ഹൃദയം നെഞ്ചിന്റെ ഇടതു ഭാഗത്താണ് സ്ഥിതി ചെയ്യുന്നതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ കൃത്യമായി പറഞ്ഞാൽ ഹൃദയം നെഞ്ചിന്റെ മധ്യഭാഗത്താണ്. ഹൃദയത്തിന്റെ പ്രധാന അറകളെല്ലാം ഇടതുവശത്തേക്ക് ചെരിഞ്ഞിരിക്കുകയാണ്. എന്നാൽ ഹൃദയം വലതുവശത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലോ? ലോകജനസംഖ്യയുടെ ഒരു ശതമാനത്തെ ബാധിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ രോഗാവസ്ഥയാണിതെന്നാണ് ഹെൽത്ത്‌ലൈൻ ഡോട് കോമിന്റെ അഭിപ്രായം.
ഡെക്‌സ്‌ട്രോകാർഡിയ എന്ന് വിളിക്കുന്ന അവസ്ഥയെ അസാധാരണമായി കണക്കാക്കുന്നു. ഡെക്സ്ട്രോകാർഡിയയുടെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും, ഇത് ജനിതകമോ വികാസപരമോ ആയ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
“സിറ്റസ് ഇൻവേഴ്‌സസ് എന്ന അവസ്ഥയിൽ ഡെക്‌സ്ട്രോകാർഡിയയും ഉണ്ടാകാം. ഇത് ശരീരത്തിന്റെ എതിർവശത്ത് ചില അവയവങ്ങളോ അല്ലെങ്കിൽ എല്ലാ അവയവങ്ങളും ഉണ്ടാകാം,” ബെംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ.അഭിജിത് കുൽക്കർണി പറയുന്നു. “നിങ്ങളുടെ ഹൃദയത്തിന് പുറമേ , നിങ്ങളുടെ കരൾ, പ്ലീഹ അല്ലെങ്കിൽ മറ്റ് അവയവങ്ങളും ശരീരത്തിന്റെ എതിർവശത്തോ മറുവശത്തോ സ്ഥിതിചെയ്യാം,” ഡോ കുൽക്കർണി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
എന്നിരുന്നാലും, ഡെക്‌സ്ട്രോകാർഡിയ ജീവന് ഭീഷണിയല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. “മൊത്തത്തിലുള്ള ഘടനാപരമായ അനുബന്ധങ്ങൾ പ്രാധാന്യമർഹിക്കുന്നില്ലെങ്കിൽ, അതൊരു പ്രശ്നമാകരുത്. എന്നാൽ മൊത്തത്തിലുള്ള രോഗനിർണയത്തിൽ അപകടസാധ്യതകൾ നിർണ്ണയിക്കാൻ രോഗിയുടെ റിപ്പോർട്ടുകളെക്കുറിച്ച് കൂടുതൽ വിശദമായ പഠനം ആവശ്യമാണ്,” ഡോ.കുൽക്കർണി പറഞ്ഞു.
ഡെക്‌സ്ട്രോകാർഡിയ ഉള്ള മിക്ക ആളുകളും സാധാരണ ജീവിതം നയിക്കുമ്പോഴും, ഈ അവസ്ഥ അമ്മയുടെ ഗർഭപാത്രത്തിലെ അസാധാരണമായ വികാസമായതിനാൽ, ഇത് “ ഒരു ചെറിയ ശതമാനം ഹൃദയ വൈകല്യങ്ങൾക്ക് കാരണമായേക്കാം,” നോയിഡ ശാരദാ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ശുഭേന്ദു മൊഹന്തി അഭിപ്രായപ്പെട്ടു.
രോഗലക്ഷണങ്ങൾ
ഡെക്‌സ്‌ട്രോകാർഡിയ സാധാരണയായി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല, മറ്റു രോഗാവസ്ഥയിൽ ഇവ ഹൃദയം, ശ്വാസകോശം, തുടങ്ങി മറ്റു അവയവങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഡെക്‌സ്‌ട്രോകാർഡിയയുടെ ലക്ഷണങ്ങളിൽ ശ്വാസതടസ്സം, നെഞ്ചുവേദന, ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ ഉൾപ്പെടാമെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡയറക്ടർ ഡോ.നിഷിത് ചന്ദ്ര പറഞ്ഞു.
ഡെക്‌സ്‌ട്രോകാർഡിയ രോഗാവസ്ഥയിലുള്ളവർക്ക് മറ്റു അവയവങ്ങളിലും ചെറിയ വൈകല്യങ്ങൾ ഉണ്ടാകാം. “അതിനാൽ, ഈ രോഗാവസ്ഥയുള്ള ഏതൊരാളും അത്തരം അസാധാരണതകൾ ഒഴിവാക്കാൻ പൂർണ്ണമായ വിലയിരുത്തലിന് വിധേയരാകേണ്ടതുണ്ട്,” ഡോ.മൊഹന്തി പറഞ്ഞു.
പ്രതിരോധം
ഡെക്‌സ്‌ട്രോകാർഡിയയ്‌ക്ക് പ്രത്യേക പ്രതിരോധമൊന്നുമില്ലെന്ന് ഊന്നിപ്പറഞ്ഞ ഡോ.ചന്ദ്ര, ആജീവനാന്ത രോഗാവസ്ഥ എന്ന നിലയിൽ ഇതിന് തുടർച്ചയായ നിരീക്ഷണവും പരിപാലനവും ആവശ്യമായി വന്നേക്കാം.
“ഡെക്‌സ്‌ട്രോകാർഡിയയ്‌ക്കുള്ള ചികിത്സ രോഗാവസ്ഥയുടെ തീവ്രതയെയും ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അതിനെയും ആശ്രയിച്ചിരിക്കുന്നു. ചില സന്ദർഭങ്ങളിൽ, ചികിത്സ ആവശ്യമില്ല. എന്നിരുന്നാലും, ഹൃദ്രോഗമോ ഹൃദയസ്തംഭനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ, മരുന്നുകളോ ജീവിതശൈലി മാറ്റങ്ങളോ ശസ്ത്രക്രിയയോ നിർദേശിക്കാം,” ഡോ.ചന്ദ്ര ഇന്ത്യൻ എക്സപ്രസ്.കോമിനോട് പറഞ്ഞു.