പോഷകമൂല്യം കാരണം, നൂറ്റാണ്ടുകളായി ഇന്ത്യൻ ഭക്ഷണത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ബദാം. ബദാം എല്ലാ ദിവസവും കഴിക്കുന്ന നിരവധി പേരുണ്ട്. നമ്മളിൽ പലരും ബദാം കുതിർത്തോ അല്ലാതെയോ കഴിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, ബദാം എല്ലാ ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുക. ശരീരത്തിന് അത് നല്ലതാണോ അതോ ദോഷമാണോ?. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര ഇതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും ബദാം കഴിക്കുന്നത് നല്ലൊരു ആരോഗ്യ ശീലമാണ്. വിറ്റാമിൻ ഇ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, റൈബോഫ്‌ലാവിൻ, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ, ഇരുമ്പ്, സിങ്ക്, പ്രോട്ടീൻ, ഡയറ്ററി ഫൈബർ എന്നിവയുടെ പോഷക ഉറവിടമാണ് ബദാം. ദിവസവും ബദാം കഴിച്ചാൽ ഇനി പറയുന്നവയാണ് സംഭവിക്കുക.
- രക്തസമ്മർദം കുറയ്ക്കും
ബദാമിലെ മഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ലവ്‌നീത് പറയുന്നു.
- സമ്മർദം കുറയ്ക്കും
ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡുകളുടെ മികച്ച ഉറവിടമാണ് ബദാം. വാഴപ്പഴം പോലുള്ള വിറ്റാമിൻ ബി 6 ന്റെ ഉറവിടവുമായി അവ യോജിപ്പിക്കുന്നത് നല്ലതാണെന്ന് ലവ്‌നീത് പറഞ്ഞു. വിഷാദരോഗം അനുഭവിക്കുന്നവരിൽ ബദാം, വാഴപ്പഴം എന്നിവ അത്ഭുതങ്ങൾ സൃഷ്ടിക്കും. വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ട്രിപ്റ്റോഫാനെ സെറോടോണിനാക്കി മാറ്റുന്നതിന് വൈറ്റമിൻ ബി 6 സഹായിക്കുമെന്ന് അവർ പറഞ്ഞു.
- ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും
ബദാമിൽ കാർബോഹൈഡ്രേറ്റ് കുറവാണെങ്കിലും നാരുകളും പ്രോട്ടീനും കൂടുതലാണ്. വിശപ്പ് നിയന്ത്രിക്കുന്നതിനും സംതൃപ്തി നൽകുന്നതിനും അവ ഫലപ്രദമാണ്. ഭക്ഷണ ആസക്തികൾ ഒഴിവാക്കി ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവരെ ഇതേറെ സഹായിക്കും.
- ബ്ലഡ് ഷുഗർ നിയന്ത്രിക്കും
പതിവായി ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ അളവും നിയന്ത്രിക്കുന്നുവെന്ന് ലവ്‌നീത് വ്യക്തമാക്കി. ബ്ലഡ് ഷുഗർ വളരെ കുറഞ്ഞതായി തോന്നുമ്പോഴെല്ലാം ബദാം കഴിക്കുക.
- കുടലിന്റെ ആരോഗ്യത്തിന് നല്ലത്
ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നല്ല കുടൽ ബാക്ടീരിയകളുടെ പ്രവർത്തനത്തെ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.