നിത്യജീവിതത്തിൽ വളരെ സാധാരണമായി അനുഭവപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് തലവേദന. പല സമയത്തും പല കാരണങ്ങൾ കൊണ്ട് തലവേദന അനുഭവപ്പെടാം. ചിലർക്ക് വേദനസംഹാരികൾ കഴിക്കുമ്പോഴും മറ്റു ചിലർക്ക് ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴുമൊക്കെ തലവേദന മാറാറുണ്ട്. എന്നാൽ, ചില സമയത്ത് ആശുപത്രിയിൽ പോയി വിദഗ്ധോപദേശം തേടേണ്ട അവസ്ഥ വരാം. തലവേദനയ്ക്ക് ഏതൊക്കെ സാഹചര്യത്തിലാണ് ആശുപത്രിയിൽ പോകേണ്ടതെന്ന് വിശദീകരിക്കുകയാണ് ആരോഗ്യവിദഗ്ധർ.
തലവേദന അസഹനീയമാണെങ്കിൽ തീർച്ചയായും ആശുപത്രിയിൽ പോകണം. താഴെ പറയുന്നവ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാലും ആശുപത്രിയിൽ പോകാൻ മടിക്കരുത്.
- പെട്ടെന്നുളള അസഹനീയമായ തലവേദന
- വ്യായാമം കൊണ്ടോ ലൈംഗിക ബന്ധം മൂലമോ വഷളാകുന്ന തലവേദന
- തലയിലോ കഴുത്തിലോ ഉണ്ടായ ആഘാതത്തിനു ശേഷമുള്ള തലവേദന
- വ്യക്തിത്വ മാറ്റങ്ങൾ അല്ലെങ്കിൽ സ്വഭാവത്തിൽ മാറ്റം വരുത്തുന്ന രീതിയിലുള്ള രൂക്ഷമായ തലവേദന
- ശരീരത്തിന്റെ ഒരു വശത്ത് ബലഹീനത / മരവിപ്പ്
അടിയന്തരമായി ചികിത്സ തേടേണ്ട മറ്റു മൂന്നു സാഹചര്യങ്ങൾ
- ഗർഭിണികളോ അടുത്തിടെ ഗർഭിണികളായവർക്കോ പെട്ടെന്ന് ഉണ്ടാകുന്ന കടുത്ത തലവേദന
- രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾ (എച്ച്ഐവി ബാധിതരായ അല്ലെങ്കിൽ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ)
- കോവിഡ് വാക്സിൻ എടുത്തവരും ലളിതമായ വേദനസംഹാരികൾ കഴിച്ചിട്ടും തുടർച്ചയായി തലവേദനയുള്ളവരുമായ ആളുകൾ
മിക്ക തലവേദനകളും ഗുരുതരമല്ല. ആശുപത്രിയിൽ പോകാതെ തന്നെ കൈകാര്യം ചെയ്യാനാകും. പക്ഷേ, മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ ഉറപ്പായും ആശുപത്രിയിൽ പോകണം.
Read More: ടെൻഷൻ കുറയ്ക്കും, തലവേദന മാറ്റും, രോഗപ്രതിരോധശേഷി വർധിപ്പിക്കും; ഇഞ്ചിയുടെ ഗുണങ്ങളേറെ