ഒരു ജനപ്രിയ ഭക്ഷണ പദാർത്ഥമാണ് സ്‌പിനച്ച്. ദൈനംദിന ഭക്ഷണത്തിൽ ഈ ഇലക്കറി ഉൾപ്പെടുത്തണമെന്ന് ഡയറ്റീഷ്യൻ നിർദേശിക്കാറുണ്ട്. ആരോഗ്യപരമായ ഗുണങ്ങളാൽ നിറഞ്ഞതാണിത്. സ്‌പിനച്ച് പതിവായി കഴിക്കുന്നത് ഇരുമ്പിന്റെ അംശം, പ്രോട്ടീൻ, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കും.
എന്നാൽ, ദിവസവും സ്‌പിനച്ച് കഴിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പരിമിതമായ അളവിൽ ഇലക്കറികൾ ദിവസവും കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ ഗരിമ ഗോയൽ പറഞ്ഞു.
ദിവസേന ആവശ്യമായ വിറ്റാമിനുകൾ
സ്‌പിനച്ചിൽ ഫോളേറ്റ് പോലെയുള്ള അവശ്യ ബി-കോംപ്ലക്സ് വിറ്റാമിനുകളും വിറ്റാമിനുകൾ എ, സി, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പാത്രം സ്‌പിനച്ച് കഴിക്കുന്നത് ദൈനംദിന വിറ്റാമിനുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. വിറ്റാമിൻ സിയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ സുഖപ്പെടുത്തുകയും അകാല വാർധക്യം തടയുകയും ചെയ്യും. വിറ്റാമിൻ എ ശക്തമായ പ്രതിരോധശേഷി ഉറപ്പുനൽകുന്നു, കൂടാതെ അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി പ്രവർത്തനം വീക്കം കുറയ്ക്കുകയും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
എല്ലുകളുടെയും പേശികളുടെയും ആരോഗ്യം
കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടമായ സ്‌പിനച്ച് ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിക്കും. കൊളാജൻ രൂപീകരണം കാരണം പേശികളുടെ ആരോഗ്യത്തിനും സഹായകമാകുമെന്ന് ഗോയൽ അഭിപ്രായപ്പെട്ടു.
ഹൃദയാരോഗ്യം
ഇരുമ്പിന്റെ അംശം ഹീമോഗ്ലോബിന്റെ അളവ് ഉയർത്തി അനീമിയ തടയാൻ സഹായിക്കുന്നു. സ്‌പിനച്ചിൽ നൈട്രിക് ഓക്സൈഡും അടങ്ങിയിട്ടുണ്ട്.
ഷുഗർ നിയന്ത്രിക്കുന്നു
സ്‌പിനച്ചിൽ നാരുകളും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നാരുകൾ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
ദിവസവും സ്‌പിനച്ച് കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ ഇവയാണെങ്കിലും, അമിതമായി കഴിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. സിങ്ക്, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ ഓക്സാലിക് ആസിഡ് തടസ്സപ്പെടുത്തുകയും വൃക്കയിൽ കല്ല് രൂപപ്പെടാൻ പോലും കാരണമാകുകയും ചെയ്യുമെന്ന് ഡയറ്റീഷ്യൻ മുന്നറിയിപ്പ് നൽകി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹം, ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന 5 ആരോഗ്യകരമായ ഭക്ഷണങ്ങൾ