എല്ലാ പ്രായത്തിലുമുള്ള ആളുകളിലും പ്രമേഹം കൂടുതലായി കാണപ്പെടുന്നു. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ തിരഞ്ഞെടുപ്പുകളുമാണ് പ്രമേഹത്തിലേക്ക് നയിക്കുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റ് പ്രീതി ത്യാഗി പറഞ്ഞു. ഒരു പ്രമേഹ രോഗി അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ അവർ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ വയ്ക്കണം. അനിയന്ത്രിതമായ അളവ് അവരുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് ഹൃദയം, വൃക്കകൾ, കണ്ണുകൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ പറഞ്ഞു.
ഏതൊക്കെ ഭക്ഷണം കഴിക്കാം, കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ച് നിരവധി പ്രമേഹ രോഗികൾക്ക് ആശയക്കുഴപ്പമുണ്ട്. അത്തരത്തിലൊരു പച്ചക്കറിയാണ് മത്തങ്ങ. ത്യാഗിയുടെ അഭിപ്രായത്തിൽ ഇതൊരു കുറഞ്ഞ കലോറി ഭക്ഷണമാണ്. ഒരു കപ്പ് വേവിച്ച മത്തങ്ങയിൽ (100 ഗ്രാം) 50 കലോറിയും 11 ഗ്രാം കാർബോഹൈഡ്രേറ്റും പൂജ്യം കൊഴുപ്പും ശരീരത്തിന് ആവശ്യമായ 10 ശതമാനം നാരുകളുമുണ്ടെന്ന് ത്യാഗി വ്യക്തമാക്കി.
മത്തങ്ങയിലെ ഗ്ലൈസെമിക് സൂചിക എത്ര?
ഗ്ലൈസെമിക് സൂചിക (ജിഐ) ഒരു ഭക്ഷണ ഇനത്തിലെ കാർബോഹൈഡ്രേറ്റുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർധനവിന് കാരണമാകും. മത്തങ്ങയിൽ ഉയർന്ന GI ഉണ്ട്, 75, ഇത് പ്രമേഹ രോഗികൾക്ക് നല്ലതല്ല എന്ന ധാരണ ഉണ്ടാക്കുന്നു. “എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അതിന്റെ കാർബോഹൈഡ്രേറ്റിന്റെ സ്വാധീനത്തിന്റെ പശ്ചാത്തലത്തിലും ഒരാൾ ഇത് കാണേണ്ടതുണ്ട് – അത് വളരെ കുറവാണ്. അതിനാൽ, പ്രമേഹ രോഗികൾക്ക് മത്തങ്ങ യഥാർത്ഥത്തിൽ സുരക്ഷിതമായ ഒന്നാണ്,” ത്യാഗി വിശദീകരിച്ചു.
“മത്തങ്ങ വിത്തുകൾ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയതും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ഉപയോഗപ്രദവുമാണ്. ഈ ഗുണങ്ങൾക്കെല്ലാം പുറമേ, പ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ ഇ, കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എ, വിഷവസ്തുക്കളെ പുറന്തള്ളുകയും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നതിലൂടെ ശരീരത്തിന് ഗുണം ചെയ്യുന്ന ഒരു നല്ല ആന്റിഓക്‌സിഡന്റാണ് ഇത്, ”ത്യാഗി പറഞ്ഞു.
ഒരാൾ ഓർക്കേണ്ടത് എന്താണ്?
എന്തിന്റെയും അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഇക്കാര്യം മനസിൽ ഓർക്കണം. അതിനാൽ, ഒരേസമയം ധാരാളം മത്തങ്ങകൾ കഴിക്കുന്നത് ഇൻസുലിൻ പെട്ടെന്ന് വർധിപ്പിക്കുകയും ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യും. കൂടാതെ, ഇത് മലബന്ധത്തിന് കാരണമാകുമെന്നും അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം നീക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും; പ്ലം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ