പ്രഭാതത്തിൽ ഉറക്കമുണർന്ന ഉടൻ ചായ കുടിക്കുന്ന ശീലമുള്ള നിരവധി പേരുണ്ട്. ആ ദിവസം മുഴുവൻ ഊർജം പകരാൻ ഒരു കപ്പ് ചായക്കോ കാപ്പിക്കോ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഇതിലധികവും. ഗ്രീൻ ടീ, ബ്ലാക്ക് ടീ, വൈറ്റ് ടീ തുടങ്ങി ചായകൾ പലതരമുണ്ട്. എല്ലാം ശരീര ആരോഗ്യത്തിന് നല്ലതാണ്.
ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ആന്റിഓക്‌സിഡന്റുകളാലും ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളാലും നിറഞ്ഞതാണിത്. ശരിയായ സമയത്ത് ഗ്രീൻ ടീ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് ഉരുകാൻ സഹായിക്കുകയും ശാരീരിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ നല്ലതാണ്. ഗ്രീൻ ടീയിൽ കലോറി പൂജ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് പ്രതിദിനം 2-3 കപ്പ് ഗ്രീൻ ടീ കുടിക്കാം.
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ടെങ്കിലും, അതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ദിവസത്തിൽ മൂന്ന് തവണയിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും. ഒരു ദിവസം 1-2 കപ്പ് കുടിക്കുന്നത് നല്ലതാണെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡോ.പൂജ താക്കർ പറഞ്ഞു. ഇത് വിശപ്പ് കുറയ്ക്കുന്നു. കലോറി നിയന്ത്രണത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
ഗ്രീൻ ടീ കുടിക്കുന്നതിനുള്ള ശരിയായ സമയം
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഛർദി, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്. അതിനാലാണ് വെറും വയറ്റിലോ ദിവസത്തിൽ ആദ്യം തന്നെയോ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഗ്രീൻ കുടിക്കുന്നതാണ് ഉചിതം.