രാജ്യത്താകമാനം അഞ്ചാംപനി പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപകമായതോടെ അത് വിലയിരുത്താനായി കേന്ദ്ര സംഘം എത്തുന്നു. ഡോക്ടമാരുടെ സംഘം രോഗബാധിത മേഖലകളിൽ എത്തും. അഞ്ചാംപനി ബാധിച്ച് മുംബൈയില്‍ മരണം 12 ആയി.
ബുധനാഴ്ച പാല്‍ഗര്‍ ജില്ലയിലെ നാലാസോപാരയിലെ എട്ട് മാസം പ്രായമുള്ള കുട്ടികൂടി അഞ്ചാംപനി ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. കുട്ടികളെ ബാധിക്കുന്ന അഞ്ചാംപനി എന്താണ്? ലക്ഷണങ്ങലും ചികിത്സയും എങ്ങനെയെന്നറിയാം.
അഞ്ചാംപനി
മീസൽസ് അഥവാ അഞ്ചാംപനി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. മോർബിലി വൈറസാണ് രോഗം പരത്തുന്നത്. ആറു മാസം മുതൽ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. കൗമാര പ്രായത്തിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്.
രോഗ ലക്ഷണങ്ങൾ
പനിയാണ് ആദ്യ രോഗലക്ഷണം. പനി കുറഞ്ഞതിന്ശേഷം ശരീരത്തിൽ മണ്ണ് വാരി ഇടുന്നപോലെ ചുവപ്പ് തിണർപ്പുകൾ ഉണ്ടാകും. അതിനിശേഷം, ചുമ,ജലദോഷം എന്നിവയും ഉണ്ടാകും. കണ്ണ് ചുവന്ന പീള കെട്ടുകയും ചെയ്യും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകും.
എംആർ വാക്സിൻ
എംആർ വാക്സിൻ കൃത്യമായി എടുക്കുകയാണ് ഈ രോഗത്തെ തടഞ്ഞു നിർത്താൻ കഴിയുന്ന പ്രധാന മാർഗം. എംഎംആർ (measles, mumps, and rubella) വാക്സിനും എടുക്കാം. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് എംആർ വാക്സിൻ എടുക്കുന്നത്. 9 മാസം പ്രായമായി കഴിഞ്ഞാണ് വാക്സിൻ ആദ്യം നൽകുന്നത്.
ഒന്നര വയസിന്ശേഷം വീണ്ടും വാക്സിൻ എടുക്കണം. മുതിർന്നവരിലും രോഗം പകരാൻ സാധ്യതയുള്ളതിനാൽ വാക്സിൻ എടുക്കേണ്ടത് നിർബന്ധമാണ്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഈ വാക്സിൻ സൗജന്യമായി ലഭ്യമാണ്.
അഞ്ചാം പനി കാരണം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ
അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നം ന്യൂമോണിയയാണ്. വൈറൽ ഇൻഫെക്ഷനായതിനാൽ അത് ന്യൂമോണിയയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പനി കുറഞ്ഞതിന്ശേഷം അത് ബാക്ടീരിയൽ ഇൻഫക്ഷനും അത് വഴി മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്നങ്ങൾക്കും കാണമാകാം.
പകരുന്നത് എങ്ങനെ
വായുവിൽ നിന്നു പകരുന്ന രോഗമായതിനാൽ അതിവേഗം ഒരാളിൽ നിന്നു മറ്റൊരാളിലേയ്കക്ക് അഞ്ചാംപനി പകരും. അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങൾ വഴിയോ അഞ്ചാം പനി പകരാം.
ലോകാരോഗ്യസംഘടന പറയുന്നത്
കോവിഡ് വ്യാപനസമയത്ത് മീസൽസ് വാക്സിനേഷൻ കുറഞ്ഞതിനാൽ ആഗോളതലത്തിൽ വിവിധ പ്രദേശങ്ങളിൽ അഞ്ചാംപനി പടരാനുള്ള ഭീഷണിയുള്ളതായി, ലോകാരോഗ്യ സംഘടന പറഞ്ഞു.
ഏറ്റവും പകർച്ചവ്യാധിയായ വൈറസുകളിൽ ഒന്നാണ് അഞ്ചാംപനി. വാക്സിനേഷൻ വഴി ഇത് പൂർണ്ണമായും തടയാൻ കഴിയും. എന്നാൽ ജനസംഖ്യയിൽ 95 ശതമാനം പേരും വാക്സിൻ സ്വീകരിച്ചാൽ മാത്രമേ രോഗം പടർന്ന് പിടിക്കുന്നത് തടയാൻ സാധിക്കൂ. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് സൃഷ്ടിച്ച തടസ്സങ്ങൾ കാരണം 2021ൽ ഏകദേശം 40 ദശലക്ഷത്തോളം കുട്ടികൾക്ക് അഞ്ചാംപനിയുടെ വാക്സിൻ ഡോസ് നഷ്ടമായതായി ലോകാരോഗ്യ സംഘടനയും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) സംയുക്ത റിപ്പോർട്ടിൽ പറഞ്ഞു.
‘കോവിഡ് വ്യാപന സമയത്ത് പല മാതാപിതാക്കൾക്കും കുട്ടികളെ വാക്സിനേഷന് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. വാക്സിനേഷൻ എടുക്കാത്ത കുട്ടികൾക്ക് എത്രയും വേഗം വാക്സിൻ എടുക്കണമെന്ന് കിംസ് ഹെൽത്ത് പീഡിയാട്രീഷൻ എമർജൻസി കെയർ കൺസൾട്ടന്റായ ഡോ.പ്രമീള ജോജി പറഞ്ഞു. പോഷകഹാരം വേണ്ടപോലെ ലഭിക്കാത്ത കുട്ടികളിലും മീസൽസ് കൂടുതലായി ബാധിക്കും. മീസൽസ് പ്രതിരോധശേഷിയെ ബാധിക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങളിൽ രോഗം രൂക്ഷമായിമാറും.’