ശരീരത്തിന് ഉന്മേഷം പകരുന്ന പാനീയങ്ങളിൽ ഒന്നാണ് നാരങ്ങ വെള്ളം. വേനൽക്കാലത്തെ പലരുടെയും ഇഷ്ട പാനീയം കൂടിയാണിത്. നാരങ്ങയും നാരങ്ങ വെള്ളവും മറ്റു സിട്രസ് പഴങ്ങളെ പോലെ പോഷകഗുണമുള്ളതാണ്. ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഫ്രീ റാഡിക്കലുകൾ അല്ലെങ്കിൽ കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കൾ മൂലമുണ്ടാകുന്ന കേടുപാടുകൾ തടയുകയോ നിർത്തുകയോ ചെയ്തുകൊണ്ട് ആന്റിഓക്സിഡന്റുകൾ ശരീരത്തെ സംരക്ഷിക്കുന്നു.
നാരങ്ങയാണോ നാരങ്ങ വെള്ളമാണോ ആരോഗ്യത്തിന് മികച്ചത്?
നാരങ്ങ വെള്ളം. നാരങ്ങയെ അപേക്ഷിച്ച് നാരങ്ങ വെള്ളത്തിൽ വിറ്റാമിൻ സി കുറച്ച് കൂടുതലാണ്. നാരങ്ങയിൽ പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ ബി 6 എന്നിവ കൂടുതലാണ്. നാരങ്ങ വെള്ളത്തിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തെ സഹായിക്കുന്നു. അതിനാൽ നാരങ്ങ വെള്ളം എല്ലാ ദിവസവും കുടിക്കാം.
ഒരു ദിവസം എത്ര ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം
എല്ലാ ദിവസവും നാരങ്ങ വെള്ളം കുടിക്കാമെങ്കിലും മിതമായ അളവിലായിരിക്കണം. ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നതാണ് സുരക്ഷിതം.
നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു
ആരോഗ്യമുള്ളതും ചർമ്മം ചെറുപ്പമുള്ളതാക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. എന്നാൽ ചർമ്മത്തിന്റെ നിറവും തിളക്കവും കൂട്ടാൻ വിലകൂടിയ ഉൽപ്പന്നങ്ങൾക്ക് പണം ചെലവഴിക്കേണ്ടതില്ല. നാരങ്ങയിൽ വിറ്റാമിൻ സിയും കൊളാജനെ ശക്തിപ്പെടുത്തുന്ന ആന്റിഓക്സിഡന്റുകളായ ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. നാരങ്ങ വെള്ളം കുടിക്കുന്നത് ചർമ്മത്തിന് ജലാംശം നൽകുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ദഹനം മെച്ചപ്പെടുത്തും
നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. നാരങ്ങ അസിഡിറ്റി സ്വഭാവമുള്ളതാണ്. മെച്ചപ്പെട്ട ദഹനത്തിനായി ഭക്ഷണത്തെ തകർക്കാൻ ഉമിനീരിനെ അവ സഹായിക്കുന്നു. കൂടാതെ, നാരങ്ങയിലെ ഫ്ലേവനോയിഡുകൾ ദഹനരസങ്ങളുടെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു. മലബന്ധ പ്രശ്നമുള്ളവർ നാരങ്ങ വെള്ളം കുടിക്കുക. നാരങ്ങയുടെ അസിഡിറ്റി സ്വഭാവം വിസർജ്ജന സംവിധാനത്തെ വൃത്തിയാക്കാനും കുടലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കും.
അണുബാധകളെ ചെറുക്കുന്നു
അണുബാധയ്ക്ക് സാധ്യതയുള്ള സമയങ്ങളിൽ ആരോഗ്യം നിലനിർത്താൻ ദിവസം മുഴുവൻ നാരങ്ങ വെള്ളം കുടിക്കുക. നാരങ്ങയിലെ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ജലദോഷം, പനി തുടങ്ങിയ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും
നാരങ്ങ വെള്ളത്തിന്റെ മറ്റൊരു ഗുണം ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. സിട്രിക് ആസിഡിന് മെറ്റബോളിസം വർധിപ്പിക്കാൻ കഴിയും, ഇത് കൂടുതൽ കലോറി എരിച്ചുകളയാനും കുറഞ്ഞ കൊഴുപ്പ് സംഭരിക്കാനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
വിറ്റാമിൻ സിയുടെ മികച്ച ഉറവിടം എന്ന നിലയിൽ, പ്രമേഹമുള്ളവർക്ക് നാരങ്ങ സഹായകമാകും.നാരങ്ങകൾക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉണ്ട്. രക്തപ്രവാഹത്തിലേക്ക് പഞ്ചസാരയെ ശരീരം ആഗിരണം ചെയ്യുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൽഫലമായി, രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.