രാവിലെ ചായയോ കാപ്പിക്കോ പകരം ബദാമോ കുതിർത്ത ഉണക്ക മുന്തിരിയോ കഴിച്ച് ദിവസം തുടങ്ങണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്റ് റുജുത ദിവേകർ ദിവസം ആരോഗ്യകരമായി എങ്ങനെ തുടങ്ങാമെന്നതിനെ കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ചായയ്ക്കും കാപ്പിക്കും പകരം വാഴപ്പഴം അല്ലെങ്കിൽ കുതിർത്ത ബദാമോ ഉണക്ക മുന്തിരിയോ കഴിച്ച് ദിവസം തുടങ്ങണമെന്നാണ് ദിവേകർ പറയുന്നത്.
വാഴപ്പഴം: ദഹനപ്രശ്നങ്ങൾ ഉള്ളവർക്കും ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ ആസക്തിയുള്ളവർക്കും വാഴപ്പഴം കഴിക്കാം. ആഴ്ചയിൽ 2-3 തവണയെങ്കിലും വാങ്ങി കഴിക്കുക.
6-7 കുതിർത്ത ഉണക്ക മുന്തിരി: പിഎംഎസ് ഉള്ള അല്ലെങ്കിൽ ദിവസം മുഴുവൻ കുറഞ്ഞ ഊർജമുള്ള ഒരു വ്യക്തിയാണെങ്കിൽ 6-7 കുതിർത്ത ഉണക്ക മുന്തിരി കഴിക്കുക.
4-5 കുതിർത്ത ബദാം തൊലി കളഞ്ഞത്: ഇൻസുലിൻ പ്രതിരോധം, പ്രമേഹം, പിസിഒഡി, കുറഞ്ഞ ഫെർട്ടിലിറ്റി, അല്ലെങ്കിൽ മോശം ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ ഉണ്ടെങ്കിൽ ബദാം കഴിക്കുക.
ബദാം പോലെയുള്ള നട്സുകൾ നാരുകളും മഗ്നീഷ്യവും കൊണ്ട് സമ്പന്നമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഇവ നല്ലതാണ്. വാഴപ്പഴം പോലുള്ള പഴങ്ങൾ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം, ഹൃദയാരോഗ്യം, അതുപോലെ കുടൽ എന്നിവയെ സഹായിക്കുമെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സോയ സർവ് പറഞ്ഞു.