ഭക്ഷണരീതികളെക്കുറിച്ചും പോഷകാഹാരങ്ങളെക്കുറിച്ചും ധാരാളം ചര്‍ച്ചകളും ലേഖനങ്ങളും ഇന്‍റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും കാണാറുണ്ട്. ഇതില്‍ ശരിയേത് തെറ്റേത് എന്നത് കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്. അത്തരത്തില്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ‘തൈര് കഴിക്കുന്നതിനുള്ള ശരിയായ സമയമേതാണ്´ എന്നത്.
രാത്രി തൈര് കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്നാണ് Eatfit 24/7 സ്ഥാപക ശ്വേത ഷാ പറയുന്നത്. “എന്നിരുന്നാലും കൊഴുപ്പും പ്രോട്ടീനും പാലുല്‍പ്പന്നങ്ങളില്‍ കൂടുതലായതിനാല്‍ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. ചില വ്യക്തികളില്‍ ദഹനപ്രക്രിയയ്ക്ക് സമയം എടുക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ പ്രശ്നങ്ങളില്ലാത്തവര്‍ക്ക് ആവശ്യമായ അളവില്‍ തൈര് കഴിക്കാവുന്നതാണ്,” ശ്വേത ഇന്ത്യന്‍ എക്സ്‌പ്രസ്സിനോട് പറഞ്ഞു.
ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്‍റും ഇന്‍സ്റ്റഗ്രാമിലെ പരിചിതമുഖവുമായ നേഹ സഹായയും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. “ആയൂര്‍വേദശാസ്ത്രമനുസരിച്ച് തൈരിൽ പുളിപ്പും മധുരവുമുണ്ട്, അത് ശരീരത്തിലെ കഫം വര്‍ധിക്കാന്‍ ഇടയാക്കും. രാത്രി സമയങ്ങളില്‍ സാധാരണഗതിയില്‍ കഫത്തിന്‍റെ അളവ് ശരീരത്തില്‍ കൂടുതലാണ്. ഇത് അധികമായാല്‍ ശ്വാസനാളത്തില്‍ തടസ്സങ്ങളുണ്ടാക്കും. എന്നാലും ഇത് എല്ലാവര്‍ക്കും ബാധകവുമല്ല. ചുമയും ആസ്തമയും ഉള്ളവര്‍ രാത്രിയില്‍ തൈര് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്”.
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന തൈര് കുടലിന്‍റെ ആരോഗ്യത്തിനും ദഹനപ്രക്രിയയ്ക്കും വളരെ നല്ലതാണ്. മാത്രമല്ല കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും തൈരില്‍ അടങ്ങിയിട്ടുണ്ട്. വീട്ടിലുണ്ടാക്കുന്ന തൈര് ഫ്രഷായി കഴിക്കുന്നതിനാണ് കൂടുതല്‍ ഗുണമെന്നും നേഹ കൂട്ടിച്ചേര്‍ത്തു.
തൈര് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍
പ്രോബയോട്ടിക്കിന്‍റെ കലവറയാണ് തൈര്. ഇതിലുള്ള ബാക്ടീരിയകളും ഈസ്റ്റും വന്‍കുടലിന്‍റെയും ചെറുകുടലിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. “ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കുടലിന്‍റെ ആരോഗ്യത്തിനും തൈര് വളരെ നല്ലതാണ്. പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ആവശ്യമായ കാല്‍സ്യവും പ്രോട്ടീനും തൈരില്‍ ധാരാളമായുണ്ട്.” വൈറ്റമിന്‍ B12, റിബോഫ്ലേവിനും അടങ്ങിയിരിക്കുന്ന തൈര് കഴിക്കുന്നത് ത്വക്കിനും മുടിക്കും നല്ലതാണെന്നും നേഹാ ഷാ പറയുന്നു.
ദഹനത്തിന് സഹായിക്കുന്നത് കൊണ്ടും ധാരാളം പോഷകഘടകങ്ങള്‍ ഉള്ളതിനാലും പൊതുവെ തൈര് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍ അലര്‍ജിയുള്ളവര്‍ തൈര് ഒഴിവാക്കണം. അതുപോലെ തന്നെ കിഡ്നി സംബന്ധമായ അസുഖങ്ങളുള്ളവരും അമിതമായ കൊളസ്ട്രോളുള്ളവരും മിതമായ അളവിൽ തൈര് കഴിക്കുന്നതാണ് നല്ലതെന്നും നേഹ പറയുന്നു.
തൈര് കഴിക്കാന്‍ നല്ല സമയം ഏതാണ്?
ദഹനപ്രക്രിയ എളുപ്പമാക്കുന്നതിന്, പകല്‍ സമയത്ത് പ്രത്യേകിച്ച് രാവിലെയോ, ഉച്ച കഴിഞ്ഞോ തൈര് കഴിക്കുന്നതാണ് നല്ലത്. തൈര് മാത്രമായോ, ചോറിന്‍റെയോ, പച്ചക്കറികളുടെ കൂടെയോ തൈര് കഴിക്കാവുന്നതാണ്. പഴങ്ങളോ, മാങ്ങയോ ചെറിയ രീതിയില്‍ കൂടെ ചേര്‍ക്കുന്നത് ഗുണം മാത്രമല്ല തൈരിന്‍റെ രുചിയും കൂട്ടും.
വേനല്‍ക്കാലത്തും മഞ്ഞുകാലത്തും തൈര് കഴിക്കാമോ?
കാലവ്യത്യാസമില്ലാതെ എപ്പോള്‍ വേണമെങ്കിലും തൈര് കഴിക്കാം. “വേനല്‍ക്കാലത്ത് തൈര് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷം പകരാനും ശരീരം തണുപ്പിക്കാനും നല്ലതാണ്. എന്നാല്‍ തണുപ്പ് പ്രശ്നമുള്ളവരും ചുമയുള്ളവരും മഞ്ഞുകാലത്ത് തൈര് ഒഴിവാക്കണം,” നേഹ ഷാ നിര്‍ദേശിക്കുന്നു.