/indian-express-malayalam/media/media_files/uploads/2023/01/sleep.jpg)
പ്രതീകാത്മക ചിത്രം
മൊത്തത്തിലുള്ള ക്ഷേമത്തിനും ശരീര ആരോഗ്യത്തിനും ഉറക്കം വളരെ പ്രധാനമാണ്. വൈജ്ഞാനിക പ്രവർത്തനം, മാനസിക ക്ഷേമം, ശാരീരിക ആരോഗ്യം എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ പലർക്കും, സ്വസ്ഥമായ ഉറക്കം കിട്ടാറില്ല. ചില വ്യക്തികൾക്ക് തുടർച്ചയായി ദിവസങ്ങളോളം ഉറക്കം ലഭിക്കാറില്ല. ഇത് അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. തുടർച്ചയായി മൂന്ന് ദിവസം ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
''മൂന്ന് ദിവസം ഉറക്കം ലഭിക്കാത്തത് ഒരു വ്യക്തിയുടെ ആരോഗ്യത്തിലും ശരീരത്തിലും വലിയ മാറ്റങ്ങൾ വരുത്തുകയും അതുപോലെ തന്നെ നിരവധി ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഉറക്കക്കുറവ് ഹ്രസ്വകാലവും ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതൊരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും പല തരത്തിൽ ബാധിക്കുന്നു,'' ഗുരുഗ്രാം ആർട്ടെമിസ് ഹോസ്പിറ്റലിലെ ന്യൂറോ ഇന്റർവെൻഷണൽ സർജറി മേധാവിയും സ്ട്രോക്ക് യൂണിറ്റ് കോ-ചീഫുമായ ഡോ.വിപുൽ ഗുപ്ത പറഞ്ഞു.
ഉറക്കമില്ലായ്മയുടെ ആഘാതം മിക്ക വ്യക്തികളിലും 24 മണിക്കൂറിനുള്ളിൽ പ്രകടമാകുമെന്ന് അപ്പോളോ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ.സുരേഷ് രാമസുബ്ബൻ പറഞ്ഞു. എന്നാൽ, ഒരാൾ തുടർച്ചയായി 72 മണിക്കൂറോ മൂന്ന് ദിവസമോ ഉറങ്ങാതിരുന്നാൽ ക്ഷീണത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ തീവ്രമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്രയും നേരം ഉണർന്നിരിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലും വൈജ്ഞാനിക കഴിവുകളിലും ആഴത്തിൽ സ്വാധീനം ചെലുത്തും. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഇടയിൽ ഉറക്കമില്ലായ്മ വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. പലരും അതിന്റെ അനന്തരഫലങ്ങൾ നേരിടുന്നുണ്ട്. ഡോക്‌ടർമാരായ ഞങ്ങൾക്കുപോലും 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നതിൽ നിന്ന് നിയന്ത്രണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമിതമായ ക്ഷീണം, മൾട്ടിടാസ്കിങ്ങിലെ ബുദ്ധിമുട്ട്, വിഷാദരോഗം, പരസ്പര ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ ഈ ഉറക്കമില്ലായ്മയുടെ ഫലമായുണ്ടാകുന്നവയിൽ ചിലതാണ്. ''വിട്ടുമാറാത്ത ഉറക്കക്കുറവ് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിയണം. ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ്,'' ോ.രാമസുബ്ബൻ പറഞ്ഞു.
മോശം ഉറക്കം ഓർമ്മിക്കാനുള്ള നമ്മുടെ കഴിവിനെ തകരാറിലാക്കും. ഇത് ദൈനംദിന ജോലിയെ പ്രതികൂലമായി ബാധിക്കുന്ന മാനസികാവസ്ഥ, ദേഷ്യം എന്നിവയിലേക്ക് നയിച്ചേക്കാം. ഉറക്കക്കുറവ് നീണ്ടുനിൽക്കുന്നത് ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജീവിക്കാൻ ഭക്ഷണവും ഓക്സിജനും പോലെ ഉറക്കവും തലച്ചോറിന് അത്യന്താപേക്ഷിതമാണെന്ന് നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ.കപിൽ സിംഗാൾ പറഞ്ഞു.
ഒരാൾക്ക് 2-3 ദിവസം തുടർച്ചയായി ഉറങ്ങാൻ കഴിയാത്തതിന് വിവിധ കാരണങ്ങളുണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ അല്ലെങ്കിൽ ഉറക്ക തകരാറുകൾ പോലുള്ള മെഡിക്കൽ അവസ്ഥകൾ മൂലമാകാം. സമ്മർദം, ജോലി അല്ലെങ്കിൽ പഠന ആവശ്യങ്ങൾ, അനാരോഗ്യകരമായ ഉറക്ക ശീലങ്ങൾ തുടങ്ങിയ ബാഹ്യ ഘടകങ്ങളും നീണ്ട ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. കാരണം എന്തുതന്നെയായാലും, തുടർച്ചയായി മൂന്ന് ദിവസം ഉറങ്ങാതെ പോകുന്നത് അപകടകരമാണ്.
ഒരു വ്യക്തിക്ക് ദീർഘനാൾ ഉറക്കം നഷ്ടപ്പെടുകയാണെങ്കിൽ, കഫീൻ, ചായ തുടങ്ങിയ ഉത്തേജകങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ.സിംഗൽ അഭിപ്രായപ്പെട്ടു. ലഘുവ്യായാമങ്ങളും ധ്യാനം പോലുള്ള മനസിന് ആശ്വാസം നൽകുന്ന രീതികളും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.