ശരീര ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമത്തിനൊപ്പം ദിവസേനയുള്ള വ്യായാമവും ആവശ്യമാണ്. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉറപ്പായും വ്യായാമം ചെയ്യണം. മാനസികാരോഗ്യം മെച്ചപ്പെടുത്താനും അവ സഹായിക്കും. അതിനാൽ വ്യായാമത്തിനുശേഷം ഒരാൾ ശരിയായ ഭക്ഷണം കഴിക്കണം.
വ്യായാമത്തിന് ശേഷം, നമ്മുടെ ശരീരത്തിന് എനർജിയുടെ ആവശ്യം വർധിക്കുന്നു, ദഹിപ്പിക്കാനുള്ള ശേഷി മെച്ചപ്പെടുന്നു, പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവും മെച്ചപ്പെടുന്നു. വെള്ളം അല്ലെങ്കിൽ മറ്റ് പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിന് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം തിരികെ തരാൻ സഹായിക്കുന്നു.
കഴിയുമെങ്കിൽ വ്യായാമ സെഷൻ കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. സാധാരണയായി,ശരീരഭാരത്തെ ആശ്രയിച്ച് ഒരു വ്യായാമത്തിന് ശേഷം 10 മുതൽ 20 ഗ്രാം വരെ പ്രോട്ടീൻ കഴിക്കാം. നിങ്ങൾ ചെയ്ത വ്യായാമത്തിന്റെ തരം അനുസരിച്ച് കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും അനുപാതം ക്രമീകരിക്കാൻ ശ്രദ്ധിക്കുക.
വ്യായാമത്തിനുശേഷം കഴിക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് ഡോ.മിക്കി മേത്ത.
- പഴങ്ങൾ കഴിക്കുക. ഇവയിൽ നിറയെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. തൈരും പഴവും പ്രോട്ടീനിന്റെയും നാരുകളുടെയും നല്ല സംയോജനമാണ്.
- സാലഡ് കഴിക്കാം.
- പഞ്ചസാരയും കുങ്കുമപ്പൂവും ചേർത്ത പശുവിൻ പാല് കുടിക്കാം.
- നട്സുകളും വിത്തുകളും ചേർത്ത് തയ്യാറാക്കിയ സ്മൂത്തി കഴിക്കാം.
- പ്രഭാത ഭക്ഷണത്തിനു മുൻപ് വ്യായാമം ചെയ്യുന്നവർക്ക്, അതു കഴിഞ്ഞ് ഉപ്പുമാവ്, ദോശ പോലുള്ളവ ചെറിയ അളവിൽ കഴിക്കാം.
- നട്സും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് തയ്യാറാക്കിയ ഓട്സും മികച്ചതാണ്.
- പുഴുങ്ങിയ മുട്ട കഴിക്കാം.
വ്യായാമത്തിന് ശേഷം ശരിയായ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഏതൊരു വ്യായാമത്തിനും ഗ്ലൈക്കോജൻ ആവശ്യമാണ്. വ്യായാമശേഷം അതിന്റെ കരുതൽ ശേഖരത്തിന്റെ 80 ശതമാനവും നഷ്ടപ്പെടുമെന്നതിനാൽ ഊർജനില കുത്തനെ കുറയുന്നു. ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച്, വ്യായാമത്തിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും അണുബാധ തടയാനും എല്ലാ അവയവങ്ങളുടെയും പ്രവർത്തനം നിലനിർത്താനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.