അധികമായാൽ അമൃതും വിഷം എന്നാണ് പൊതുവെ പറയാറുള്ളത്. എത്ര പോഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിതശൈലിയെ സഹായിക്കുകയേ ഉള്ളൂ. ആയുർവേദ പ്രകാരം ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്തരത്തിൽ, അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആയുർവേദ വിദഗ്ധയായ രേഖ.
ഗോതമ്പ്
നോർത്തിന്ത്യയിൽ മാത്രമല്ല, കേരളത്തിലും ഇപ്പോൾ അത്താഴത്തിന് ചപ്പാത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ, ഗോതമ്പ് കൊണ്ടുളള ഭക്ഷണങ്ങൾ ദഹിക്കാൻ ഏറെ സമയമെടുക്കുമെന്നതാണ് സത്യം. ഇത് ആമത്വം കൂടാൻ (ടോക്സിക്) ആവാൻ കാരണമാവും. എളുപ്പത്തില്‍ ദഹിക്കാത്ത ഭക്ഷണം അത്താഴമായി കഴിച്ചാല്‍ അത് ഉറക്കത്തെയും പ്രതികൂലമായി ബാധിക്കും.
ചപ്പാത്തിയോ മറ്റു ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങളോ കഴിച്ചയുടനെ പോയി കിടക്കുന്നത് നല്ലതല്ല. ചപ്പാത്തി നിർബന്ധമാണെങ്കിൽ, കിടക്കുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് കഴിക്കാനും ദഹനത്തിനായി ശരീരത്തിന് ആവശ്യമായ സമയം നൽകാനും ശീലിക്കുക.
തൈര്
രാത്രിയില്‍ തൈര് കഴിക്കുന്നത് നല്ലതെന്ന് ആയുര്‍വേദ വിധിയില്‍ പറയുന്നു. തൈര് കഫം, പിത്തം എന്നിവ വർധിക്കാൻ കാരണമാവും. പകരം മോര് ഉപയോഗിക്കാവുന്നതാണ്.
മൈദ
മൈദ കൊണ്ടുള്ള പദാർത്ഥങ്ങളും രാത്രി കഴിയുന്നതും കഴിക്കരുത്. ഗോതമ്പിനെ പോലെ തന്നെ ഇവയും ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ
മധുരമുള്ള ഭക്ഷണം കട്ടിയായതും ദഹിക്കാൻ പ്രയാസമുള്ളതുമാണ്. ഇവ കഫം വർദ്ധിപ്പിക്കാനും കാരണമാവും.
വെജിറ്റബിൾ സലാഡുകൾ
പച്ചക്കറികൾ കൊണ്ടുള്ള സലാഡുകൾ തണുത്തതും വരണ്ടതുമാണ്. ഇവ വാത ദോഷങ്ങൾക്ക് കാരണമാവും. പകരം ഇവ വേവിച്ചു കഴിക്കാം.
“നമ്മുടെ ദഹനാഗ്നി രാത്രിയിൽ ഏറ്റവും താഴ്ന്നതാണ്. ഭക്ഷണം ദഹിക്കാതെ കിടക്കുന്നത് ശരീരത്തിൽ ആമത്വം (വിഷാംശം) അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം, അമിതവണ്ണം, പ്രമേഹം, ത്വക്ക് രോഗങ്ങൾ, കുടൽ പ്രശ്നങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയവയ്ക്ക് കാരണമാകുന്നു,” രേഖ കൂട്ടിച്ചേർക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.