കൊഴുപ്പിന്റെ ഒരു രൂപമാണ് എണ്ണകൾ. ഊർജം ഉൽപ്പാദിപ്പിക്കാനും ദഹനം എളുപ്പമാക്കാനും വിറ്റാമിൻ ആഗിരണത്തിനും ശരീരത്തിന് കുറച്ച് ഇത് ആവശ്യമാണ്. ”കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും സന്തുലിതമാക്കാൻ ദൈനംദിന ഭക്ഷണത്തിൽ 10 മുതൽ 15 ശതമാനം വരെ കൊഴുപ്പുകൾ ആവശ്യമാണ്. ആ പരിധിക്കുള്ളിൽ അവയെ മിതപ്പെടുത്തണം. നാം ഉപയോഗിക്കുന്ന എണ്ണകൾ ഹൃദയത്തിന് ആരോഗ്യകരമാണെന്നും ധമനികളുടെ ഭിത്തികൾക്ക് കേടുപാടുകൾ വരുത്തുന്നില്ലെന്നും അവ അടഞ്ഞുപോകുന്നില്ലെന്നും ഉറപ്പാക്കണം,” ഗുഡ്ഗാവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡയറക്ടർ ആൻഡ് കാർഡിയോവാസ്‌കുലർ സർജറി ഡോ.ഉദ്ഗീത് ധിർ പറഞ്ഞു.
ഹൃദ്രോഗം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലുള്ള ഒരു രാജ്യത്ത് നമ്മുടെ പാചക രീതികൾ മാറേണ്ടതുണ്ട്. എണ്ണയിൽ വറുക്കുന്നതിൽനിന്ന് മാറ്റി ചെറുതായി വഴറ്റുക. പാത്രത്തിൽ പച്ചക്കറികളുടെ ഭാഗം വർധിപ്പിക്കുക. ”ഹൃദയ ബൈപാസ് ശസ്ത്രക്രിയകൾ നടത്തുന്ന രോഗികളുടെ പ്രായം ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. 35 ൽനിന്ന് മാറി ഇപ്പോഴത്തെ രോഗികളുടെ പ്രായം 27 ആയി കുറഞ്ഞിട്ടുണ്ട്. മറ്റ് ഘടകങ്ങളോടൊപ്പം ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത കൂട്ടുന്നു,” അവർ പറഞ്ഞു.
പോളി, മോണോ-അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയതും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ എണ്ണകളാണ് ആരോഗ്യകരമായ എണ്ണകൾ. ”എല്ലാ സസ്യ എണ്ണകളും മൃഗങ്ങളുടെ കൊഴുപ്പിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ സുരക്ഷിതമാണെന്ന് ഞാൻ പറയും. നട്സുകളിൽനിന്നും വിത്തുകളിൽനിന്നും ലഭിക്കുന്നവയും വളരെ നല്ലതാണ്. ഹൈഡ്രോജെനേറ്റഡ് അല്ലെങ്കിൽ പൂരിത കൊഴുപ്പ് ഉള്ള എണ്ണകളാണ് ഏറ്റവും മോശം എണ്ണകൾ. വെളിച്ചെണ്ണയും പാം ഓയിൽ പോലുള്ളവയും മോശമാണ്. വെളിച്ചെണ്ണയിൽ ഉയർന്ന പൂരിത കൊഴുപ്പ് ഉണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇത് റെഡ് മീറ്റിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പിന് തുല്യമല്ലെന്ന് ചിലർ വാദിക്കുന്നു,” ഡോ.ദിർ അഭിപ്രായപ്പെട്ടു.
വെളിച്ചെണ്ണയിൽ ഉയർന്ന അളവിലുള്ള മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് സംഭരിക്കാവുന്ന കൊഴുപ്പാക്കി മാറ്റാൻ പ്രയാസമാണ്. വെളിച്ചെണ്ണ അമിതമായി ഉപയോഗിച്ചാൽ എൽഡിഎൽ കൊളസ്‌ട്രോൾ ഉയരുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ചെറിയ അളവിൽ വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ഡയറ്റീഷ്യനുമായി സംസാരിച്ച് നിയന്ത്രിതമായ സഹാചര്യങ്ങളിൽ എണ്ണയുടെ അളവ് നിശ്ചയിക്കാം. കടുകെണ്ണ നല്ലതാണ്. അര ടീസ്പൂൺ നെയ്യും ചില സമയത്ത് നല്ലതാണെന്ന് ഡോ.ധിർ പറഞ്ഞു.
ഭക്ഷണത്തിൽ എണ്ണ തെളിഞ്ഞു കാണാത്തതും എണ്ണയുടെ അംശം അറിയാത്തതും ശരിയായ അളവിൽ എണ്ണ ഉപയോഗിച്ചുവെന്നതിന്റെ സൂചകമാണെന്ന് ഡോ.ധിർ വ്യക്തമാക്കി. എണ്ണ എത്ര നല്ലതാണെങ്കിലും, ഉയർന്ന ചൂടിൽ അതിന്റെ എല്ലാ നല്ല ഗുണങ്ങളും നഷ്ടപ്പെടുമെന്നതിനാൽ കൂടുതൽ നേരം ഫ്രൈ ചെയ്യുന്നത് ഒഴിവാക്കുക. അതുപോലെ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കാതിരിക്കുക. ഉയർന്ന ഊഷ്മാവിൽ, എണ്ണയിലെ ചില കൊഴുപ്പുകൾ എളുപ്പത്തിൽ ട്രാൻസ് ഫാറ്റുകളായി മാറുന്നു, ഇത് ഹൃദയാരോഗ്യത്തിന് ഹാനികരമാണെന്ന് അദ്ദേഹം പറഞ്ഞു.