പഞ്ചസാരയ്ക്ക് പല ദോഷവശങ്ങളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ പലരും പഞ്ചസാരയ്ക്കുപകരം ശർക്കര ഉപയോഗിക്കാറുണ്ട്. എന്നാൽ പഞ്ചസാരയാണോ അതോ ശർക്കരയാണോ ആരോഗ്യത്തിന് മികച്ചത്?. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ പഞ്ചസാരയെക്കുറിച്ചും ശർക്കരയെക്കുറിമുള്ള ചില വസ്തുതകൾ പറഞ്ഞിട്ടുണ്ട്.
- ശർക്കര പഞ്ചസാരയ്ക്ക് പകരമല്ല.
- ശർക്കരയുടെയും പഞ്ചസാരയുടെയും ഉപയോഗം കാലാവസ്ഥയെയും ഭക്ഷണ കോമ്പിനേഷനുകളെയും ആശ്രയിച്ചിരിക്കുന്നു.
- ശൈത്യകാലത്ത് ശർക്കരയും വേനൽക്കാലത്ത് പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്.
പഞ്ചസാരയുടെയും ശർക്കരയുടെയും ഉറവിടം കരിമ്പ് ജ്യൂസ് ആണ്, പ്രോസസിങ് മാത്രമാണ് വ്യത്യസ്തമെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. ”ശർക്കര പൂർണമായും പ്രകൃതിദത്തമായ ഭക്ഷണമാണ്. അതേസമയം, പഞ്ചസാരയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ശുദ്ധീകരിച്ച പഞ്ചസാര തയ്യാറാക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നു. എന്നാൽ ശർക്കര അങ്ങനെയല്ല തയ്യാറാക്കുന്നത്, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കാൽസ്യം, സെലിനിയം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ചയുള്ളവർക്ക് വളരെ നല്ലതാണിത്,” അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
ശർക്കര സാവധാനത്തിൽ ആഗിരണം ചെയ്യുന്നത് പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നു. എന്നാൽ പഞ്ചസാര അതിവേഗം ആഗിരണം ചെയ്യപ്പെടുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ”ശർക്കരയിൽ ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിന്നു. ഇത് ആരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചതാണ്. എന്നാൽ, പഞ്ചസാരയിൽ കലോറി ശൂന്യമാണ്. ആയുർവേദ പ്രകാരം ശർക്കരയ്ക്ക് അലർജി വിരുദ്ധ ഗുണങ്ങളുണ്ട്. കൂടാതെ ആസ്ത്മ, ചുമ, ജലദോഷം തുടങ്ങിയ വിവിധ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു കഷണം ശർക്കര കഴിക്കുന്നത് ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ നീക്കം ചെയ്ത് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്നു,” അവർ പറഞ്ഞു.
ശർക്കരയിൽ കലോറി കൂടുതലാണെങ്കിലും, ചില അധിക ആരോഗ്യ ഗുണങ്ങളുണ്ട്. അതേസമയം ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് വളരെ കുറച്ച് ഗുണങ്ങളേയുള്ളൂവെന്ന് ഗോയൽ അഭിപ്രായപ്പെട്ടു.