്യുക
ഇതിനുശേഷം ആദ്യം ചെയ്തത് ആവർത്തിക്കുക.
ഒരു സ്പ്രിങ് പോലെ കാൽവണ്ണയിലെ പേശികളെ പമ്പ് ചെയ്യുക. 20-30 വട്ടം ഇവ ആവർത്തിക്കുക.
പായയിൽ ഒരു യോഗ ബ്ലോക്ക് വയ്ക്കുക. ബ്ലോക്കിൽ കാൽ വയ്ക്കുക. വളഞ്ഞുനിന്നശേഷം, കാൽവിരലുകൾ മുകളിലേക്ക് വലിച്ചു പിടിക്കുക. മറ്റേ കാൽ കൊണ്ടും ഇത് ആവർത്തിക്കുക.
കണങ്കാൽ – ഘടികാരദിശയിലും എതിർ ഘടികാരദിശയിലും 10 തവണ വീതം കറക്കുക