ഗർഭാവസ്ഥയിലും ആരോഗ്യകരമായ ഭക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങൾ അതേപടി നിലനിൽക്കുന്നു. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കഴിക്കുക. നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ കുഞ്ഞിനെയും ബാധിക്കും, പ്രത്യേകിച്ചും ഈ ഭക്ഷണമാണ് കുഞ്ഞിന്റെ പോഷകാഹാരത്തിന്റെ പ്രാഥമിക ഉറവിടം. അതുപോലെ, പല സ്ത്രീകളും അവരുടെ ഗർഭകാല ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്താറുണ്ട്. നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. എന്നാൽ ഗർഭകാലത്ത് നെയ്യ് കഴിക്കുന്നത് നല്ലതാണോ?
“ഇന്ത്യയിൽ പാചകത്തിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നാണ് നെയ്യ്. ഗർഭിണിയായിരിക്കുമ്പോൾ, കുടുംബത്തിലെ മുതിർന്നവർ നെയ്യ് കഴിക്കാൻ പലപ്പോഴും പറയാറുണ്ട്. ഗർഭകാലത്ത് നെയ്യ് കഴിക്കുന്നത് സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് ദഹനത്തെ സഹായിക്കുകയും കുഞ്ഞിനെയും അമ്മയെയും പോഷിപ്പിക്കുകയും ചെയ്യുന്നു. നെയ്യ് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടവുമാണ്, ” ഒബ്‌സ്റ്റട്രീഷ്യനും -ഗൈനക്കോളജിസ്റ്റ്റ്റുമായ ഡോ. രമ്യ കബിലൻ പറയുന്നു.
“ഗർഭിണിയായിരിക്കുമ്പോൾ എല്ലാ ദിവസവും മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ നെയ്യ് കഴിക്കുന്നത് യോനിയിൽ ലൂബ്രിക്കേറ്റ് ചെയ്യുമെന്നും നോർമ്മൽ പ്രസവസമയത്ത് കുഞ്ഞിനെ കൂടുതൽ എളുപ്പത്തിൽ പുറത്ത് എത്തിക്കാൻ സഹായിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. എന്നിരുന്നാലും, ഇത് ശരിയല്ല. ഈ വിശ്വാസം വളരെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും,ഈ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല,” ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഡോ. രമ്യ പറയുന്നു.
ഗർഭകാലത്ത് നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങൾ
നൂറ്റാണ്ടുകളായി പരമ്പരാഗത ആയുർവേദ ഔഷധങ്ങളിൽ നെയ്യ് ഉപയോഗിക്കുന്നുണ്ടെന്നും ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക്, പല ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമെന്നും ഗുരുഗ്രാമിലെ പാരസ് ഹെൽത്തിലെ ചീഫ് ഡയറ്റീഷ്യൻ നേഹ പതാനിയ പറഞ്ഞു.
*പോഷകാഹാര ഗുണങ്ങൾ: ഗർഭകാലത്തുൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിനുകൾ എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ വിറ്റാമിനുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്.
*ആരോഗ്യകരമായ കൊഴുപ്പുകൾ: നെയ്യ് മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (എംസിഎഫ്എ) ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. അവ എളുപ്പത്തിൽ ദഹിക്കാവുന്ന, എളുപ്പത്തിൽ ലഭ്യമായ ഊർജ്ജ സ്രോതസ്സും നൽകുന്നു. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഗർഭിണികൾക്ക് അവരുടെ വർധിക്കുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വളർച്ചയെ സഹായിക്കുകയും ചെയ്യും.
*ഹോർമോൺ ബാലൻസ്: ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ നെയ്യ് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഗർഭകാലത്ത് ഹോർമോൺ ഏറ്റക്കുറച്ചിലുകൾ സാധാരണമാകുമ്പോൾ ഗുണം ചെയ്യും. ആരോഗ്യകരമായ ഹോർമോണുകളുടെ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ഗർഭാവസ്ഥയിലും പ്രസവത്തിലും പ്രധാന പങ്ക് വഹിക്കുന്ന എൻഡോക്രൈൻ സിസ്റ്റത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.
*ദഹന ആരോഗ്യം: ആയുർവേദ ഔഷധങ്ങളിൽ, നെയ്യ് അതിന്റെ ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ദഹന അഗ്നിയെ (അഗ്നി) സ്റ്റിമുലേറ്റ് ചെയ്യാനും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗർഭകാലത്ത് ദഹനസംബന്ധമായ അസ്വസ്ഥതയോ മലബന്ധമോ അനുഭവപ്പെടുന്ന ഗർഭിണികൾക്ക് ഇത് ഗുണകരമാണ്.
*ചർമ്മ ആരോഗ്യം: ആയുർവേദ രീതികളിൽ ചർമ്മ സംരക്ഷണത്തിനായി നെയ്യ് പലപ്പോഴും പ്രാദേശികമായി ഉപയോഗിക്കാറുണ്ട്. ഗർഭിണികളായ സ്ത്രീകൾക്ക് ഗർഭകാലത്ത് അവരുടെ ചർമ്മത്തിൽ മാറ്റങ്ങൾ അനുഭവപ്പെടാം. നെയ്യ് മോയ്സ്ചറൈസറായോ അല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചർമ്മസംരക്ഷണത്തിലോ ഉപയോഗിക്കുന്നത്, ചർമ്മത്തെ പോഷിപ്പിക്കാനും വരൾച്ചയോ ചൊറിച്ചിലോ ഇല്ലാതാക്കാനും സഹായിക്കും.
മുൻകരുതലുകൾ
ഭ്രൂണത്തിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റാൻ ഗർഭിണിയായ സ്ത്രീക്ക് 350 അധിക കലോറി മാത്രമേ ആവശ്യമുള്ളൂ. ഈ അധിക കലോറികൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കും, അതിൽ നെയ്യും ഉൾപ്പെടുത്താം. എന്നാൽ വലിയ അളവിൽ നെയ്യ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും .
ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതിനാൽ, നിങ്ങൾ കൂടുതൽ നെയ്യ് കഴിച്ചാൽ, അത് നിങ്ങളുടെ കുഞ്ഞിന് ശരീരഭാരം വർദ്ധിപ്പിക്കുകയും ഇത് ഗർഭാവസ്ഥയുടെ സങ്കീർണതകൾക്ക് കാരണമാകുകയും ചെയ്യും. പ്രസവശേഷം ഈ കൊഴുപ്പ് നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇതിനോട് ചേർത്ത്, പതാനിയ പറഞ്ഞു, “ സാധാരണയായി 1 മുതൽ 2 ടീസ്പൂൺ വരെ നെയ്യ് കഴിക്കാൻ ശുപാർശ ചെയ്യുന്നു. അമിതമായ കലോറികളോ പൂരിത കൊഴുപ്പുകളോ ഉപയോഗിച്ച് ഭക്ഷണത്തിൽ അമിതഭാരം ചെലുത്താതെ മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുകളും മറ്റ് പ്രയോജനകരമായ പോഷകങ്ങളും നൽകാൻ ഇതിന് കഴിയും, ” നേഹ പറയുന്നു.
നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ്, നിങ്ങളുടെ ആരോഗ്യ, പോഷകാഹാര വിദഗ്ധനോടോ കൂടിയാലോചിക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് നിങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാന ആരോഗ്യസ്ഥിതികളോ ആശങ്കകളോ ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്. വ്യക്തിഗത ആരോഗ്യ ആവശ്യങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കി അവർക്ക് ഉപദേശം നൽകാൻ കഴിയും.
എന്നാൽ സാധാരണ പ്രസവത്തിന് നെയ്യ് സഹായിക്കുമോ?
“ട്രൈമസ്റ്ററിൽ നെയ്യ് കഴിക്കുന്നത് ഗർഭാശയത്തിലേക്ക് സങ്കോചങ്ങൾ നീട്ടുകയും പ്രസവത്തിന് പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അതുപോലെ, ചില സ്ത്രീകൾക്ക് പ്രസവത്തെ ഇൻഡ്യൂസ് ചെയ്യാൻ നെയ്യോ ആവണക്കെണ്ണയോ ഉപയോഗിക്കാറുണ്ട്. നെയ്യ് സുഗമമായ പ്രസവം നൽകാൻ യോനിയിൽ ലൂബ്രിക്കേറ്റ് ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഇവയ്‌ക്കൊന്നും ശാസ്ത്രീയ തെളിവുകളില്ല, ” ഭാട്ടിയ ഹോസ്പിറ്റൽ ഡിഎൻബി കൺസൾട്ടന്റ് (ഒബ്സ്റ്റെട്രിക് & ഗൈനക്കോളജി), ഡോ. കിഞ്ചൽ ഷാ പറഞ്ഞു .
നെയ്യ് പോലെയുള്ള ആരോഗ്യകരമായ ഏത് തരത്തിലുള്ള കൊഴുപ്പും ഗർഭധാരണം നിലനിർത്താൻ സഹായിക്കുന്ന ഹോർമോണായ പ്രൊജസ്റ്ററോൺ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. എന്നാൽ ഗർഭകാലത്ത് നെയ്യ് കഴിക്കുന്നത് പ്രസവ രീതിയെ ബാധിക്കില്ലെന്നും ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റായ ഡോ.ജാഗൃതി വർഷ്‌നിയുടെ അഭിപ്രായപ്പെടുന്നു.