രുചിയും ആരോഗ്യ ഗുണങ്ങളുമുള്ളതിനാൽ നമ്മളിൽ ഭൂരിഭാഗം പേരും പഴങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഭക്ഷണക്രമത്തിൽ പഴവർഗങ്ങളുടെ പങ്ക് വളരെ വലുതാണ്. നിശ്ചിത അളവിൽ, ദൈംദിന ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. അവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളായ പോളിഫെനോളിക് ഫ്ലേവനോയിഡുകൾ, വിറ്റാമിൻ സി, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനോടൊപ്പം പ്രതിരോധശേഷി ഉയർത്താനും ഈ സംയുക്തങ്ങൾ സഹായകമാണ്.
പഴങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണക്രമം പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. പഴങ്ങളിൽ ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. പഴങ്ങളിലെ നാരുകളുടേയും വെള്ളത്തിന്റെയും സാന്നിധ്യം പ്രമേഹരോഗികളിൽ മലബന്ധം അകറ്റാൻ സഹായിക്കും. ആവശ്യമായ അളവിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാം.

പ്രമേഹമുള്ളവർ പഴങ്ങൾ കഴിക്കുന്നതിലും നിയന്ത്രണം വേണം. പ്രമേഹമുള്ള ഒരാൾക്ക് ഏതു പഴവും കഴിക്കാം. എന്നാൽ, എല്ലാ പഴങ്ങളും ഒരേ അളവിൽ കഴിക്കുന്നത് ഗുണം ചെയ്തേക്കില്ല. ഗ്ലൈസമിക് സൂചിക (ജിഐ) കൂടിയ പഴങ്ങൾ പ്രമേഹ രോഗികൾ കഴിക്കുന്നത് ഒഴിവാക്കണം. ടിന്നിലടച്ചതോ സംസ്കരിച്ചതോ ആയ പഴങ്ങളിൽ പലതിലും പഞ്ചസാര ചേർക്കുന്നു. അവയും ഒഴിവാക്കുക. പഴച്ചാറുകളും വേണ്ട. അവയിൽ പോഷകഗുണങ്ങൾ വളരെ കുറവാണ്, മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.
പ്രമേഹമുള്ളവർക്ക് ഏതൊക്കെ പഴം, എത്രത്തോളം കഴിക്കാം?. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ മറ്റു കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക. പഴങ്ങളിൽ അടങ്ങിയ കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നു. പ്രേമേഹരോഗികൾക്കു ഒരു തവണ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയ പഴം ഡയറ്റിൽ ഉൾപ്പെടുത്താം, ഒരു ദിവസം 30 ഗ്രാമിൽ അധികമാകാൻ പാടില്ല. അതായത് 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴം ഒരു തവണ കഴിക്കാം, ഇത്തരത്തിൽ ദിവസം രണ്ടു പഴങ്ങൾ കഴിക്കാവുന്നതാണ്. ഉച്ചഭക്ഷണത്തിനു ശേഷം പഴങ്ങൾ കഴിക്കുന്നതിലും നല്ലത് രാവിലെയോ ഉച്ചയ്ക്കു ശേഷമോ ഇടവേളകളിൽ ലഘുഭക്ഷണമായി ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ, വലിയ അളവിൽ കഴിക്കുന്നതിലും നല്ലത് പാലുൽപ്പന്നങ്ങളോ നട്സോ പോലുള്ള പ്രോട്ടീൻ അടങ്ങിയവയ്ക്കൊപ്പം ചേർത്ത് കഴിക്കുന്നതാണ്.
ഗ്ലൈസമിക് സൂചിക അനുസരിച്ച് പഴങ്ങൾ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, ആപ്പിൾ, അവക്കാഡോ, ചെറി, പേരക്ക, സ്ട്രാബറി തുടങ്ങിയ പഴങ്ങൾക്ക് കുറഞ്ഞ ജി.ഐ (20 – 49 ) സൂചികയാണുള്ളത്. അത്തിപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവ മീഡിയം ജി.ഐ സൂചികയും (50 – 69) വാഴപ്പഴം, ഈന്തപ്പഴം തുടങ്ങിയവ ഉയർന്ന ജി.ഐ സൂചികയും ഉൾപ്പെടുന്നു.