കോവിഡ് മഹാമാരിക്ക് പിന്നാലെ മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗവും ജനങ്ങളെ അസ്വസ്ഥപ്പെടുത്തുകയാണ്. പത്തു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോഗമാണെങ്കിലും മരണ നിരക്ക് 50 ശതമാനമാണ്. വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍നിന്നാണ് രോഗബാധയുണ്ടാകുന്നത്. പ്രമേഹ രോഗികളിലും രോഗപ്രതിരോധ ശേഷിയില്ലാത്തവരിലും ബ്ലാക്ക് ഫംഗസ് രോഗം മൂർച്ഛിക്കാനും ജീവന് ഭീഷണിയാകാനും സാധ്യതയുണ്ട്.
ബ്ലാക്ക് ഫംഗസ് സൈനസ്, തലച്ചോറ്, ശ്വാസകോശം മുതലായവയെ ബാധിക്കാം എന്നാണ് എൻഡോക്രൈനോളജിസ്റ്റ് വിഭാഗം (ഫോർട്ടിസ് ഹോസ്പിറ്റലിൽ, മൂലൻഡ്) വിദഗ്ധ ആയ ഡോക്ടർ ശ്വേത ബുദ്യാൽ പറയുന്നത്. വായയുടെ അകത്തും തലച്ചോറിലും വരുന്ന അണുബാധ ബ്ലാക്ക് ഫംഗസിന്റെ ഏറ്റവും സാധാരണമായ രൂപമാണെങ്കിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളായ ദഹനനാളം, ചർമം, അവയവങ്ങൾ എന്നിവയെയും ഫംഗസ് ബാധിക്കാം,” ഡോക്ടർ വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ
- മൂക്കില്‍നിന്ന് രക്തം കലര്‍ന്നതോ കറുത്ത നിറത്തിലോ ഉള്ളം ദ്രവം വരിക.
- കവിളിലെ എല്ലിന് വേദന, മുഖത്തിന്റെ ഒരു വശത്ത് മാത്രം വേദന, വീക്കം അല്ലെങ്കിൽ തരിപ്പ് ഉണ്ടാകുക
- അണ്ണാക്കിലും, മൂക്കിന്റെ പാലത്തിന് മുകളിലും കറുത്ത നിറം
- പല്ലുകളുടേയും , താടിയെല്ലുകളുടെ ചലനങ്ങൾ അയവുള്ളതാകും
- കണ്ണിന് വേദന അനുഭവപ്പെടും, കാഴ്ചയിൽ മങ്ങൽ ഉണ്ടാകും
- തൊലിപ്പുറത്തുണ്ടാകുന്ന ക്ഷതം
- നെഞ്ചു വേദന, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്
“രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾക്ക് ഈ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. കോവിഡ് കാലഘട്ടത്തിൽ ബ്ലാക്ക് ഫംഗസ് വർദ്ധിക്കുന്നതിനെതിരെ രാജ്യത്തുടനീളമുള്ള പ്രമേഹ രോഗികൾ ജാഗ്രത പാലിക്കണം, അപകടസാധ്യത കുറയ്ക്കുന്നതിന് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധ ചെലുത്തണം” ഡോക്ടർ വ്യക്തമാക്കി.
Also Read: കോവിഡ് -19 രോഗികൾക്കു ഭീഷണിയായി ‘കറുത്ത ഫംഗസ്’; എന്താണ് രോഗം, ചികിത്സ എന്ത്?
“കോവിഡ് ബാധിച്ച ചില രോഗികളെ ചികിത്സിക്കുന്നതിനായി സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകും. ഇതിനൊപ്പം വ്യായാമത്തിന്റെ അഭാവവും പ്രമേഹരോഗികൾക്ക് ബ്ലാക്ക് ഫംഗസ് അണുബാധ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു,” ഡോക്ടർ മുന്നറിയിപ്പ് നൽകി.
സ്റ്റിറോയിഡുകൾ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കുകയും, വൈറസ് ബാധയെ തുടർന്ന് പ്രതിരോധ ശേഷിയിൽ വരുന്ന മാറ്റങ്ങളെ തടയാനും സഹായിക്കും. പക്ഷേ, ഇവ പ്രതിരോധശേഷി കുറയ്ക്കുകയും പ്രമേഹരോഗികളിലും പ്രമേഹമില്ലാത്ത കോവിഡ് രോഗികളുടേയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Also Read: ബ്ലാക് ഫംഗസ് പുതിയ രോഗമല്ല; മറ്റൊരാളിലേക്ക് പകരില്ല: മുഖ്യമന്ത്രി
പ്രമേഹ രോഗികളെ സംബന്ധിച്ച് ഇത് ജീവന് ഭീഷണിയാകുന്ന കാര്യമാണ്. ബ്ലാക്ക് ഫംഗസ് വേഗത്തിൽ തിരിച്ചറിയുകയും മതിയായ ചികിത്സ സ്വീകരിക്കുകയും വേണം. പക്ഷെ ചികിത്സ കിഡ്നി പോലുള്ള മറ്റ് അവയവങ്ങളെ ബാധിച്ചേക്കാം.
കോവിഡ് ചികിത്സാ സമയത്തും രോഗമുക്തി നേടിയതിന് ശേഷവും രോഗികൾക്ക് ശരിയായ അളവിലും കാലാവധിയിലും സ്റ്റിറോയിഡുകൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഫംഗസ് അണുബാധയുടെ തടയാനുള്ള ഒരു മാർഗ്ഗമെന്ന് ഡോക്ടർ പറഞ്ഞു. പ്രമേഹം, അർബുദം, വൃക്ക, കരൾ രോഗങ്ങൾ, അവയവം മാറ്റിവച്ചവർ എന്നിവരുടെ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് സമയാസമയം പരിശോധിക്കണം.