ലോകത്തിൽവച്ച് ഏറ്റവും പ്രശസ്തമായ ഒന്നാണ് ഗ്രീൻ ടീ. കാമെലിയ സിനൻസിസ് ചെടിയിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള സംയുക്തമായ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ആരോഗ്യത്തിന് ഗുണം ചെയ്യും. ഗ്രീൻ ടീ പതിവായി കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും
മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് ഉരുകാൻ സഹായിക്കുകയും ശാരീരിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ നല്ലതാണ്. ഗ്രീൻ ടീയിൽ കലോറി പൂജ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് പ്രതിദിനം 2-3 കപ്പ് ഗ്രീൻ ടീ കുടിക്കാം.
ഗ്രീൻ ടീ പ്രമേഹ സാധ്യത കുറയ്ക്കും
പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഗ്രീൻ ടീയിലെ EGCG ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഗ്രീൻ ടീ കാറ്റെച്ചിനുകൾ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിദിനം മൂന്ന് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 42% കുറയ്ക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ഗ്രീൻ ടീ മൊത്തം കൊളസ്‌ട്രോളിന്റെയും എൽഡിഎൽ കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദം കുറയ്ക്കും
ഗ്രീൻ ടീ ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും പേശികളെ വിശ്രമിക്കാനും സഹായിക്കുന്നു. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.
വിഷാദവും ഉത്കണ്ഠയും കുറയ്ക്കും
ഗ്രീൻ ടീ പോളിഫെനോൾസ് സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാൻ സഹായിക്കുന്നു, അതുവഴി ഉത്കണ്ഠയും വിഷാദവും കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഒരു ദിവസം എത്ര കപ്പ് ഗ്രീൻ ടീ കുടിക്കാം
ഒരു ദിവസം മൂന്നു കപ്പ് ഗ്രീൻ ടീ കുടിക്കാം. നാലു കപ്പ് ആകരുത്. ഉച്ചഭക്ഷണത്തിനോ, വൈകുന്നേരത്തെ വർക്ക്ഔട്ടിനോ, അത്താഴത്തിനോ 20-30 മിനിറ്റ് മുൻപായി ഗ്രീൻ ടീ കുടിക്കുക. പ്രഭാത ഭക്ഷണത്തിനൊപ്പം വേണമെങ്കിൽ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കാം.
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. അതുപോലെ ഉറങ്ങുന്നതിനു തൊട്ടുമുൻപായി കുടിക്കുന്നതും ഒഴിവാക്കണം. ഗ്രീൻ ടീയിലെ കഫീൻ ഉള്ളടക്കം ഉറക്കത്തെ തടസ്സപ്പെടുത്താം ഉറങ്ങുന്നതിനു 4-5 മണിക്കൂർ മുൻപായി കുടിക്കുക.
ആരൊക്കെ ഗ്രീൻ ടീ ഒഴിവാക്കണം?
ഗർഭിണികൾ, ഉത്കണ്ഠാ രോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അൾസർ ഉള്ളവർ, 2 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.