അതിരാവിലെ ഒരു കപ്പ് കട്ടൻ ചായ കുടിക്കാതെ കിടക്കയിൽനിന്നും എഴുന്നേൽക്കാൻ മടിയുള്ളവരാണോ നിങ്ങൾ?. എന്നാൽ, ഈ ശീലം നല്ലതല്ല. നിങ്ങൾ സ്വയം ശരീരത്തെ അപകടാവസ്ഥയിലേക്ക് നയിക്കുകയാണ്. ദിവസം മുഴുവൻ ഊർജം കിട്ടാനായാണ് പലരും അതിരാവിലെ വെറുംവയറ്റിൽ കട്ടൻ ചായ കുടിക്കുന്നത്. എന്നാൽ, ഈ ശീലത്തോട് ‘നോ’ പറയണം.
വെറും വയറ്റിൽ കട്ടൻ ചായ കുടിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിന് പല ദോഷവശങ്ങളുമുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേട് ഉണ്ടാക്കുന്നു
കട്ടൻ ചായ അല്ലെങ്കിൽ കോഫി അസിഡിറ്റി സ്വഭാവമുള്ളതാണ്. വെറും വയറ്റിൽ ഇവ കുടിക്കുന്നത് ശരീരത്തിന്റെ ആസിഡ്-ബേസിക് ബാലൻസിനെ തടസപ്പെടുത്തും. ഈ തടസം അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേടിലേക്ക് നയിച്ചേക്കാം.
നിർജ്ജലീകരണത്തിന് ഇടയാക്കാം
കട്ടൻ ചായയിൽ തിയോഫിലിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തം നിർജലീകരണത്തിന് കാരണമാകുന്നു.
മലബന്ധം
തിയോഫിലിൻ എന്ന സംയുക്തം നിർജലീകരണത്തിന് കാരണമാകുന്നു, പിന്നീട് ഇത് മലബന്ധത്തിലേക്ക് നയിക്കുന്നു.
പല്ലിന്റെ ഇനാമലിന്റെ ദ്രവിക്കലിന് കാരണമാകുന്നു
ബ്ലാക്ക് ടീ അസിഡിറ്റി ഉള്ളതാണ്. രാവിലെ ആദ്യം കട്ടൻ ചായയോ കാപ്പിയോ കുടിക്കുമ്പോൾ വായിലെ ആസിഡിന്റെ അളവ് വർധിക്കും. ഇത് പല്ലിന്റെ ഇനാമലിന്റെ ദ്രവിക്കലിനും മറ്റ് മോണ രോഗങ്ങൾക്കും കാരണമാകും.
വയർവീർക്കൽ
രാവിലെ ആദ്യം തന്നെ കട്ടൻ ചായ കുടിക്കുന്നത് വയർവീർക്കുന്നതിന് കാരണമാകും. കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ അസിഡിറ്റി ഉണ്ടാക്കുന്നതാണ് ഇതിന് കാരണം.
കട്ടൻ ചായ കുടിക്കുന്നതിനുള്ള അനുയോജ്യമായ സമയം?
ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം കട്ടൻ ചായ കുടിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുന്നവരാണ് നിങ്ങളെങ്കിൽ പഞ്ചസാര ഒഴിവാക്കുക. അതുപോലെ, പാൽ ചേർക്കുന്നതും ഒഴിവാക്കുക. പാൽ ചേർത്ത ചായ അതിരാവിലെ ആദ്യം തന്നെ കുടിക്കുന്നത് വയർ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.