ചിലർ പാലിനൊപ്പം പഴങ്ങൾ കഴിക്കാറുണ്ട്, മറ്റു ചിലർ പ്രഭാത ഭക്ഷണത്തിനൊപ്പം പഴങ്ങൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, പഴങ്ങൾ കഴിക്കുന്നതിന് ശരിയായ സമയവും രീതിയുമുണ്ട്. ആയുർവേദ പ്രകാരം പഴങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട ചില മാർഗനിർദേശങ്ങളുണ്ട്. അവ എന്തെന്ന് വിശദീകരിക്കുകയാണ് ഡോ ഡിംപിൾ ജംഗ്‌ദ.
പഴങ്ങൾ വെവ്വേറെ കഴിക്കുക
പയർവർഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ, തൈര്, മാംസം തുടങ്ങിയ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം പഴങ്ങൾ കലർത്തരുത്. കാരണം അവ ദഹിക്കാതെ വിഷവസ്തുക്കളായി മാറി കുടലിനെ ബാധിക്കുകയും ചർമ്മരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. പഴങ്ങൾ വളരെ പെട്ടെന്ന് ദഹിക്കും. മൂന്നു മണിക്കൂറേ ഇതിന് ആവശ്യമുള്ളൂവെന്ന് ഡോ.ജംഗ്‌ദ പറഞ്ഞു.
പഴങ്ങൾ നേരത്തെ തന്നെ മുറിച്ചു സൂക്ഷിക്കരുതെന്നും ആവശ്യമുള്ളപ്പോൾ മാത്രം മുറിച്ചു കഴിക്കണമെന്നും ന്യൂട്രീഷ്യനിസ്റ്റ് ജസ്‌ലീൻ കൗർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. നേരത്തെ മുറിച്ചു വയ്ക്കുന്നതിലൂടെ അവയുടെ പോഷക ഗുണങ്ങൾ നഷ്ടപ്പെടുമെന്നും അവർ വ്യക്തമാക്കി.
സൂര്യാസ്തമയത്തിനുശേഷം പഴങ്ങൾ കഴിക്കരുത്
സൂര്യാസ്തമയത്തിന് ശേഷം പഴങ്ങൾ കഴിക്കരുത്, കാരണം പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ദഹന എൻസൈമുകൾ ഉറക്കത്തെ ബാധിച്ചേക്കാം. ഉറങ്ങുന്നതിനു തൊട്ടുമുൻപ് പഴങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ വർധനവിന് കാരണമാകും. ഇതൊരാൾക്ക് ഉറക്കം വരുന്നത് വൈകിപ്പിക്കുന്നതിന് ഇടയാക്കും. രാവിലെ 8 മണിക്ക് പഴങ്ങൾ കഴിക്കുക, അല്ലെങ്കിൽ രാവിലെ 11 മണിക്ക് പ്രഭാതഭക്ഷണത്തിന് ശേഷം, അല്ലെങ്കിൽ വൈകുന്നേരം 4 മണിക്ക്, അതിന് ശേഷം കഴിക്കരുത്.
വ്യത്യസ്ത പഴങ്ങൾ ഒരുമിച്ച് കലർത്തരുത്
വ്യത്യസ്ത പഴങ്ങൾ ഒരുമിച്ച് സംയോജിപ്പിച്ച് കഴിക്കുന്നത് ഒഴിവാക്കുക. ഇവ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. ആയുർവേദത്തിൽ, പഴങ്ങളെ അവയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. രണ്ടോ മൂന്നോ പഴങ്ങൾ ഒരുമിച്ച് കഴിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, മാമ്പഴം പാലിനൊപ്പം ചേർത്ത് കഴിക്കുന്നത് ഒഴിവാക്കുക.