ശരീര ആരോഗ്യത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കാൻ ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദേശിക്കാറുണ്ട്. രോഗങ്ങളിൽനിന്നും അകന്നു നിൽക്കാൻ എല്ലാവരും പിന്തുടരേണ്ട ആരോഗ്യകരമായ ശീലങ്ങളിൽ ഒന്നാണിത്. വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നതിനും ദഹനപ്രക്രിയയെ സഹായിക്കുന്നതിനും ഇത് സഹായിക്കുന്നു. ദിവസത്തിൽ ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ശരീര ആരോഗ്യം മെച്ചപ്പെടുത്തും.
വെള്ളം കുടിക്കുന്നതിന് ശരിയായ രീതിയുണ്ട്. ഇതിനെക്കുറിച്ച് യോഗ പരിശീലക അൻഷുക പർവാനി ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്. ”സ്വയം ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. എന്നാൽ അതിനുള്ള ശരിയായ മാർഗമുണ്ട്,” ആലിയ ഭട്ട്, കരീന കപൂർ അടക്കമുള്ള നിരവധി സെലിബ്രിറ്റികളുടെ പരിശീലകയായ അൻഷുക പറഞ്ഞു.
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ദഹനക്കേടും നെഞ്ചെരിച്ചിലും ഉണ്ടാക്കും. വെള്ളം ഒഴുകുന്നതിന്റെ വേഗത വർധിക്കുന്നതിനനുസരിച്ച് ഇത് സന്ധിവാതത്തിന് കാരണമാവുകയും ശ്വാസകോശത്തിന് ദോഷം വരുത്തുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു. നേരെ നിവർന്ന് ഇരുന്നുകൊണ്ടാണ് വെള്ളം കുടിക്കേണ്ടത്. ഈ രീതിയിൽ കുടിക്കുമ്പോൾ, വെള്ളം തലച്ചോറിലെത്തുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ദഹനത്തെ സഹായിക്കുകയും വയർവീർക്കൽ തടയുകയും ചെയ്യുന്നുവെന്ന് അവർ വ്യക്തമാക്കി.
ചെമ്പ് പാത്രങ്ങളിൽ സൂക്ഷിച്ച വെള്ളമാണ് കുടിക്കാൻ ഏറ്റവും നല്ലതെന്നും അൻഷുക പറഞ്ഞു. ചെമ്പിന്റെ തണുപ്പിക്കുന്ന ഘടകങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അനീമിയയെ നേരിടാനും സഹായിക്കുന്നു. ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നതിനു പകരം കുറച്ച് കുറച്ചായി വെള്ളം കുടിക്കുന്നതാണ് നല്ലതെന്നും അൻഷുക ഓർമിപ്പിച്ചു.