നമ്മളിൽ ഭൂരിഭാഗം പേരും ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാണ് ദിവസം തുടങ്ങുന്നത്. എന്നാൽ, അവയിൽ മധുരത്തിന് ഉപയോഗിക്കുന്നവയെക്കുറിച്ച് ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ആരോഗ്യത്തിന്റെയും പോഷകാഹാരത്തിന്റെയും കാര്യത്തിൽ മിക്കവാറും എല്ലാ രൂപത്തിലും പഞ്ചസാര ഒരു വില്ലനായി കാണപ്പെടുന്നു. പഞ്ചസാര, ശർക്കര, തേൻ, ബ്രൗൺ ഷുഗർ തുടങ്ങി മധുരത്തിന് ഉപയോഗിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ഇവയിൽ ഏതാണ് മികച്ചത്?.
ഇവയിൽ ഒരെണ്ണം തിരഞ്ഞെടുക്കുന്നതിന് മുമ്പ്, എല്ലാത്തരം പഞ്ചസാരകളിൽ നിന്നുമുള്ള കലോറികൾ കൂടുതലോ കുറവോ തുല്യമാണെന്നും അവയുടെ പോഷകാഹാര ഘടനയിലും സംസ്കരണ രീതികളിലും വ്യത്യാസം ഉണ്ടെന്നും അറിയുക. വിദഗ്‌ധരും ഇതുതന്നെയാണ് പറയുന്നത്.
പഞ്ചസാര, ബ്രൗൺ ഷുഗർ, ശർക്കര എന്നിവയെല്ലാം കരിമ്പിൽ നിന്നാണ് നിർമ്മിക്കുന്നത്. ”കരിമ്പിന്റെ നീര് മുതൽ ശര്‍ക്കരപ്പാവ് വരെയുള്ള അന്തിമ ശുദ്ധീകരിച്ച ഉൽപ്പന്നമാണ് വെളുത്ത പഞ്ചസാര. ബ്രൗൺ പഞ്ചസാരയും ശുദ്ധീകരിക്കപ്പെടുന്നു, പക്ഷേ ശര്‍ക്കരപ്പാവ് അതിൽ പ്രത്യേകം ചേർക്കുന്നു. എന്നാൽ, ശർക്കര ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് അതിന്റെ പോഷകഗുണങ്ങൾ അൽപം വ്യത്യസ്തമായിരിക്കുന്നത്,” ഡയറ്റീഷ്യൻ ഗരിമ ഗോയൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
നിങ്ങൾ ഒരു ടീസ്പൂൺ പഞ്ചസാരയോ ബ്രൗൺ ഷുഗർ അല്ലെങ്കിൽ ശർക്കരയോ എടുത്താലും, അവയെല്ലാം ഒരേ കലോറിയാണ് നൽകുന്നതെന്ന് (ഏകദേശം 20 കിലോ കലോറി) ഗോയൽ പറഞ്ഞു. വെള്ളയോ തവിട്ടുനിറമോ ഉള്ള പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ, ശർക്കരയിൽ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. തികച്ചും വ്യത്യസ്തമായ ഉറവിടത്തിൽ നിന്നുള്ള (തേനീച്ചകൾ) തേൻ പോലും ഒരേ അളവിൽ കലോറി നൽകുന്നുവെന്ന് ഗോയൽ ചൂണ്ടിക്കാട്ടി.
നിങ്ങൾ ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
പാചക കാര്യം വരുമ്പോൾ ഇവയെല്ലാം തുല്യമാണ്. ആരോഗ്യകാര്യത്തിൽ ഏറ്റവും മികച്ചത് എന്നൊന്നില്ല. എല്ലാത്തിലും സമാനമായ കലോറികളാണെന്നും തേനിലും ശർക്കരയിലും ചെറിയ അളവിൽ ചില പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഗോയൽ പറഞ്ഞു.
ശർക്കരയുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതായത് പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകില്ല. അതിനാൽ പ്രമേഹമുള്ളവർക്ക് മികച്ച തിരഞ്ഞെടുപ്പാണിത്. പഞ്ചസാരയ്‌ക്ക് പകരം കൂടുതൽ പ്രകൃതിദത്തവും ആരോഗ്യകരവുമായ ബദൽ തേടുന്നവർക്ക് ശർക്കര നല്ലൊരു തിരഞ്ഞെടുപ്പാണെന്ന് നോയിഡയിലെ ഇന്റേണൽ മെഡിസിൻ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡയറക്ടറും മേധാവിയുമായ ഡോ.അജയ് അഗർവാൾ അഭിപ്രായപ്പെട്ടു.